വിഷു ഹൗസ്ഫുൾ; ആദ്യ ദിനം ആഗോള കലക്‌ഷൻ 20 കോടി; മുന്നിൽ ‘ആവേശം’


2024 മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായി മാറുകയാണ്. ഇപ്പോഴിതാ പെരുന്നാൾ–വിഷു റിലീസ് ആയി തിയറ്ററുകളിലെത്തിയ സിനിമകളെല്ലാം ബോക്സ്ഓഫിസില്‍ ഹൗസ്ഫുൾ ആയി മുന്നേറുന്നു. രണ്ടാഴ്ച മുമ്പ് റിലീസ് ചെയ്ത ആടുജീവിതവും വിഷു റിലീസ് ആയി എത്തിയ ആവേശവും വർഷങ്ങൾക്കു ശേഷം തിയറ്ററുകളിൽ ആളെക്കൂട്ടുകയാണ്. 

ഈ വർഷം വാലിബനിലും ഓസ്‌ലറിലും തുടങ്ങിയ മലയാള സിനിമ പിന്നീട് സൂപ്പർഹിറ്റുകളിലേക്കു കുതിക്കുകയായിരുന്നു. ഫെബ്രുവരി മുതല്‍ ഇങ്ങോട്ട് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും 50 കോടി ക്ലബ്ബ് പിന്നിട്ടു. ഫെബ്രുവരിയില്‍ ‘പ്രേമയുഗം ബോയ്‌സ്’ ആയിരുന്നു ഹിറ്റ് എങ്കില്‍ മാര്‍ച്ച് അവസാനത്തോടെ ‘ആടുജീവിതം’ ആഗോള ബോക്‌സ് ഓഫിസില്‍ ഇടം പിടിക്കുകയായിരുന്നു. 

അതേസമയം ആവേശവും വർഷങ്ങൾക്കു േശഷവും ആഗോള ബോക്സ്ഓഫിസിൽ പത്ത് കോടി കലക്‌ഷനാണ് ആദ്യ ദിനം നേടിയത്.
ആവേശം: കേരള കലക്‌ഷന്‍‍: 3.5 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ: 0.75 കോടി, ഓവർസീസ്: 6.32 കോടി, ആകെ കലക്‌ഷൻ: 10.57 കോടി

വർഷങ്ങൾക്കു ശേഷം: കേരള: 3 കോടി,  റെസ്റ്റ് ഓഫ് ഇന്ത്യ: 0.62 കോടി, ഓവർസീസ്: 6.54 കോടി, ആകെ കലക്‌ഷൻ: 10.16 കോടി
130 കോടിയുമായി മഞ്ഞുമ്മൽ ബോയ്സും ആടുജീവിതവും ആഗോള ബോക്സ്ഓഫിസിൽ കലക്‌ഷനിൽ കുതിക്കുകയാണ്. ഈദ് പെരുന്നാൾ ആയതോടെ മലബാർ മേഖലയിലും വലിയ കലക്‌ഷനാണ് ഈ രണ്ട് സിനിമകൾക്കും ഇപ്പോഴും ലഭിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തിയറ്ററുകളിൽ നിറഞ്ഞോടുന്ന ആടുജീവിതവും ഇന്നലെ രണ്ട് കോടി കലക്‌ഷന്‍‌ നേടി. പുതിയ രണ്ട് റിലീസുകളും ബോക്‌സ് ഓഫിസും പ്രേക്ഷക മനസ്സും ഒരുപോലെ കീഴടക്കുമ്പോൾ മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷമാണ്. ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേശ് 50 ലക്ഷമാണ് ആദ്യ ദിനം നേടിയത്.

മലയാള സിനിമ ലോകമെമ്പാടും ട്രെന്‍ഡ് ആകുന്നു എന്നതാണ് ബുക്ക് മൈ ഷോയുടെ ടിക്കറ്റ് റേറ്റിങില്‍ നിന്നുള്ള വിവരങ്ങള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ മലയാള സിനിമയുടെ എക്കാലത്തെയും റെക്കോര്‍ഡ് ടിക്കറ്റ് സെയിലാണ് നടന്നിരിക്കുന്നത്.
ഫഹദ് ഫാസില്‍-ജിത്തു മാധവന്‍ ചിത്രം ആവേശത്തിന് മാത്രം 1,71,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ 1,47,000 ടിക്കറ്റുകളാണ് 24 മണിക്കൂറിനിടെ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ആടുജീവിതത്തിന്റെ 64,000 ടിക്കറ്റുകള്‍ വിറ്റുപോയി. ഫെബ്രുവരി 22ന് ആണ് റിലീസ് ചെയ്തതെങ്കിലും മാസങ്ങള്‍ക്കിപ്പുറവും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പ്രദര്‍ശനം തുടരുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ 11,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന്റെ 9000 ടിക്കറ്റുകളും ബുക്കിങ് ആയി.


Source link
Exit mobile version