നിക്ഷേപം ബാങ്കുകൾ വിട്ട് ഓഹരി വിപണിയിലേക്ക്

നിക്ഷേപം ബാങ്കുകൾ വിട്ട് ഓഹരി വിപണിയിലേക്ക്- Share market review | Manorama News | Manorama Online

കൊച്ചി ∙ ബാങ്കുകളിൽ നിക്ഷേപമായി എത്തേണ്ട തുകയിൽ ഗണ്യമായ പങ്ക് ഓഹരി വിപണിയിലേക്ക് ഒഴുകുന്നു. ഓഹരി വില സൂചികകളെ സർവകാല ഔന്നത്യത്തിലേക്ക് ഉയർത്തിയതിനു പിന്നിൽ നിക്ഷേപകർക്ക് ആസ്തി സംരക്ഷണത്തോടുള്ള പരമ്പരാഗത നിലപാടിലെ ഈ മാറ്റത്തിനും വലിയ പങ്ക്. ഭൂമി, സ്വർണം എന്നിവ പോലുള്ള ഭൗതിക ആസ്തികളോടുള്ള ആഭിമുഖ്യത്തിലും മാറ്റം അനുഭവപ്പെടുന്നുണ്ട്.
രാജ്യത്തെ ഗാർഹിക സമ്പാദ്യത്തിൽ 44% ഭൗതിക ആസ്തികളിലാണു നിക്ഷേപിച്ചിരിക്കുന്നത് എന്നു കണക്കാക്കുന്നു. ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ള ഇതര ആസ്തികളിലെ നിക്ഷേപമാണു ബാക്കി. അതിന്റെ നാലു ശതമാനത്തോളം മാത്രമായിരുന്നു 2021ൽ ഓഹരി നിക്ഷേപം. 2023ൽ അത് ഏഴു ശതമാനമായി. നിലവിൽ ഓഹരി നിക്ഷപം എട്ടു ശതമാനത്തിലേറെ ആയിട്ടുണ്ടെന്ന് അനുമാനിക്കുന്നു. കൂടിയ തോതിലും കുടുതൽ വേഗത്തിലും വരുമാനം ലഭിക്കാൻ ഓഹരി നിക്ഷേപമാണ് ഉപകരിക്കുക എന്ന ബോധ്യം വ്യാപകമാകുന്നതിന്റെ ഫലമാണു വർധന.

മുംബൈ ഓഹരി സൂചിക സെൻസെക്സിന് ആദ്യത്തെ 10,000 പോയിന്റ് പിന്നിടാൻ കാൽ നൂറ്റാണ്ടിലേറെ വേണ്ടിവന്നു. എന്നാൽ 50,000 പോയിന്റിൽനിന്ന് 75,000 പോയിന്റിലേക്കെത്താൻ വേണ്ടിവന്നതു മൂന്നു വർഷം മാത്രമായതിനു പിന്നിൽ വിപണിയിലേക്കുള്ള ഗാർഹിക സമ്പാദ്യത്തിന്റെ ഒഴുക്കും നിർണായകമായി. ഇക്കാലയളവിൽ ബാങ്ക് നിക്ഷേപമായി മാറേണ്ടിയിരുന്ന തുകയുടെ നല്ലൊരു പങ്ക് ഓഹരി വിപണിയിലേക്കാണ് ഒഴുകിയെത്തിയത്.

ഈ പ്രവണത ബാങ്കുകൾക്കു വെല്ലുവിളിയാകുന്ന അവസ്ഥ വിദൂരമല്ലെന്നു നിരീക്ഷകർ കരുതുന്നു. കുറഞ്ഞ ചെലവു മാത്രം വേണ്ടിവരുന്ന കറന്റ് അക്കൗണ്ട് – സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപത്തിന്റെ അളവു കുറയും. സ്വകാര്യ ബാങ്കിങ് മേഖലയിലെ കാസ നിക്ഷേപത്തിന്റെ അളവ് 2023 ഡിസംബർ 31ന് 39.9 ശതമാനത്തിലേക്കാണു ചുരുങ്ങിയത്. മുൻവർഷം ഇതേ സമയത്തെ അളവു 44.5 ശതമാനമായിരുന്നു.

ഓഹരി വിപണിയിൽ നിക്ഷേപകരുടെ വർധിത തോതിലുള്ള പങ്കാളിത്തത്തിനു വരുമാനത്തിന്റെ കൂടിയ തോതിലും കുടുതൽ വേഗത്തിലുമുള്ള വർധന മാത്രമല്ല സഹായകമായത്. സാമ്പത്തിക സാക്ഷരതയുടെ വ്യാപനവും ഓഹരി നിക്ഷേപമെന്നത് ഊഹക്കച്ചവടമാണെന്ന ധാരണയിലുണ്ടായ തിരുത്തലും അനേകരെ വിപണിയിലേക്ക് ആകർഷിച്ചു. നിക്ഷേപകരുടെ, പ്രത്യേകിച്ചും യുവതലമുറയിലെ നിക്ഷേപകരുടെ, നഷ്ട സഹന ശേഷിയാണു സഹായകമായ മറ്റൊരു ഘടകം. ഏതാനും മിനിറ്റുകൾക്കകം അക്കൗണ്ട് ആരംഭിച്ച് ഓഹരി വ്യാപാരം നടത്താൻ സഹായിക്കുന്ന അനേകം ട്രേഡിങ് ആപ്പുകളും നിക്ഷേപകർക്കു വിപണിയിലേക്കുള്ള വഴി തുറന്നു.

English Summary:
Share market review

mo-business-account 2g4ai1o9es346616fkktbvgbbi-list 63rchm0m6r3ad5ubt1ovmdj9km mo-business-sensex mo-business-share-market rignj3hnqm9fehspmturak4ie-list vasudeva-bhattathiri mo-business


Source link
Exit mobile version