യദുവീറും എം.ലക്ഷ്മണും നേർക്കുനേർ; ആരു ചിരിക്കും മൈസൂരുവിൽ
രണ്ടുകാതിലും വൈഢൂര്യ കടുക്കൻ, കൈത്തണ്ടയിൽ ജപിച്ചുകെട്ടിയ ചരടുകൾ, കൈവിരലിൽ പാരമ്പര്യ രാജചിഹ്നമായി പുഷ്യരാഗമോതിരം! ദീർഘകായൻ, യുവകോമളൻ. മൈസൂർ രാജപരമ്പരയിൽനിന്നുള്ള ബിജെപി സ്ഥാനാർഥി– യദുവീർ. മുഴുവൻ പേര്–യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ.
പ്രചാരണത്തിനായി എൻആർ മൊഹല്ലയിലെത്തിയ യദുവീരന്റെ മുഖത്തു നിറഞ്ഞ ഗൗരവം. ആൾക്കൂട്ടത്തിനു പക്ഷേ ചിരിക്കാത്ത സ്ഥാനാർഥിയെ പിടിച്ചമട്ടാണ്. പ്രായമായ അമ്മമാർ വന്ന് ആശീർവദിക്കുന്നു. ഹനുമാൻ കോവിലിൽ കയറിയപ്പോൾ വിഗ്രഹത്തിലെ കിരീടം എടുത്തു യദുവീറിന്റെ തലയിൽ വച്ച് പൂജാരിയും.
യുഎസിലെ മാസച്യുസിറ്റ്സ് സർവകലാശാലയിൽനിന്നുള്ള ഇക്കണോമിക്സ് ബിരുദധാരിയാണ് യദുവീർ. വിദേശ വിദ്യാഭ്യാസം നേടിയവർ രാഷ്ട്രീയത്തിൽ വരുന്നതിന്റെ ഗുണം എന്തെന്നു ചോദിച്ചപ്പോൾ യദുവീർ പറഞ്ഞു: ‘രാഷ്ട്രീയത്തിൽ വലിയൊരു മാറ്റമാണത്. അവർക്കു ലോകം കണ്ടതിന്റെ ഗുണം കാണും. വലിയ കാൻവാസിലുള്ള പുതിയ ആശയങ്ങൾ വരും. രാജ്യത്തിനും ഭരണത്തിനും അതു പ്രയോജനം ചെയ്യും.’
മൈസൂരു ലോക്സഭാ മണ്ഡലം മൈസൂരു, കുടക് ജില്ലകളിലായി വിശാലമാണ്. നഗരത്തിൽ സ്ഥാനാർഥികളുടെ പോസ്റ്ററുകളോ ചുവരെഴുത്തോ കൊടികളോ ഇല്ല. കുടക് നാട്ടിൽനിന്ന് ആദിവാസികളും മറ്റും യദുവീറിനെ കാണാൻ വരുന്നുണ്ട്. ജനാധിപത്യം 77 വർഷം പിന്നിട്ടിട്ടും രാജകുടുംബത്തോട് എന്താണിത്ര ആരാധന? യദുവീർ പറയുന്നു: ‘മൈസൂരു രാജകുടുംബം ജനക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിച്ചവരാണ്. ക്ഷേമരാഷ്ട്രം എന്നു കേട്ടുതുടങ്ങും മുൻപേ ഏറ്റവും ക്ഷേമപൂർണമായ നാട്ടുരാജ്യമായിരുന്നു മൈസൂരു. ആ സ്നേഹം ഇപ്പോഴുമുണ്ട്.’
മുൻപ് 4 തവണ മൈസൂരു മഹാരാജാവ് ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ചരിത്രവും 2 തവണ തോറ്റ ചരിത്രവുമുണ്ട്. മൈസൂരുവിൽ വൊക്കലിഗ നേതാവ് പ്രതാപ് സിംഹയാണ് നിലവിലെ ബിജെപിയുടെ എംപി. ഇത്തവണ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചാണ് യദുവീറിനെ നിർത്തിയത്. വൊക്കലിഗയെ തഴഞ്ഞ തക്കം മുതലാക്കാൻ കോൺഗ്രസ് അവരുടെ പിസിസി വക്താവ് എം.ലക്ഷ്മണിനെ സ്ഥാനാർഥിയാക്കി. എണ്ണം പറഞ്ഞ വൊക്കലിഗക്കാരൻ.
മൊഹല്ലയിലെ മിനബസാറിൽ ലക്ഷ്മൺ എത്തിയതു പച്ചഷാളും കശ്മീർ തൊപ്പിയും അണിഞ്ഞാണ്. ‘മോദിജി’ ഇനിയും വന്നാൽ അപകടമാണെന്ന് പ്രചാരണത്തിനു വാഹനത്തിൽനിന്നു വിളിച്ചുപറയുന്നു. പ്രചാരണത്തിനിടെ കിട്ടിയ നിമിഷങ്ങളിൽ ലക്ഷ്മൺ പറഞ്ഞു ‘മഹാരാജാവ് ദത്തുപുത്രനാണ്. ഒറിജിനലല്ല.’
യദുവീറിനെ മഹാരാജാവിന്റെ കുടുംബത്തിൽനിന്നു തന്നെയാണു ദത്തെടുത്തതെന്നു ബിജെപിക്കാർ പറയുന്നു.
ലഷ്ക്കർ മൊഹല്ലയിൽ മൈസൂർപാവ് വിൽക്കുന്ന സജ്ജാദ് അലിഖാൻ പറയുന്നത് ഇതാണ്: ബിജെപിക്ക് പൈസാ കാ കമാലും പാർട്ടി കാ കമാലുമാണ്. എന്നുവച്ചാൽ പണത്തിന്റെയും സംഘടനയുടെയും ശക്തി. സംസ്ഥാനത്തു കോൺഗ്രസ് സർക്കാർ വന്നശേഷം സമാധാനമുണ്ട്. അതു വോട്ടായി മാറും. യഥാർഥമത്സരം സംസ്ഥാന സർക്കാർ നേട്ടങ്ങളും കേന്ദ്രസർക്കാർ നേട്ടങ്ങളും തമ്മിലാണ്.
ഒരേ ചോദ്യങ്ങൾക്ക് ഇരു സ്ഥാനാർഥികളും നൽകിയ മറുപടികൾ:
Q സംസ്ഥാനത്തു കോൺഗ്രസ് സർക്കാർ നടപ്പാക്കിയ സൗജന്യ വൈദ്യുതി പോലുള്ള ക്ഷേമപദ്ധതികളുടെ ഫലം?
Aയദുവീർ: ഇത് ലോക്സഭാ തിരഞ്ഞെടുപ്പാണ്. കേന്ദ്രം ആര് ഭരിക്കണം എന്നാണു ജനം നോക്കുന്നത്. സംസ്ഥാനത്തെ പദ്ധതികൾ അതിനെ സ്വാധീനിക്കുന്നില്ല.
ലക്ഷ്മൺ: ക്ഷേമപദ്ധതികളുൾപ്പടെ കോൺഗ്രസ് വാഗ്ദാനങ്ങളെല്ലാം നടപ്പാക്കി. അതു വോട്ടായി മാറും. സർവോപരി വർഗീയകലുഷിത അന്തരീക്ഷം മാറിയതും ജനം കാണുന്നുണ്ട്.
Qമണ്ഡലത്തിലെ വികസനത്തിന് എന്ത് ചെയ്യും?
Aയദുവീർ: അമിത വികസനം വന്ന ബെംഗളൂരുവിന്റെ ഉപനഗരമായി മൈസൂരുവിനെ വികസിപ്പിക്കും. ഐടി ഇവിടേക്കും ആകർഷിക്കും. മൈസൂരുവിനെ ബെംഗളൂരുവിന്റെ ‘സപ്പോർട്ടിങ് പില്ലർ’ ആക്കും.
ലക്ഷ്മൺ: മൈസൂരു വികസനത്തിനു പ്രകടനപത്രിക തന്നെ പുറത്തിറക്കുന്നുണ്ട്. ഇന്നത്തെ വൃത്തിയും ശാന്തിയും നിലനിർത്തി തന്നെയായിരിക്കും വികസനം. ഉത്തരവാദിത്ത ടൂറിസത്തിന് ഏറെ സാധ്യതകളുണ്ട്.
Qകർണാടകയിൽ എത്ര സീറ്റ് കിട്ടും ?
Aയദുവീർ: ദൾ സഖ്യം ഉള്ളതിനാൽ ഞങ്ങൾക്ക് 28 സീറ്റും കിട്ടും.
ലക്ഷ്മൺ: കോൺഗ്രസിന് 22 സീറ്റിൽ ഒന്നു പോലും കുറയില്ല.
Source link