Vishu Prediction വിഷുവും വിഷുഫലവും; ഇക്കൊല്ലം ‘ഒരുപറ’ വർഷം
വിഷുവും വിഷുഫലവും; ഇക്കൊല്ലം ‘ഒരുപറ’ വർഷം– Vishu 2024: How Indian Astrology Influences Kerala’s Harvest Festival of Hope
Vishu Prediction
വിഷുവും വിഷുഫലവും; ഇക്കൊല്ലം ‘ഒരുപറ’ വർഷം
അഞ്ഞൂർ രമേഷ് പണിക്കർ
Published: April 13 , 2024 12:30 PM IST
1 minute Read
വിഷുഫലത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏവരും ആദ്യം ചോദിക്കുന്നതുമായ ചോദ്യം ‘ഇക്കൊല്ലം എത്ര പറ വർഷമാണ്’ എന്നതാണ്
‘പറ’ എന്നുള്ളത് ഒരു പ്രത്യേകതരം കണക്കാണ്. ഒന്ന്, മൂന്ന് പറ നല്ലതാണ്. രണ്ട്, നാല് പറ നല്ലതല്ല എന്നാണ് സാമാന്യ നിയമം
ചിത്രം∙ മനോരമ
മലയാളികളുടെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷു. വിഷുവിനോടനുബന്ധിച്ചുള്ള സവിശേഷമായ ഒരു കാര്യമാണ് വിഷുഫലം. വിഷുഫലമെന്നത് ഒരു വർഷത്തിൽ സംഭവിക്കുന്നതും പ്രകൃതിയുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങൾ ജ്യോതിഷത്തിൽകൂടി മനസ്സിലാക്കി അത് ജനങ്ങളിൽ എത്തിക്കലാണ്. പഴയകാലത്ത് അതത് ദേശത്തെ ജ്യോത്സ്യന്മാർ വിഷുഫലം ഗണിച്ചുണ്ടാക്കി ‘ഓല’യിൽ എഴുതി നാട്ടിലെ വീടുകളിൽ എത്തിക്കുകയും അത് വിശദീകരിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ ആ കുടുംബത്തിലെ കാരണവർ ജ്യോത്സ്യന് ബഹുമാനത്തോട് കൂടി ദക്ഷിണ നൽകുകയും ചെയ്യും.
കാലം കുറെ കഴിഞ്ഞു. തലമുറകൾ മാറി മാറി വന്നു നമ്മൾ ഡിജിറ്റൽ യുഗത്തിലേക്ക് കടക്കുകയും ചെയ്തു. നാട്ടിൽ നിന്ന് പലതും മാറിമറഞ്ഞ കൂട്ടത്തിൽ ഓലയിലെഴുത്തും വിഷുഫലം പറച്ചിലുമൊക്കെ പലയിടത്തും അപ്രത്യക്ഷമായി. ഏതായാലും, ഈ വർഷത്തെ വിഷുഫലം ചുരുക്കിപ്പറയാം. കുംഭശനി മേടവ്യാഴം 1199–ാമാണ്ട് മീനമാസം 31ന് 2024 ഏപ്രിൽ 13നു ശനിയാഴ്ച ഉദിച്ച് 36 നാഴിക 52 വിനാഴികയ്ക്ക് (രാത്രി 9 മണി 4 മിനിറ്റിന്) മകീര്യം നക്ഷത്രവും ശുക്ലപക്ഷ ഷഷ്ഠി തിഥിയും വരാഹ കരണവും ശോഭന നാമ നിത്യയോഗവും കൂടിയ സമയത്ത് വൃശ്ചികം രാശി ഉദയ സമയത്ത് ഭൂമി ഭൂതോദയം കൊണ്ട് മേഷവിഷു സംക്രമം.
വിഷുഫലത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏവരും ആദ്യം ചോദിക്കുന്നതുമായ ചോദ്യം ‘ഇക്കൊല്ലം എത്ര പറ വർഷമാണ്’ എന്നതാണ്. ഇക്കൊല്ലം ‘ഒരുപറ’ വർഷമാണ്. ‘പറ’ എന്നുള്ളത് ഒരു പ്രത്യേകതരം കണക്കാണ്. ഒന്ന്, മൂന്ന് പറ നല്ലതാണ്. രണ്ട്, നാല് പറ നല്ലതല്ല എന്നാണ് സാമാന്യ നിയമം. ഇതിൽ ഏറ്റവും നല്ലത് ഒരു പറ വർഷമാണ്. അതായത് ഇക്കൊല്ലം നമുക്ക് ആവശ്യത്തിന് മഴ ലഭിക്കുകയും അതിൽകൂടി കൃഷിയും മറ്റ് കാർഷികവുമായിട്ടുള്ള കാര്യങ്ങൾ നല്ലരീതിയിൽ നടക്കുകയും നാശനഷ്ടങ്ങൾ കാര്യമായി ബാധിക്കാതിരിക്കുകയും ചെയ്യും. അതുപോലെ പ്രധാനപ്പെട്ട മറ്റൊന്നാണ് മണ്ഡലം. ഈ കൊല്ലം വായുമണ്ഡലമാണ്.
രാജ്യത്തിന് പലതരത്തിലുള്ള ഭീഷണിയും ശക്തിയായിട്ടുള്ള കാറ്റ് മൂലം പലതരത്തിലുള്ള നാശനഷ്ടങ്ങളുമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ ദോഷങ്ങൾ വരാതിരിക്കാൻ മുൻകരുതലും ശ്രദ്ധയും വേണം. സംക്രമപുരുഷനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഫലങ്ങൾ വേറെയുമുണ്ട്. വിഷുഫലം പറഞ്ഞുകൊടുക്കുന്നതോടുകൂടി കൃഷിക്കായിട്ട് പാടത്ത് വിത്ത് വിതക്കുന്നതിനും വരമ്പ് ഇടുന്നതിനും പാടം പൂട്ടുന്നതിനായി നാൽക്കാലികളെ ഇറക്കുന്നതിനും നല്ലദിവസം പറഞ്ഞുകൊടുക്കാറുണ്ട്. നല്ല കീഴ് വഴക്കങ്ങളും ആചാര–അനുഷ്ഠാനങ്ങളുമെല്ലാം പലതും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓലയിൽ കുറിച്ച് വീടുകൾ തോറും കയറിയുള്ള വിഷുഫലം പറച്ചിലും ഓർമ മാത്രമായി മാറുകയാണ്.
ലേഖകന്റെ വിലാസം:A.S. Remesh PanickerKalarickel House, Chittanjoor. P.O.Kunnamkulam,Thrissur – Dist.Phone: 9847966177Email: remeshpanicker17@gmail.com
English Summary:
Vishu 2024: How Indian Astrology Influences Kerala’s Harvest Festival of Hope
mo-religion-vishukani 30fc1d2hfjh5vdns5f4k730mkn-list mo-astrology-vishuprediction2024 mo-religion-vishu2024 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news 7oitg574nteobd65gr1heb9qg5 mo-religion-vishu
Source link