വെസ്റ്റ് ബാങ്കിൽ യഹൂദ ബാലനെ കാണാതായതിൽ സംഘർഷം; പലസ്തീൻകാരൻ കൊല്ലപ്പെട്ടു
ജറൂസലെം: വെസ്റ്റ്ബാങ്കിൽ കാണാതായ യഹൂദ ബാലനുവേണ്ടി ഇസ്രേലികൾ നടത്തിയ തെരച്ചിലിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ ഒരു പലസ്തീൻകാരൻ കൊല്ലപ്പെടുകയും 25 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇസ്രേലികൾ തോക്കുകളും കല്ലുകളുമായി പലസ്തീൻ ഗ്രാമമായ അൽ മുഗായിൽ എത്തുകയായിരുന്നു. മേഖലയിൽ ഇസ്രേലി സേന രംഗത്തിറങ്ങി. ഇരുപത്താറുകാരനായ പലസ്തീൻകാരൻ കൊല്ലപ്പെട്ടത് വെടിയേറ്റാണ്. ഇസ്രേലികളാണോ ഇസ്രേലി സേനയാണോ വെടിയുതിർത്തതെന്നു വ്യക്തമല്ല. പരിക്കേറ്റവരിൽ എട്ടു പേർക്കും വെടിയേറ്റിട്ടുണ്ട്. പലസ്തീനികൾ കല്ലെറിയാൻ തുടങ്ങിയപ്പോൾ വെടിവയ്ക്കേണ്ടിവന്നതായി സേന അറിയിച്ചിട്ടുണ്ട്. ഇസ്രേലികളെ പലസ്തീൻ ഗ്രാമത്തിൽനിന്ന് സേന പുറത്താക്കി. അധിനിവേശ ഇസ്രേലികൾ പാർക്കുന്ന മലാക്കായി ഷാലോമിൽനിന്ന് വെള്ളിയാഴ്ച രാവിലെ ആടു മേയ്ക്കാനിറങ്ങിയ ബെഞ്ചമിൻ അഹിമെയ്ർ എന്ന പതിനാലുകാരനെയാണ് കാണാതായിരിക്കുന്നത്. ആടുകൾ തിരിച്ചെത്തി. കുട്ടിക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
വെസ്റ്റ് ബാങ്കിലുണ്ടായ മറ്റൊരു സംഭവത്തിൽ ഇസ്രേലി സേനയുടെ വെടിയേറ്റ് രണ്ടു പലസ്തീനികൾ കൂടി മരിച്ചു. ഇതിലൊരാൾ ഹമാസിന്റെ ലോക്കൽ കമാൻഡറാണ്. 1967ൽ വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലെമിലും അധിനിവേശം ആരംഭിച്ച ഇസ്രയേൽ 160 കേന്ദ്രങ്ങളിലായി ഏഴു ലക്ഷം യഹൂദരെ കുടിയിരുത്തിയിട്ടുണ്ട്. ഗാസ യുദ്ധമാരംഭിച്ചശേഷം വെസ്റ്റ്ബാങ്കിൽ ഇസ്രേലി സേനയുടെയുടെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളിൽ 460 പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീൻ ആക്രമണത്തിൽ 13 ഇസ്രേലികളും കൊല്ലപ്പെട്ടു.
Source link