പേടിപ്പെടുത്തുന്ന നിശ്ശബ്ദതയാണ് ഇപ്പോൾ മണിപ്പുരിൽ. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം ഇവിടെ വെടിയൊച്ചകൾ മുഴങ്ങിയിട്ടില്ല. കലാപത്തിൽ ഏർപ്പെട്ട മെയ്തെയ്-കുക്കി വിഭാഗക്കാർക്കിടയിലുള്ള ബഫർ സോണുകളിൽ ബങ്കറുകളിലും കാസ്പർ വാനുകളിലുമായി നൂറുകണക്കിന് കേന്ദ്ര സേനാംഗങ്ങൾ ജാഗ്രതയോടെ നിലകൊള്ളുന്നു.
ആദ്യ ഘട്ടതിരഞ്ഞെടുപ്പിനു ഒരാഴ്ച മാത്രമേ ബാക്കിയുള്ളുവെങ്കിലും മണിപ്പുരിൽ പ്രചാരണപരിപാടികൾ ഇല്ല. എട്ടോ പത്തോ കിലോമീറ്റർ യാത്രചെയ്താൽ സ്ഥാനാർഥികളുടെ ഒറ്റപ്പെട്ട പരസ്യബോർഡുകൾ കാണാമെന്നു മാത്രം.
ഒരുപക്ഷേ വലിയൊരു ദുരന്തത്തിനു മുന്നോടിയായുള്ള നിശ്ശബ്ദതയാണോ ഇതെന്ന് ഭയപ്പെടുന്നവരുണ്ട്. ‘തിരഞ്ഞെടുപ്പു ദിനത്തിൽ വൻ തോതിലുള്ള അക്രമങ്ങൾ ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്’- മെയ്തെയ് ഭൂരിപക്ഷ ജില്ലയായ ബിഷ്ണുപുരിനും കുക്കി ഭൂരിപക്ഷ ജില്ലയായ ചുരാചന്ദ്പുരിനും മധ്യേയുള്ള ക്വാക്തയിൽ വച്ച് ബിഎസ്എഫ് ഉദ്യോഗസ്ഥൻ വാഹനപരിശോധനക്കിടയിൽ പറഞ്ഞു.
2 കിലോമീറ്റർ ദൈർഘ്യത്തിലുള്ള ദേശീയ പാത 105 ലെ ബഫർ സോണിൽ അരഡസനോളം ചെക്പോസ്റ്റുകളാണുള്ളത്. സൈന്യം, ബിഎസ്എഫ്, ഐടിബിപി, സിആർപിഎഫ്, വീണ്ടും സൈന്യം, അസം റൈഫിൾസും ബിഎസ്എഫും പൊലീസും ചേർന്നുള്ള സംഘം എന്നീ ക്രമത്തിലാണ് പരിശോധന. 2 കിലോമീറ്റർ പിന്നിടാൻ ഒരു മണിക്കൂർ വേണം.
തൊയ്ബോങ്ങിൽ കുക്കികൾ 2 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കുക്കി മേഖലകളിലേക്ക് കടക്കുന്നതിന് ഒരാൾക്ക് 100 രൂപയാണ് ഗോത്രസംഘടനകൾ പ്രവേശനഫീസ് വാങ്ങുന്നത്. മണിപ്പുർ സർക്കാരിനു കീഴില്ലല്ല തങ്ങളെന്നും ലംക ഒരു സ്വതന്ത്രഭൂപ്രദേശമാണെന്നും അവർ പറയുന്നു. ചുരാചന്ദ്പുരിന് കുക്കികൾ നൽകിയ ഗോത്രനാമമാണ് ലംക. ചെക്ക് പോസ്റ്റിൽ ദേശീയപതാക കെട്ടിയിട്ടുണ്ട് കുക്കികൾ. ദേശഭക്തരാണ് തങ്ങളെന്നും ഗോത്രവിഭാഗക്കാരുടെ വേദന രാജ്യം മനസ്സിലാക്കുമെന്നും സായുധ കുക്കി കാവൽസംഘത്തിന് നേതൃത്വം നൽകുന്ന അലക്സ് ഹോകിപ് പറഞ്ഞു..
ഇരുനൂറിലധികം പേർ കൊല്ലപ്പെട്ട, അരലക്ഷത്തിലധികം പേർ ഭവനരഹിതരായ മണിപ്പുർ കലാപത്തിന് അടുത്ത മാസം 3 ന് ഒരു വർഷം പൂർത്തിയാകുകയാണ്. ആയിരങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലാണ്. ഇവർക്ക് വോട്ടു ചെയ്യാനായി ദുരിതാശ്വാസ ക്യാംപുകളിൽ പോളിങ് ബൂത്തുകൾ തുടങ്ങുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
ആദ്യ വോട്ടെടുപ്പ് 19ന്
ഇന്നർ മണിപ്പുർ മണ്ഡലത്തിലും ഔട്ടർ മണിപ്പുരിലെ ഏതാനും ഭാഗത്തും 19നാണ് വോട്ടെടുപ്പ്. മെയ്തെയ്കൾക്ക് ഭൂരിപക്ഷമുള്ള ഇംഫാൽ താഴ്‍വരയിലാണ് ഇന്നർ മണിപ്പുർ മണ്ഡലം. ഔട്ടർ മണിപ്പുർ എസ്ടി മണ്ഡലമാണ്. ഇതിൽ കുക്കികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ 19ന് വോട്ടെടുപ്പ് നടക്കും. നാഗാ ഗോത്രങ്ങൾക്കു ഭൂരിപക്ഷമുള്ളയിടങ്ങളിൽ 26നാണ് പോളിങ്. കുക്കി-സോ വിഭാഗം സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.
ജെഎൻയു പ്രഫസർ അക്കോയിജാം ബിമൽ ആണ് ഇന്നർ മണിപ്പുരിൽ കോൺഗ്രസ് സ്ഥാനാർഥി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ തൗനാജം ബസന്ത കുമാർ സിങ് ബിജെപി സ്ഥാനാർഥി. ഔട്ടർ മണിപ്പുരിൽ കോൺഗ്രസ്, എൻഡിഎ സ്ഥാനാർഥികൾ നാഗാ ഗോത്രക്കാരാണ്. മുൻ എംഎൽഎ ആൽഫ്രഡ് ആർതർ കോൺഗ്രസിനു വേണ്ടിയും എൻഡിഎയുടെ ഭാഗമായ നാഗാ പീപ്പിൾസ് ഫ്രണ്ടിനു വേണ്ടി മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ കെ.തിമോത്തി സിമിക്കും മത്സരിക്കുന്നു.
സംരക്ഷണം ലഭിക്കാത്ത സാഹചര്യം: ആർച്ച് ബിഷപ്
മണിപ്പുരിൽ തകർക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങൾ ഇന്നും അതേപടി തന്നെയാണ്. വിശ്വാസികൾ സ്വന്തം നിലയ്ക്ക് ഈ ദേവാലയങ്ങൾ പുതുക്കിപ്പണിയുന്നത് സർക്കാർ തടയുകയും ചെയ്തു. ഭീതിയുടെ അന്തരീക്ഷത്തെപ്പറ്റി ഇംഫാൽ ആർച്ച് ബിഷപ് ലിനസ് നെലി ‘മനോരമ’യോട് സംസാരിക്കുന്നു. നാഗാ ഗോത്രവംശജനാണ് ആർച്ച് ബിഷപ്.
Qമണിപ്പുരിൽ ക്രിസ്തുമത വിശ്വാസികൾ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടോ?
Aഭീഷണിയുടെ അന്തരീക്ഷം വലിയതോതിൽ ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും എന്താണ് സംഭവിക്കുകയെന്നറിയില്ലല്ലോ.
Qഭീഷണിപ്പെടുത്തി പണം തട്ടുന്ന ഇംഫാലിലെ സായുധസംഘങ്ങൾ പള്ളികളെയും ലക്ഷ്യമിടുന്നുണ്ടോ?
Aവടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വർഷങ്ങളായി സായുധകലാപങ്ങൾ നടക്കുന്നുണ്ട്. ഓരോ വിഭാഗവും അവരുടെ സ്വത്വം മറ്റുള്ളവരുടെ മുകളിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നു. വിദ്യാഭ്യാസം നേടിയിട്ടും തൊഴിലില്ലാത്ത വലിയൊരു ഗ്രൂപ്പ് ഇവിടെയുണ്ട്.
Qതകർക്കപ്പെട്ട പള്ളികൾക്കു നഷ്ടപരിഹാരം ലഭിക്കുമോ ?
Aനഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. പല പള്ളികളും ചാരമായി മാറി. വിശ്വാസികൾക്കും ചർച്ച് അധികൃതർക്കും ഇത് പുതുക്കിപ്പണിയുന്നതിന് ഇപ്പോൾ താൽക്കാലിക തടസ്സമുണ്ട്.
Qമണിപ്പുരിന്റെ ഭാവി എന്തായിരിക്കും ?
Aഇവിടെ നടന്ന സംഭവങ്ങൾ എല്ലാവരെയും ഉലച്ചു. സഭയും ആകെ ഉലഞ്ഞുപോയി. എല്ലാവരും അനിശ്ചിതത്വത്തിലാണ്. സംരക്ഷണം നൽകേണ്ടവരോട് അഭ്യർഥിക്കുമ്പോൾ സഹായം ലഭിക്കാത്ത സാഹചര്യമാണ്.
‘കൊള്ളയും ഭീഷണിയും തുടരുന്നു’
ഇംഫാലിലെ മലയാളി വൈദികൻ പറയുന്നു
ഇംഫാലിൽ അരാജകത്വം തുടരുകയാണെന്ന് ഇംഫാൽ അതിരൂപത വികാരി ജനറൽ ഫാ.വർഗീസ് വേലിക്കകം പറഞ്ഞു. സായുധ സംഘങ്ങൾ കൊള്ളയും ഭീഷണിയും തുടരുന്നു. സ്കൂളുകളിലെ അഡ്മിഷൻ സമയങ്ങളിലും മറ്റും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നു.
കലാപത്തിന് പിന്നിൽ കൃത്യമായ ആസൂത്രണത്തോടെ ചില കരങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ക്രിസ്തീയ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെയാണ് ലക്ഷ്യമിട്ടത്. ജനജീവിതം സമ്പൂർണ ദുരിതത്തിലാണ്. മരുന്നുകളും ഭക്ഷണവും വേണ്ടത്ര ലഭിക്കുന്നില്ല. മണിപ്പുർ 10 വർഷമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു. കലാപത്തിലൂടെ വീണ്ടും പിന്നിലേക്കു പോയതായും അദ്ദേഹം പറഞ്ഞു.
Source link