ഇനിവരുമ്പോൾ തമിഴ് പേശും; തമിഴകത്ത് അമിത് ഷായുടെ വാഗ്ദാനം
ഇനിവരുമ്പോൾ തമിഴ് പേശും; തമിഴകത്ത് അമിത് ഷായുടെ വാഗ്ദാനം – Amit Shah campaign for BJP candidate Pon Radhakrishnan in Kanyakumari constituency | Malayalam News, India News | Manorama Online | Manorama News
ഇനിവരുമ്പോൾ തമിഴ് പേശും; തമിഴകത്ത് അമിത് ഷായുടെ വാഗ്ദാനം
എം.എ.അനൂജ്
Published: April 14 , 2024 04:39 AM IST
1 minute Read
തമിഴ് പാരമ്പര്യത്തെ വാഴ്ത്തി തക്കലയിൽ പ്രചാരണം
കന്യാകുമാരി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തക്കലയിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി അമിത് ഷാ പ്രവർത്തകർക്കുനേരെ പൂക്കൾ എറിയുന്നു. കന്യാകുമാരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പൊൻ രാധാകൃഷ്ണനും വിളവൻകോട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി വി.എസ്.നന്ദിനിയും സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
നാഗർകോവിൽ ∙ കന്യാകുമാരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പൊൻ രാധാകൃഷ്ണനുവേണ്ടി തക്കലയിൽ നടത്തിയ റോഡ് ഷോ അവസാനിച്ചപ്പോൾ അമിത് ഷാ പറഞ്ഞു– ‘മഹത്തായ തമിഴിൽ നിങ്ങളോടു സംസാരിക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ട്. പക്ഷേ, ഞാൻ ഉറപ്പുനൽകുന്നു; 3–4 വർഷത്തിനകം ഞാൻ ഇതേയിടത്തിൽ വന്ന് നിങ്ങളോടു തമിഴിൽ സംസാരിക്കും.’ പറഞ്ഞത് കുറിക്കു കൊണ്ടതിന്റെ പ്രതികരണമായി നിറഞ്ഞ കയ്യടി. തമിഴ് ഭാഷയും തമിഴ് സംസ്കാരം ലോകമെങ്ങും പ്രചരിപ്പിക്കാൻ മോദി സർക്കാർ ഏറെ കാര്യങ്ങൾ ചെയ്തെന്നും അമിത് ഷാ പറഞ്ഞു.
രാവിലെ 9നു റോഡ് ഷോ തുടങ്ങുമെന്ന് അറിയിച്ചിരുന്നതിനാൽ ഏഴു മണിയോടെ തക്കല പഴയ ബസ് സ്റ്റാൻഡ് മുതൽ മേട്ടുക്കട വരെ ഇടവഴികളെല്ലാം പൊലീസ് അടച്ചു. കടന്നുപോയ ഓരോരുത്തർക്കും മെറ്റൽ ഡിറ്റക്ടർ– ബോംബ് സ്ക്വാഡ് പരിശോധന. ഒരു കിലോമീറ്റർ നീളത്തിലെ പൊലീസ് ബാരിക്കേഡിന് ഇരുവശവും വെയിലും ദാഹവും മറന്ന് 5 മണിക്കൂറിലധികം പ്രവർത്തകർ കാത്തുനിന്നു.
12 മണി. പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ തുറന്ന വാഹനത്തിലേക്ക് അമിത് ഷാ കയറി. വലതുവശത്ത് പൊൻ രാധാകൃഷ്ണൻ. ഇടത്ത് വിളവൻകോട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി വി.എസ്.നന്ദിനി. മുന്നിലും ഇരുവശത്തും പുഷ്പവൃഷ്ടി. താമരച്ചിഹ്നം ഉയർത്തിക്കാട്ടി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഭാരത മാതാവിനും ശ്രീരാമനും ജയ് വിളിച്ച് അമിത് ഷായുടെ പ്രസംഗം. ഓരോ വാചകത്തിനും തമിഴ് പരിഭാഷ. ‘‘സനാതന ധർമത്തെയും അയോധ്യ ക്ഷേത്ര പ്രതിഷ്ഠയെയും ഇകഴ്ത്തി സംസാരിച്ച് ഡിഎംകെ നേതാക്കൾ കോടിക്കണക്കിനു തമിഴ് മക്കളുടെ മനസ്സ് വേദനിപ്പിച്ചു. പൊന്നാറിനു (പൊൻ രാധാകൃഷ്ണൻ) വോട്ട് ചെയ്ത് മോദിക്കു തുടർഭരണം നൽകണം.’ പൊന്നാറിന്റെ കൈ പിടിച്ചുയർത്തി ഷാ തുടർന്നു– ‘മോദിയെ തന്നെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കില്ലേ?’’ ‘‘ആക്കും…’ നിറഞ്ഞ ജനാവലിയുടെ മറുപടി.
ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രകാശനം
ന്യൂഡൽഹി ∙ ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടനപത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറത്തിറക്കും. പാർട്ടി ആസ്ഥാനത്ത് ഇന്നു രാവിലെ 8.30നാണു ചടങ്ങ്.
യുവജനങ്ങൾ, സ്ത്രീകൾ, കർഷകർ, ദരിദ്ര ജനവിഭാഗങ്ങൾ എന്നിവരെ ലക്ഷ്യമിട്ടുള്ളതാകും ‘വികസിത ഭാരതം’ എന്ന ആശയത്തിലൂന്നിയുള്ള പ്രകടനപത്രികയിലെ പ്രധാന നിർദേശങ്ങളെന്നാണു വിവരം. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി ജനങ്ങളിൽനിന്നുൾപ്പെടെ അഭിപ്രായം തേടിയ ശേഷമാണ് പ്രകടന പത്രികയ്ക്ക് അന്തിമരൂപം നൽകിയത്.
English Summary:
Amit Shah campaign for BJP candidate Pon Radhakrishnan in Kanyakumari constituency
5itdgsvotq1g6454fvnbjun9tr mo-news-common-malayalamnews ma-anooj mo-politics-parties-bjp mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-amitshah
Source link