INDIALATEST NEWS

ബംഗാളിൽ ദീദിയെ പിടിച്ചുകെട്ടുമോ മോദി? ഒടുവിൽ ‘ഒക്കചങ്ങായി’മാരായി സിപിഎമ്മും കോൺഗ്രസും


അങ്ങനെയൊന്നും ഇളകുന്നവരല്ല ബംഗാളികൾ. രാഷ്ട്രീയചരിത്രം നോക്കിയാൽ ഇങ്ങനെ തോന്നാം. സ്വാതന്ത്ര്യത്തിനു ശേഷം കോൺഗ്രസ് ഭരിച്ചത് 20 വർഷം. സംസ്ഥാനം സിപിഎം തുടർച്ചയായി ഭരിച്ചത് 35 വർഷം. പിന്നെ വന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) 13 വർഷമായി ഭരണത്തിലാണ്. മറ്റ് സംസ്ഥാനങ്ങൾ മുന്നണികളെ മാറിമാറി പരീക്ഷിക്കുമ്പോൾ ഭരണമാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ പതിറ്റാണ്ടുകളെടുക്കുന്ന സ്വഭാവമാണ് ബംഗാളിന്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിഎംസിയെ ബംഗാൾ കൈവിടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഹിന്ദി ഹൃദയഭൂമി കഴിഞ്ഞാൽ ദേശീയ പാർട്ടികളുടെ നോട്ടമത്രയും കിഴക്കോട്ടാണ്. കിഴക്കുനോക്കിയന്ത്രത്തിന്റെ സൂചി 42 ലോക്‌സഭാ സീറ്റുകളുള്ള ബംഗാളിലേക്ക് ചൂണ്ടിനിൽക്കുന്നു.

ഉത്തർപ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനം. ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് ജയിക്കാമെന്ന ആത്മവിശ്വാസത്തിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്. മറുവശത്തു നരേന്ദ്ര മോദി ഇഫക്ടിൽ ബംഗാൾ പിടിക്കാനിറങ്ങുന്ന ബിജെപി. പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’മുന്നണിക്കൊപ്പമല്ലാതെ തൃണമൂൽ ഒറ്റയ്ക്കു മത്സരിക്കാനിറങ്ങിയതോടെ പകച്ചുനിൽക്കുന്ന കോൺഗ്രസ്. കോൺഗ്രസിനൊപ്പമെങ്കിലും കൈകോർത്ത് പച്ചപിടിക്കാനാകുമോയെന്ന ആശങ്കയിൽ നിൽക്കുന്ന ഇടതുപക്ഷവും വംഗനാട്ടിൽ തീർത്തും അപ്രസക്തർ. ബംഗാളിൽ പോര് ദീദിയും മോദിയും തമ്മിലാണ്.

∙ കോൺഗ്രസ്, സിപിഎം, തൃണമൂൽ– ഇനിയോ?ബംഗാൾ രാഷ്ട്രീയചരിത്രത്തെ പ്രധാനമായും മൂന്ന് കാലഘട്ടങ്ങളായി വിഭജിക്കാം. 1947 മുതൽ 1967 വരെയുള്ള കോൺഗ്രസ് ഭരണം, 1967 മുതൽ ഏതാനും മാസം യുണൈറ്റഡ് ലെഫ്റ്റ് ഫ്രണ്ട്, പീപ്പിൾസ് യുണൈറ്റഡ് ലെഫ്റ്റ് ഫ്രണ്ട് എന്നിവരുടെ സഖ്യമായ യുണൈറ്റഡ് ഫ്രണ്ടിന്റെ ഭരണം, 1977 മുതൽ 2011 വരെ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കാലം, 2011 മുതലിങ്ങോട്ടുള്ള തൃണമൂൽ കോൺഗ്രസ് കാലം. വിഭജനത്തിനുശേഷം കിഴക്കൻ പാക്കിസ്ഥാനിൽനിന്ന് (ഇന്നത്തെ ബംഗ്ലദേശ്) ബംഗാളിലേക്കുള്ള അഭയാർഥികളുടെ ഒഴുക്കും കർഷകസമരങ്ങളും ജനകീയമായി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബംഗാൾ ജനത 1967ൽ കോൺഗ്രസിനെ താഴെയിറക്കുന്നത്.

മമത ബാനർജി (File Photo: JOSEKUTTY PANACKAL / MANORAMA)

തുടർന്ന് കോൺഗ്രസിൽനിന്ന് അടർന്നുമാറിവന്ന ബംഗ്ലാ കോൺഗ്രസ് പാർട്ടിയും സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളും ചേർന്നുള്ള യുണൈറ്റഡ് ഫ്രണ്ട് ഭരണം പിടിച്ചു. എന്നാൽ നക്സൽബാരിയുൾപ്പെടെയുളള വിഷയങ്ങളിൽ ഭിന്നത വർധിച്ചതിനാൽ ഏതാനും മാസങ്ങൾ മാത്രമായിരുന്നു യുണൈറ്റഡ് ഫ്രണ്ട് സർക്കാരിന്റെ ആയുസ്സ്. 1977ൽ ഭരണത്തിലേറിയ കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാനം ഭരിച്ചത് നീണ്ട 35 വർഷം. നന്ദിഗ്രാം, സിംഗൂർ പ്രക്ഷോഭങ്ങൾ ഇടതിനെ ഭരണത്തിൽ നിന്നിറക്കി, പകരം മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ സ്വീകരിച്ചു. ഇടതിനു സമാനമോ അതിലും രൂക്ഷമായതോ ആയ ആരോപണങ്ങൾക്കു നടുവിലും കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മമതയ്ക്കൊപ്പം നിന്നു ബംഗാൾ. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികളുടെ സ്ഥിതി എന്താണെന്നു പരിശോധിക്കാം.

∙ ആരോടും മമതയില്ലാതെ തൃണമൂൽബിജെപിയെയും കോൺഗ്രസിനെയും ശത്രുസ്ഥാനത്തുനിർത്തിയാണ് ഇക്കുറി തൃണമൂൽ പോരാട്ടത്തിനിറങ്ങുന്നത്. ബംഗാൾ സ്വത്വവാദം, ന്യൂനപക്ഷ–സ്ത്രീ സംരക്ഷണം തുടങ്ങിയവയാണ് ദീദിയുടെ തുറുപ്പുചീട്ട്. ബിജെപിയെ പരാജയപ്പെടുത്താൻ മറ്റാർക്കുമാവില്ലെന്ന ആത്മവിശ്വാസത്തോടെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. ഇതിനായി ശക്തരായ പോരാളികളെത്തന്നെ തിരഞ്ഞുപിടിച്ച് സ്ഥാനാർഥികളാക്കി. മമതയെ വിമർശിച്ച കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിക്കെതിരെ ഗുജറാത്തുകാരനായ ക്രിക്കറ്റ് താരം യൂസഫ് പഠാനെ സ്ഥാനാർഥിയാക്കി.

മഹുവ മൊയ്ത്ര (File Photo: Rahul R Pattom / Manorama)

ചോദ്യത്തിന് കോഴ കേസിൽ ആരോപണവിധേയയായ മഹുവ മൊയ്ത്ര, ശത്രുഘ്നൻ സിൻഹ എന്നിവരടക്കം 16 സിറ്റിങ് എംപിമാരാണ് സ്ഥാനാർഥിപ്പട്ടികയിൽ. വനിതകൾ 12. സന്ദേശ്ഖലി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടം ഉൾപ്പെടുന്ന ബാസിർഹാട്ട് മണ്ഡലത്തിലെ സിറ്റിങ് എംപിയും നടിയുമായ നുസ്രത്ത് ജഹാനെ ഒഴിവാക്കി. ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്‌ലിം വോട്ടുകൾ തൃണമൂലിനൊപ്പമുണ്ടെന്നതാണ് മമതയുടെ ആത്മവിശ്വാസത്തിന്റെ നെടുംതൂണുകളിലൊന്ന്. 2019ൽ മുസ്‌ലിം വോട്ടുകളുടെ 70 ശതമാനവും ടിഎംസിയുടെ പെട്ടികളിലാണു വീണത്.

∙ പ്രചാരണത്തിനു മോദി, ലക്ഷ്യം തുടർച്ച42 സീറ്റുകളിൽ 35 എണ്ണം നേടണമെന്നാണു ബിജെപിയുടെ ബംഗാളിലെ ലക്ഷ്യം. 35 പോയിട്ട് മൂന്നര സീറ്റുപോലുമുണ്ടാകില്ലെന്ന് മമത പരിഹസിക്കുന്നു. 2014നു മുൻപ് ബിജെപിക്ക് ഒരു സീറ്റു പോലുമുണ്ടായിരുന്നില്ല. 2014ൽ രണ്ടു സീറ്റിൽ ജയിച്ചു. ആ രണ്ട് സീറ്റിൽനിന്ന് 2019ൽ 18 സീറ്റെന്ന നിലയിലേക്കുള്ള കുതിച്ചുചാട്ടം ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുന്നു. 2014ൽ 17 ശതമാനമാണ് ബിജെപിയുടെ വോട്ടുവിഹിതം. 2019ൽ 40.6 ശതമാനമായി ഉയർന്നു. ബിജെപിക്ക് കിട്ടിയ വോട്ടുകളിൽ ഏറിയപങ്കും പഴയ ഇടതുപക്ഷത്തിന്റെ വോട്ടുബാങ്കിൽനിന്ന് ചോർന്നു പോകുന്നതാണ്. ഒന്നുകൂടി ആഞ്ഞു പിടിച്ചാൽ  കൂടെപ്പോരുമെന്ന് കണക്കുകൂട്ടി പ്രധാനമന്ത്രി നേരിട്ടാണു പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത്. പൗരത്വ നിയമ ഭേദഗതി, അയോധ്യ രാമക്ഷേത്രം, തൃണമൂലിന്റെ അഴിമതി, സന്ദേശ്ഖലി എന്നിവയാണ് ബിജെപിയുടെ പ്രധാന പ്രചാരണായുധങ്ങൾ.

കൊൽക്കത്ത ഹൈക്കോടതി ജ‍ഡ്ജിയായിരുന്ന അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്ന ശേഷം കൊൽക്കത്തയിൽ പ്രധാനമന്ത്രിയെ വണങ്ങിയപ്പോൾ.

∙ സിപിഎം–കോൺഗ്രസ് ഭായി ഭായിബംഗാളിൽ തകർന്നു തരിപ്പണമായി നിൽക്കുകയാണ് ഇന്ത്യാസഖ്യം. കീരിയെയും പാമ്പിനെയും ഒറ്റക്കൂട്ടിലിട്ട് കൊണ്ടുപോകാമെന്ന് കോൺഗ്രസ് കരുതിയപ്പോൾത്തന്നെ ബംഗാളിലെ സഖ്യം പരാജയപ്പെടുമെന്ന് പ്രവചനമുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചതിൽ അദ്ഭുതപ്പെടാനുമില്ല. ഇടതിന്റെ നിയന്ത്രണത്തിലാണ് കോൺഗ്രസെന്നു പറഞ്ഞ് തുടക്കത്തിലേ മമത ഉടക്കുണ്ടാക്കി. ബംഗാളിലെ ആറുസീറ്റിൽ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട കോൺഗ്രസിന് മമത നൽകാൻ തയാറായത് രണ്ടു സീറ്റ്. പോരാ, മൂന്നെണ്ണമെങ്കിലും വേണമെന്ന് പറഞ്ഞതോടെ കൊടുക്കാനിരുന്ന രണ്ടുസീറ്റും പിൻവലിച്ച് അതിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തി.

അധിർ രഞ്ജൻ ചൗധരി ലോക്സഭയിൽ. Photo: PTI

400 സീറ്റിൽ കോൺഗ്രസ് മത്സരിച്ചാൽ 40ൽ എങ്കിലും വിജയിക്കാനാകുമോയെന്നും  മമത പരിഹസിച്ചിരുന്നു. ഇതുവരെ ബംഗാളിൽ ഇന്ത്യാ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. 16 സീറ്റിൽ ഇടതുപക്ഷം സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസുമായി ഇനിയും ചർച്ചയ്ക്ക് തയാറാണെന്നുകൂടി പറഞ്ഞ് സഖ്യസാധ്യത തേടിയിട്ടുണ്ട്.


Source link

Related Articles

Back to top button