200 കോടി രൂപ സംഭാവന നല്‍കി; സന്യാസത്തിന് ഗുജറാത്തി ദമ്പതികൾ – Gujarat Businessman Donate 200 Crore Wealth | Bhavesh Bhandari | Manorama Online News
ജീവിത സമ്പാദ്യമായ 200 കോടി രൂപ സംഭാവന നല്‍കി; സന്യാസത്തിന് ഗുജറാത്തി ദമ്പതികൾ
ഓൺലൈൻ ഡെസ്‌ക്
Published: April 15 , 2024 04:43 PM IST
Updated: April 15, 2024 07:37 PM IST
1 minute Read
സന്യാസത്തിനു മുന്നോടിയായി പണവും വിലപിടിച്ച വസ്തുക്കളും ജനങ്ങൾക്ക് സംഭാവന ചെയ്യുന്ന ഭവേഷ് ഭണ്ഡാരിയും ഭാര്യയും. Photo: @T_Investor_ / X
സൂറത്ത് ∙ ഗുജറാത്തില്‍ ജൈനവിഭാഗത്തില്‍പ്പെട്ട ദമ്പതിമാര്‍ ജീവിത സമ്പാദ്യമായ 200 കോടി രൂപ സംഭാവന നല്‍കിയശേഷം സന്യാസം സ്വീകരിക്കുന്നു. ഭവേഷ് ഭണ്ഡാരി എന്ന വ്യവസായിയും ഭാര്യയുമാണു ഫെബ്രുവരിയില്‍ നടന്ന ചടങ്ങില്‍ മുഴുവന്‍ സമ്പാദ്യവും ത്യജിച്ചത്. ഈ മാസം നടക്കുന്ന ചടങ്ങില്‍ ഇരുവരും സന്യാസം സ്വീകരിക്കും.
ഹിമ്മത്ത്‌നഗര്‍ സ്വദേശിയായ ഭവേഷിന്റെ 19 വയസ്സുകാരി മകളും 16 വയസ്സുകാരൻ മകനും 2022ല്‍ സന്യാസം സ്വീകരിച്ചിരുന്നു. ഇവരുടെ പാത പിന്തുടര്‍ന്നാണു മാതാപിതാക്കള്‍ സന്യാസവഴി തിരഞ്ഞെടുത്തത്. ഏപ്രില്‍ 22ന് നടക്കുന്ന ചടങ്ങില്‍ സന്യാസദീക്ഷ സ്വീകരിച്ചാല്‍ കുടുംബബന്ധങ്ങളും ത്യജിക്കും. ഭൗതികവസ്തുക്കള്‍ ഒന്നും സ്വന്തമാക്കി വയ്ക്കാനുമാവില്ല. തുടര്‍ന്നു നഗ്നപാദരായി രാജ്യമാകെ സഞ്ചരിക്കുന്ന ഇവര്‍ ഭിക്ഷാടനം നടത്തിയാണു ജീവിക്കുക. രണ്ടു വെളുത്ത വസ്ത്രങ്ങളും ഭിക്ഷാപാത്രവും മാത്രമാവും ഇവരുടെ യാത്രയില്‍ ഒപ്പമുണ്ടാകുക.
നാലു കിലോമീറ്ററോളം യാത്ര നടത്തിയാണു ഭണ്ഡാരി ദമ്പതിമാര്‍ തങ്ങളുടെ ഭൗതികവസ്തുക്കള്‍ എല്ലാം മറ്റുള്ളവര്‍ക്കു നല്‍കിയത്. മൊബൈല്‍ ഫോണും എസിയും മറ്റുപകരണങ്ങളും ഇത്തരത്തില്‍ നല്‍കി. രഥത്തില്‍ രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് ഇവര്‍ സഞ്ചരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. ദൗതികസുഖങ്ങള്‍ ത്യജിച്ച് ‘ദീക്ഷ’ സ്വീകരിക്കുന്നതു ജൈന വിഭാഗത്തില്‍ പതിവാണ്. കോടീശ്വരനായ വജ്രവ്യാപാരിയും ഭാര്യയും മകന്‍ സന്യാസം സ്വീകരിച്ചതിനു പിന്നാലെ അതേ വഴി തിരഞ്ഞെടുത്തതു കഴിഞ്ഞ വര്‍ഷമാണ്.
English Summary:
Gujarat Businessman, Wife Donate ₹ 200 Crore Wealth To Become Monks
5us8tqa2nb7vtrak5adp6dt14p-list 6u5qs47hvfovde2n9d5bcsf7nf 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-business-business-news mo-news-national-states-gujarat
Source link