ഇറാന്റെ ആക്രമണം: ഇസ്രയേലിനെ അനുനയിപ്പിച്ച് സഖ്യകക്ഷികൾ
ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിനു പ്രതികാരമായി സംഘർഷം വർധിപ്പിക്കുന്ന നടപടികളിൽനിന്നു വിട്ടുനിൽക്കണമെന്ന് ഇസ്രയേലിനോട് നിർദേശിച്ച് പാശ്ചാത്യശക്തികൾ. ഇറാനു തിരിച്ചടി നല്കാനൊരുങ്ങിയ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് പ്രസിഡന്റ് ബൈഡന്റെ ഉപദേശം മാനിച്ച് പിന്തിരിയുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ശനിയാഴ്ച രാത്രി ഇസ്രയേലിലേക്ക് ഇറാൻ തൊടുത്ത മുന്നൂറിലധികം ആയുധങ്ങളുടെ 99 ശതമാനവും ഇസ്രയേലും സഖ്യകക്ഷികളും ചേർന്നു വെടിവച്ചിട്ടു. നെവാതിം വ്യോമതാവളത്തിൽ നിസാര കേടുപാട് ഉണ്ടാവുകയും ഒരു പെൺകുട്ടിക്കു പരിക്കേൽക്കുകയും ചെയ്തതൊഴിച്ചാൽ ഇസ്രേലി ഭാഗത്ത് നാശനഷ്ടമോ പരിക്കോ ഇല്ല. ഇസ്രയേൽ ഏപ്രിൽ ഒന്നിനു സിറിയയിലെ ഇറേനിയൻ എംബസി ആക്രമിച്ച് ഉയർന്ന സൈനിക കമാൻഡർമാർ അടക്കം 13 പേരെ വധിച്ചതിനുള്ള പ്രതികാരമാണ് ഇറാൻ നടത്തിയത്. 170 ഡ്രോണുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ, 30 ക്രൂസ് മിസൈലുകൾ എന്നിവയാണ് ഇസ്രയേലിനു നേർക്ക് തൊടുത്തത്. ഇസ്രയേലിന്റെ ആരോ, ഡേവിഡ് സ്ലിംഗ് വ്യോമപ്രതിരോധ സംവിധാനങ്ങളും വ്യോമസേനയും യുഎസ്, ബ്രിട്ടീഷ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും ചേർന്ന് ഇവയെ വെടിവച്ചിടുകയായിരുന്നു. സൗദിയും സഹായിച്ചു സൗദിയും യുഎഇയും അടക്കമുള്ള അറബ് രാജ്യങ്ങൾ അമേരിക്കയ്ക്കു നല്കിയ ഇന്റലിജൻസ് വിവരങ്ങളാണ് ഇറേനിയൻ ആക്രമണം ഫലപ്രദമായി ചെറുക്കാൻ സഹായിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നു ആക്രമണമെന്നും രണ്ട് ഇസ്രേലി സൈനിക താവളങ്ങൾ നശിപ്പിച്ചെന്നും ഇറാൻ അവകാശപ്പെട്ടു. ഇസ്രയേലിനു മതിയായ ശിക്ഷ കൊടുത്ത പശ്ചാത്തലത്തിൽ ഇനി കൂടുതൽ സൈനിക നടപടിക്കില്ലെന്നും കൂട്ടിച്ചേർത്തു. ഇറേനിയൻ ജനത തെരുവുകളിൽ ആഹ്ലാദപ്രകടനം നടത്തി. അമേരിക്കയുടെ പിന്തുണയില്ല ഇറാന്റെ ആക്രമണത്തിനു പിന്നാലെ ഇസ്രേലി സേന പ്രധാനമന്ത്രി നെതന്യാഹുവിനു മുന്നിൽ തിരിച്ചടിക്കുള്ള പദ്ധതികൾ അവതരിപ്പിച്ചു. യുദ്ധകാല മന്ത്രിസഭ പദ്ധതികൾ ചർച്ച ചെയ്തു. ഇറാന് ഉടൻ തിരിച്ചടി നല്കണമെന്നാണു മന്ത്രിസഭയിലെ ചിലർ ആവശ്യപ്പെട്ടത്. പക്ഷേ സംയമനം പാലിക്കാനാണു നെതന്യാഹു തീരുമാനിച്ചത്. യുഎസ് പ്രസിഡന്റ് ബൈഡന്റെ നിർദേശപ്രകാരമാണു നെതന്യാഹു തിരിച്ചടി വേണ്ടെന്നുവച്ചതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ഇറേനിയൻ ആക്രമണത്തിനു പിന്നാലെ ബൈഡൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ട ഇസ്രയേൽ ജയിക്കുകയാണുണ്ടായതെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി.
സംഘർഷം വ്യാപിക്കാതിരിക്കാൻ ഇസ്രയേൽ സംയമനം പാലിക്കണം. ഇസ്രയേൽ പ്രതികാരത്തിനു മുതിർന്നാൽ അമേരിക്ക അതിൽ പങ്കുചേരില്ലെന്നും ബൈഡൻ വ്യക്തമാക്കി. ഇറാനു തിരിച്ചടി നല്കാൻ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും സംയമനം പാലിക്കണമെന്നു ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോൺ ആവശ്യപ്പെട്ടു. ജർമൻ, ഫ്രഞ്ച് നേതൃത്വവും ഇതേ രീതിയിലാണു പ്രതികരിച്ചത്. നാശമില്ല ഇറേനിയൻ മിസൈലുകൾ പതിച്ച നെവാതിം വ്യോമതാവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടില്ലെന്ന് ഇസ്രേലി സേന അറിയിച്ചു. യുദ്ധവിമാനങ്ങൾ താവളത്തിൽ പറക്കുകയും ഇറങ്ങുകയും ചെയ്യുന്നു. ഇറാൻ തൊടുത്ത മുന്നൂറിലധികം ആയുധങ്ങളിൽ ഒന്പതു ബാലിസ്റ്റിക് മിസൈലുകൾ മാത്രമാണ് ഇസ്രയേലിന്റെ പ്രതിരോധകവചം ഭേദിച്ചത്. അഞ്ചെണ്ണം നെവാതിം വ്യോമസേനാ താവളത്തിലും നാലെണ്ണം നെഗവ് വ്യോമസേനാ താവളത്തിലും പതിച്ചു. നെവാതിം വ്യോമതാവളത്തിലെ റൺവേയ്ക്കും ചരക്കുവിമാനത്തിനും കേടുപാടുണ്ടായി. നാലു മിസൈലുകൾ പതിച്ച നെഗവ് വ്യോമതാവളത്തിൽ കാര്യമായ നാശം ഉണ്ടായില്ല. ആക്രമണം തടയാൻ ചെലവ് 130 കോടി ഇറാന്റെ ആക്രമണം പ്രതിരോധിക്കുന്നതിന് ഇസ്രയേലിനുണ്ടായ ചെലവ് 130 കോടി ഡോളർ. വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ മിസൈലുകൾ, വിമാന ഇന്ധനം തുടങ്ങിയവ ഉൾപ്പെടെയാണ് ഈ ചെലവെന്ന് ഇസ്രേലി സൈനികവൃത്തങ്ങൾ പറഞ്ഞു. അതേസമയം അമേരിക്കയും ബ്രിട്ടനുമടക്കമുള്ള സഖ്യകക്ഷികൾക്കുണ്ടായ ചെലവ് ഇതിൽ ഉൾപ്പെടുന്നില്ല. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളായ ആരോയിലെ ഒരു യൂണിറ്റിന് 35 ലക്ഷവും ഡേവിഡ് സ്ലിംഗിന്റെ യൂണിറ്റിന് 10 ലക്ഷവും ഡോളറാണു വില. പ്രതിരോധത്തിന് ഇസ്രയേൽ മുടക്കിയ തുകയുടെ പത്തിലൊന്നുപോലും ആക്രമണത്തിന് ഇറാനു ചെലവായിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. മുന്നറിയിപ്പുമായി യുഎൻ സംയമനം പാലിച്ചില്ലെങ്കിൽ പശ്ചിമേഷ്യ മുഴുവൻ യുദ്ധത്തിന്റെ പിടിയിലാകുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് മുന്നറിയിപ്പു നല്കി. ഇറാൻ ഇസ്രയേലിൽ നടത്തിയ ആക്രമണത്തെയും ഡമാസ്കസിലെ ഇറേനിയൻ നയതന്ത്രകാര്യാലയത്തിനു നേർക്ക് ഈ മാസമാദ്യമുണ്ടായ ആക്രമണത്തെയും ഗുട്ടെരസ് അപലപിച്ചു. 33,000ത്തിലധികം പേർ കൊല്ലപ്പെട്ട ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും അദ്ദേഹം അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
Source link