മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ 2022 ഒക്ടോബർ അഞ്ചിന് ലെവർകൂസൻ പരിശീലകനായി സാബി അലോണ്‍സോയെ നിയമിക്കുന്നത്. സ്പാനിഷ് ക്ലബ് റയൽ സോസിദാദ് ബി ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നാണ് വലിയ ടീമിന്റെ പരിശീലകനായി അലോൻസോ നിയമിതനാകുന്നത്. സാബി എത്തുന്പോൾ എട്ട് ബുണ്ടസ്ലീഗ മത്സരങ്ങൾ കഴിഞ്ഞിരുന്നു. ടീം 33-ാം സ്ഥാനത്തായി തരംതാഴ്ത്തൽ ഉറ്റുനോക്കുന്ന അവസ്ഥയിലും. 1979നുശേഷം ക്ലബ്ബിന്റെ ഏറ്റവം മോശം തുടക്കം. ഷാല്‍ക്കെയെ 4-0ന് പരാജയപ്പെടുത്തി അലോൻസോ തുടക്കമിട്ടു. ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തായ ലെവർകൂസൻ പ്ലേ ഓഫിലൂടെ യൂറോപ്പ ലീഗിലെത്തി. തുടർന്ന് 21 വർഷത്തിനുശേഷം യൂറോപ്പയിലൂടെ ആദ്യമായി യൂറോപ്യൻ ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ബുണ്ടസ് ലീഗ് സീസണ് കഴിഞ്ഞപ്പോൾ ആറാം സ്ഥാനത്തും എത്തി. ഈ സീസണിൽ ബയേർ ലെവർകുസൻ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 43 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് ലെവർകുസൻ. വന്പൻ താരങ്ങൾ ഇല്ലാതെ ടീം വർക്കിന്റെയും പോസിറ്റീവ് ഫുട്ബോളിന്റെയും പിൻബലത്തിലാണ് സാബി അലോണ്‍സോ അത്ഭുതങ്ങൾ തീർത്തത്. ചാന്പ്യൻ ടീം തയാറാകുന്നു 2022-23 സീസണിൽ തരംതാഴ്ത്തലിൽനിന്ന് ആറാം സ്ഥാനത്തെത്തിച്ചപ്പോൾ അലോൻസോയ്ക്ക് തനിക്കു വേണ്ട ടീമിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായി. നിരവധി ഭാവി വാഗ്ദാനങ്ങളുള്ള ടീമിലേക്കു പരിചയസന്പന്നരും വേണമെന്ന് മുൻ ലോക ചാന്പ്യൻ തീരുമാനിച്ചു. ആഴ്സണലിൽനിന്നെത്തിയ ഗ്രാനിത് ജാക്കയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഹൊഫെൻഹൈമിൽനിന്നു ഫ്രീ ട്രാൻസ്ഫറിലെത്തിയ വിംഗർ ജോനസ് ഹോഫ്മാനെയും ബെൻഫിക്കയിൽ ഏഴു സീസണിൽ കളിച്ച് ട്രോഫികൾ നേടിയിട്ടുള്ള അലജാൻഡ്രോ ഗ്രിമാൽഡോയെയും സ്വന്തമാക്കി. ടീമിന്റെ ഘടനയെക്കുറിച്ച് പഠിച്ച് അലോൻസോ കുറവുണ്ടായിരുന്ന നന്പർ 9 സ്ഥാനത്തേക്ക് ബെൽജിയൻ ക്ലബ് യൂണിയൻ സെന്റ് ഗില്ലോയിസിൽനിന്ന് വിക്ടർ ബോണിഫേസിനെയുമെത്തിച്ചു. പുതിയ കളിക്കാർക്കായി 97 മില്യൻ ഡോളറാണ് ലെവർകൂസൻ ചെലവഴിച്ചത്. പ്രതിരോധക്കാരായ ഗ്രിമാൽഡോയും ജോനാഥൻ തായും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്‍പത് ഗോൾ നേടിയ ഗ്രിമാൽഡോ 12 അസിസ്റ്റും നടത്തി. അലോൻസോയുടെ 3-4-2-1 ശൈലിക്കു ചേർന്ന സ്ട്രൈക്കറായിരുന്നു ബോണിഫേസ്. ഡിസംബറിൽ പരിക്കേൽക്കുന്നതുവരെ താരം 24 ഗോളുകളിൽ പങ്കാളിയായി. 16 എണ്ണം തനിയെ സ്കോർ ചെയ്തു. ബോണിഫേസിന്റെ പരിക്ക് ടീമിനെ ബാധിച്ചില്ല. അമിനെ അദ് ലിയുടെ ഗോളടിയിൽ വിജയം തുടർന്നു. “കോച്ചിന് ഒരു ആശയമുണ്ട്, കളിക്കാർ അവനെ വിശ്വസിക്കണം. അതുകൊണ്ടാണ് തന്ത്രങ്ങൾക്ക് മുന്‍പ് മനുഷ്യബന്ധങ്ങൾ വരുന്നത് ”-അലോൻസോ പറയുന്നു.
Source link