തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി; ബസ്തറിലേത് ഏറ്റവുമധികം മരണം നടന്ന ഏറ്റുമുട്ടൽ

ബസ്തറിലേത് ഏറ്റവുമധികം മരണം നടന്ന ഏറ്റുമുട്ടൽ – Chhattisgarh | Maoist Encounter
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി; ബസ്തറിലേത് ഏറ്റവുമധികം മരണം നടന്ന ഏറ്റുമുട്ടൽ
ഓൺലൈൻ ഡെസ്ക്
Published: April 16 , 2024 10:48 PM IST
1 minute Read
നക്സൽ നേതാവ് ശങ്കർ റാവു, നക്സലുകളുമായുള്ള ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ (PTI Photos)
ആദ്യഘട്ട തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഛത്തിസ്ഗഢിലെ നക്സലുകൾക്ക് കനത്ത തിരിച്ചടിയേകി ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചത്. ഛത്തിസ്ഗഢിലെ കാംഗർ ജില്ലയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു ഏറ്റുമുട്ടൽ. കാംഗർ വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് (ഏപ്രിൽ 26) പോളിങ് ബൂത്തിൽ എത്തുകയെങ്കിലും നക്സൽ ബാധിത മേഖലയായ ബസ്തർ ആദ്യ ഘട്ടമായ ഏപ്രിൽ 19ന് വോട്ട് രേഖപ്പെടുത്തും. ബസ്തറിൽ മാത്രം 60,000ൽ അധികം സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് ബസ്തർ ഐജി പി.സുന്ദർരാജ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
∙ രഹസ്യ വിവരം, ഏറ്റുമുട്ടൽ‘‘രഹസ്യാന്വേഷണ വിവരം അനുസരിച്ച് ബിഎസ്എഫിന്റെയും ഡിആർഡിയുടെയും (ഡിസ്ട്രിക്ട് റിസർവ് ഗാർഡ്സ്) സംയുക്ത സംഘമാണ് ഏറ്റുമുട്ടൽ നടത്തിയത്. പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ സിപിഐ മാവോയിസ്റ്റ് സംഘാംഗങ്ങൾ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സംഘം ശക്തമായ തിരിച്ചടി നൽകി’’ – ബിഎസ്എഫ് വക്താവ് വ്യക്തമാക്കി. പ്രദേശത്ത് തിരച്ചിൽ നടത്തിയെന്നും 29 മാവോയിസ്റ്റുകളുടെ മൃതദേഹം ലഭിച്ചുവെന്നും ഐജി സുന്ദർരാജ് ഏറ്റുമുട്ടലിനുശേഷം അറിയിച്ചു. ‘‘വൻതോതിലുള്ള ആയുധശേഖരം പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ മൂന്നു ജവാൻമാർക്കു പരുക്കേറ്റു. അവർ അപകടനില തരണം ചെയ്തു. മികച്ച ചികിത്സ നൽകുന്നതിനായി ഇവരെ എയർലിഫ്റ്റ് ചെയ്തിരിക്കുകയാണ്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.
ബസ്തർ ഐജി പി. സുന്ദർരാജ് (Videograb: X/ANI)
ഛോട്ടെബെതിയ പൊലീസ് സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന ബിനാഗുണ്ടയുടെയും കൊറോണർ ഗ്രാമങ്ങളുടെയും ഇടയ്ക്കുള്ള ഹപാതോല വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ബസ്തറിലെ ഏറ്റവും അധികം മരണം നടന്ന ഏറ്റുമുട്ടൽ ഇതാണെന്ന് ഐജി സ്ഥിരീകരിച്ചു. ‘‘നാരായൺപുർ ജില്ലയിൽപ്പെടുന്ന അബുജ്മദ്, മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ല, വടക്കൻ ബസ്തർ എന്നീ മൂന്നു മേഖലകൾ ചേരുന്ന സ്ഥലത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. മുതിർന്ന നേതാക്കളായ ലളിത, ശങ്കർ റാവു, രാജു തുടങ്ങിയവർ സ്ഥലത്തുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഡിആർജിയും ബിഎസ്എഫും സ്ഥലത്തേക്കു തിരിച്ചത്’’ – സുന്ദർരാജ് വ്യക്തമാക്കി.
∙ ബോംബ്‌വർഷമെന്ന് സിപിഐ (മാവോയിസ്റ്റ്)ബസ്തർ മേഖലയിൽ മാത്രം സുരക്ഷാ സേനയുമായി ഈ ജനുവരി മുതൽ ഇന്നുവരെ വിവിധ ഏറ്റുമുട്ടലുകളിലായി ആകെ 79 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷത്തിൽ ജനുവരി മുതൽ 17 സാധാരണക്കാരുടെയും ആറ് സുരക്ഷാ സേനാംഗങ്ങളുടെയും ജീവൻ പൊലിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച സുക്മ ജില്ലയിലെ ആദിവാസി മേഖലകളിൽ ബോംബ് വർഷിച്ചിരുന്നുവെന്ന് സിപിഐ (മാവോയിസ്റ്റ്) ഞായറാഴ്ച ആരോപിച്ചിരുന്നു. മേഖലയിലെ ആദിവാസികൾക്ക് പരുക്കേറ്റിരുന്നു. സമീപ വനത്തിലെ മൃഗങ്ങളെയും ഈ ബോംബാക്രമണം കൊലപ്പെടുത്തിയെന്നുമായിരുന്നു അവരുടെ ആരോപണം. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ആദിവാസികൾക്കെതിരെ യുദ്ധം നടത്തുകയാണെന്നും അവരുടെ ഭൂമി പ്രകൃതി വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് ചൂഷണം ചെയ്യാൻ വിട്ടുകൊടുക്കുകയാണെന്നുമാണ് സിപിഐ (മാവോയിസ്റ്റ്) ആരോപിക്കുന്നു.
English Summary:
29 Maoists Killed in Intense Bastar Encounter Ahead of Chhattisgarh Elections
5u834iofvseb7kcf6sotm7o5o0 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-chhattisgarh mo-crime-maoist-encounter mo-politics-elections-loksabhaelections2024
Source link