ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ വ്യവസായിയുടെ കപ്പലിലെ 17 ജീവനക്കാരും ഇന്ത്യക്കാർ; മോചനത്തിന് കേന്ദ്രം ഇടപെടുന്നു

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 17 ഇന്ത്യക്കാർ; മോചിപ്പിക്കാൻ നയതന്ത്ര ചർച്ച നടക്കുന്നതായി കേന്ദ്രം- Iran | Israel | Manorama News
ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ വ്യവസായിയുടെ കപ്പലിലെ 17 ജീവനക്കാരും ഇന്ത്യക്കാർ; മോചനത്തിന് കേന്ദ്രം ഇടപെടുന്നു
ഓൺലൈൻ ഡെസ്‌ക്
Published: April 13 , 2024 08:03 PM IST
Updated: April 13, 2024 08:18 PM IST
1 minute Read
ഇസ്രയേൽ കപ്പൽ ‘ഹെലിബോൺ ഓപ്പറേഷൻ’ നടത്തി പിടിച്ചെടുക്കുന്ന ഇറാൻ. ചിത്രം: Video obtained by Reuters/via REUTERS
ന്യൂഡൽഹി/ടെഹ്റാൻ∙ യുഎഇ തീരത്ത് ഇറാൻ റെവല്യൂഷണറി ഗാർഡുകൾ പിടിച്ചെടുത്ത കപ്പലിലെ 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാർ. ഇതിൽ രണ്ടു പേർ മലയാളികളാണ്. ഇവരെ മോചിപ്പിക്കാൻ ശ്രമം ആരംഭിച്ചതായും ടെഹ്റാനിലെയും ഡൽഹിയിലെയും ഇറാൻ അധികൃതരുമായി നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഹോർമുസ് കടലിടുക്കിൽ വച്ചാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്‌നർ കപ്പൽ ഇറാൻ നാവികസേനയുടെ പ്രത്യേക സംഘം പിടിച്ചെടുത്തത്. ‘ഹെലിബോൺ ഓപ്പറേഷനി’ലൂടെയാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. കപ്പൽ ഇറാൻ തീരത്തേയ്ക്ക് അടുപ്പിച്ചു.
ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ട കണ്ടെയ്‌നർ കപ്പലാണ് എംഎസ്‌സി ഏരീസ്. ഇസ്രായേലിലെ ശതകോടീശ്വനായ ഇയാൽ ഓഫറിന്റെ സോഡിയാക് ഗ്രൂപ്പിന്റെതാണ് ഈ കമ്പനി. ഇറാൻ ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് ഇസ്രയേൽ പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് കപ്പൽ പിടിച്ചെടുത്തത്. ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ മാസം ഒന്നിന് ഡമാസ്കസിലെ ഇറാൻ എംബസി ബോംബിട്ടു തകർത്ത് ഒരു ജനറൽ ഉൾപ്പെടെ 7 ഉന്നത ഉദ്യഗസ്ഥരെ വധിച്ചതിനു ശിക്ഷ നൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെക്കൻ, മധ്യ ഇസ്രയേലിൽ ഇറാൻ ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. തിരിച്ചടിക്കുമെന്നും അതിനു സമയക്രമം നിശ്ചയിച്ചിട്ടില്ലെന്നുമാണ് ഇറാനോടടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
ആക്രമണമുണ്ടായാൽ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. കരുതലോടെയാണ് ഇറാന്റെ നീക്കം. നിലവിലെ സ്ഥിതി മുതലാക്കി ഗാസയിൽ സമാധാനത്തിനു വിലപേശാനും യുഎസുമായുള്ള നിർത്തിവച്ച ആണവചർച്ച പുനരാരംഭിക്കാനുമാണ് അവരുടെ താൽപര്യം. യുഎസ്– ഇറാൻ ചർച്ചയിൽ ഇടനിലക്കാരായ ഒമാന്റെ പ്രതിനിധിയെ അവർ ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടുണ്ട്. ഇറാൻ നേരിട്ട് ആക്രമിച്ചില്ലെങ്കിലും ഇറാന്റെ പിന്തുണയുള്ള ആക്സിസ് ഓഫ് റസിസ്റ്റൻസ് തീവ്രവാദി സഖ്യം ഏതു നിമിഷവും ആക്രമിച്ചേക്കുമെന്ന് ഇസ്രയേൽ കണക്കുകൂട്ടുന്നു.
English Summary:
17 Indians On Ship Seized By Iran Off UAE Coast Amid Tensions: Sources
mo-news-world-countries-iran mo-news-world-countries-israel 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews dorgdj3jvtiag492n8e1qpu0c mo-legislature-centralgovernment
Source link