ഇറാനെതിരായ തിരിച്ചടിയിൽ പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പ്; തീരുമാനമെടുക്കാനാകാതെ ഇസ്രയേൽ


ന്യൂയോര്‍ക്ക്/ ടെല്‍അവീവ്: ഇറാനെതിരായ തിരിച്ചടിയില്‍ ഇസ്രയേലിനൊപ്പം പങ്കെടുക്കില്ലെന്ന് യു.എസിന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണങ്ങളില്‍ ഒരുതരത്തിലും യു.എസ്. പങ്കെടുക്കില്ലെന്നാണ് വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അമേരിക്കയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെ ഇറാനെതിരേയുള്ള പ്രതികരണം എങ്ങനെയാകണമെന്നതില്‍ തീരുമാനമെടുക്കാതെ ഇസ്രയേലിന്റെ ‘വാര്‍ കാബിനറ്റ്’ യോഗം പിരിഞ്ഞു. ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ‘വാര്‍ കാബിനറ്റ്’ യാതൊരു തീരുമാനവും എടുക്കാതെ പിരിഞ്ഞത്. ഉടന്‍തന്നെ ഇതുസംബന്ധിച്ച് വീണ്ടും യോഗം ചേര്‍ന്നേക്കുമെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, ഇറാന്‍ നടത്തിയ ആക്രമണത്തിനെതിരേ തിരിച്ചടിയുണ്ടാകുമെന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രയേല്‍ ദിനപത്രമായ ‘ഇസ്രയേല്‍ ഹയോം’ റിപ്പോര്‍ട്ട് ചെയ്തത്. ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇസ്രയേല്‍ തിരിച്ചടിക്കുമെന്നത് വ്യക്തമാണെന്നും വിവിധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇറാനെതിരെ തിരിച്ചടി വേണമെന്നതിനെ ഇസ്രയേല്‍ വാര്‍ കാബിനറ്റ് അനുകൂലിച്ചെങ്കിലും ഇത് എങ്ങനെ വേണമെന്നതില്‍ അഭിപ്രായഭിന്നതയുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകളിലുണ്ട്.


Source link

Exit mobile version