ബിഹാറിൽ നാലിടത്ത് ത്രികോണ മത്സരം; എൻഡിഎ മുന്നണിക്ക് തിരിച്ചടിയായി സിനിമാതാരം പവൻ സിങ്

ബിഹാറിൽ നാലിടത്ത് ത്രികോണ മത്സരം- Bihar Lok Sabha Election | Manorama Online News
ബിഹാറിൽ നാലിടത്ത് ത്രികോണ മത്സരം; എൻഡിഎ മുന്നണിക്ക് തിരിച്ചടിയായി സിനിമാതാരം പവൻ സിങ്
മനോരമ ലേഖകൻ
Published: April 15 , 2024 06:05 PM IST
Updated: April 15, 2024 10:33 PM IST
1 minute Read
Photo by Sanjay KANOJIA / AFP
പട്ന ∙ ബിഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിൽ നാലിടത്തു ത്രികോണ മത്സരം. ഇതിൽ പുർണിയ, കിഷൻഗഞ്ച്, സിവാൻ മണ്ഡലങ്ങളിൽ ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്ന സാഹചര്യം ഇന്ത്യാസഖ്യ സ്ഥാനാർഥികൾക്കു വെല്ലുവിളിയാണ്. കാരാക്കട്ട് മണ്ഡലത്തിൽ ഭോജ്പുരി സിനിമാ താരം പവൻ സിങ് സ്വതന്ത്രനായെത്തിയത് എൻഡിഎ സ്ഥാനാർഥിക്കും തിരിച്ചടിയാകും.
ബിഹാറിൽ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങൾ:∙ കാരാക്കട്ട്: എൻഡിഎ സ്ഥാനാർഥിയായി രാഷ്ട്രീയ ലോക് മഞ്ച് നേതാവ് ഉപേന്ദ്ര ഖുശ്വാഹയും ഇന്ത്യാസഖ്യ സ്ഥാനാർഥിയായി സിപിഐ– എംഎൽ (ലിബറേഷൻ) നേതാവ് രാജാറാം സിങും ഏറ്റുമുട്ടുന്ന കാരാക്കട്ടിൽ അപ്രതീക്ഷിതമായാണ് ഭോജ്പുരി താരം പവൻ സിങ്ങിന്റെ രംഗപ്രവേശം. ബംഗാളിലെ അസൻസോൾ മണ്ഡലത്തിലേക്ക് ബിജെപി നൽകിയ ടിക്കറ്റ് നിരാകരിച്ചാണ് കാരാക്കട്ട് മണ്ഡലത്തിൽ പവൻ സ്വതന്ത്രനായെത്തിയത്.
അസൻസോളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയും ബോളിവുഡ് താരവുമായ ശത്രുഘ്നൻ സിൻഹയ്ക്ക് എതിരെ മത്സരിക്കാനായിരുന്നു പവനോട് ബിജെപി ആവശ്യപ്പെട്ടത്. ബിഹാറിലെ ആറാ മണ്ഡലം പവൻ ചോദിച്ചെങ്കിലും ബിജെപി വഴങ്ങിയില്ല. രജപുത്ര സമുദായക്കാരനായ പവന്റെ സാന്നിധ്യം എൻഡിഎയുടെ മുന്നാക്ക സമുദായ വോട്ടുകൾ ഭിന്നിക്കാനിടയാക്കും. ഇരുമുന്നണികളുടെയും സ്ഥാനാർഥികൾ ഖുശ്വാഹ സമുദായക്കാരാണ്.
∙ കിഷൻഗഞ്ച്: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ എൻഡിഎ പരാജയപ്പെട്ട ഏക മണ്ഡലം. കോൺഗ്രസിന്റെ സിറ്റിങ് എംപി മുഹമ്മദ് ജാവേദും ജനതാദൾ (യു) സ്ഥാനാർഥി മുജാഹിദ് ആലമുമാണു മുന്നണി സ്ഥാനാർഥികൾ. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം സ്ഥാനാർഥിയായി അക്തറുൽ ഇമാൻ രംഗത്തുള്ളത് ഇന്ത്യാസഖ്യത്തിനു വെല്ലുവിളിയാണ്. ബിഹാറിൽ എഐഎംഐഎം മത്സരിക്കുന്ന ഏക മണ്ഡലവും കിഷൻഗഞ്ചാണ്.
∙ പുർണിയ: അടുത്തിടെ കോൺഗ്രസിൽ ചേർന്ന പപ്പു യാദവ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത് ആർജെഡി സ്ഥാനാർഥി ബിമ ഭാരതിക്കു ഭീഷണിയായി. ആർജെഡി പ്രാദേശിക നേതാക്കളിൽ ചിലർ പപ്പു യാദവിനെ പിന്തുണച്ചു പ്രചരണത്തിനിറങ്ങിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ബിമ ഭാരതി ജനതാദൾ (യു) വിട്ട് ആർജെഡിയിലെത്തിയത്. ജനതാദളിന്റെ സിറ്റിങ് എംപി സന്തോഷ് ഖുശ്വാഹയാണ് ഇക്കുറിയും പുർണിയയിലെ എൻഡിഎ സ്ഥാനാർഥി.
∙ സിവാൻ: ആർജെഡി സ്ഥാനാർഥി അവധ് ബിഹാരി ചൗധരിയും ജനതാദൾ (യു) സ്ഥാനാർഥി വിജയലക്ഷ്മി ദേവിയും ഏറ്റുമുട്ടുന്ന സിവാനിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഹിന ഷഹാബ് രംഗത്തുള്ളത് ആർജെഡിക്കു തിരിച്ചടിയാണ്. ആർജെഡി വാഗ്ദാനം ചെയ്ത ടിക്കറ്റ് വേണ്ടെന്നു വച്ചാണ് ഹിന സ്വതന്ത്രയായി മത്സരിക്കുന്നത്. ആർജെഡിയുടെ ബാഹുബലി നേതാവായിരുന്ന ഷഹാബുദ്ദീന്റെ ഭാര്യയാണ് ഹിന. ഷഹാബുദ്ദീൻ നാലു തവണ വിജയിച്ച സിവാനിൽ കഴിഞ്ഞ രണ്ടു തവണ ഹിന ആർജെഡി സ്ഥാനാർഥിയായി മത്സരിച്ചു തോറ്റിരുന്നു.
English Summary:
Three-Cornered Electoral Showdown in Four Bihar Lok Sabha Constituencies
42p4kuvf4ou48a9k0tfb066j7g 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-bihar mo-politics-elections-loksabhaelections2024
Source link