ബോൾട്ടിനെ എന്തുകൊണ്ട് എറിയിച്ചില്ല… ?

ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2024 സീസണിൽ സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാൻ റോയൽസ് അഞ്ചാം മത്സരത്തിൽ തോറ്റത് എങ്ങനെ? ഗുജറാത്ത് ടൈറ്റൻസിന് എതിരായ സീസണിലെ അഞ്ചാം മത്സരത്തിൽ അവസാന നാല് ഓവറിലേക്ക് കടക്കുന്പോൾ രാജസ്ഥാന്റെ വിജയസാധ്യത 95 ശതമാനമായിരുന്നു. എന്നാൽ, മത്സരത്തിലെ അവസാന പന്ത് പോയിന്റിനു മുകളിലൂടെ ബൗണ്ടറി കടത്തി റഷീദ് ഖാൻ ഗുജറാത്തിനെ മൂന്ന് വിക്കറ്റ് ജയത്തിലെത്തിച്ചു. ശുഭ്മാൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് അങ്ങനെ അദ്ഭുത ജയം സ്വന്തമാക്കി. അപ്പോൾ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ചോദിച്ചത് ഒന്നുമാത്രം, ക്യാപ്റ്റൻ സഞ്ജൂ… താങ്കൾ എന്തുകൊണ്ട് ഡെത്ത് ഓവറുകളിൽ ഒന്നിൽപോലും ട്രെന്റ് ബോൾട്ട് എന്ന ഇന്റർനാഷണൽ പേസറെ ഉപയോഗിക്കാൻ മനസുകാട്ടിയില്ല…? അതും മത്സരത്തിൽ രണ്ട് ഓവറിൽ എട്ട് റണ്‍സ് മാത്രം വഴങ്ങിയ ബോൾട്ടിനെ? ഐപിഎൽ 17-ാം സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തിലൂടെ അപരാജിത കുതിപ്പ് തുടരാനുള്ള അവസരമാണ് സഞ്ജു സാംസണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിയിലൂടെ നഷ്ടപ്പെടുത്തിയത്. രാജസ്ഥാന്റെ ഡെത്ത് ഓവർ ബൗളിംഗ് തന്ത്രം പിഴച്ചതോടെ സഞ്ജുവിനെതിരേ ശക്തമായ കുറ്റപ്പെടുത്തലുകൾ ഉയർന്നു. ക്യാപ്റ്റൻസി പിഴവാണ് ഗുജറാത്തിനെതിരേ രാജസ്ഥാൻ പരാജയപ്പെടാൻ കാരണമെന്നാണ് മുൻ താരങ്ങളായ ടോം മൂഡി, ആകാശ് ചോപ്ര തുടങ്ങിയവർ കുറ്റപ്പെടുത്തുന്നത്. ഡെത്ത് ഓവർ തന്ത്രം രണ്ട് ഓവർ ബാക്കിയുണ്ടായിട്ടും എന്തുകൊണ്ട് ട്രെന്റ് ബോൾട്ടിനെ പന്ത് ഏൽപ്പിച്ചില്ല എന്ന ചോദ്യത്തിന് ഒരു ഉത്തരം മാത്രം, രാജസ്ഥാൻ റോയൽസിന്റെ ഡെത്ത് ഓവർ പ്ലാനിൽ ബോൾട്ട് ഇല്ല. 2024 സീസണിൽ ആദ്യ നാല് മത്സരങ്ങളിലെയും ബൗളിംഗ് തന്ത്രമാണ് രാജസ്ഥാനും സഞ്ജുവും അഞ്ചാം മത്സരത്തിൽ ഗുജറാത്തിനെതിരേയും പ്രയോഗിച്ചത്.
കഴിഞ്ഞ നാല് ജയത്തിൽ രണ്ട് എണ്ണത്തിൽ രാജസ്ഥാൻ പിന്തുടർന്നും രണ്ട് മത്സരം ഡിഫെൻഡ് ചെയ്തുമായിരുന്നു ജയിച്ചത്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനും മുംബൈ ഇന്ത്യൻസിനും എതിരേ ആറ് വിക്കറ്റിനും ഡൽഹി ക്യാപ്പിറ്റൽസിനെതിരേ 12 റണ്‍സിനും ലക്നോ സൂപ്പർ ജയന്റ്സിനെതിരേ 20 റണ്‍സിനും. ആവേശ് ഖാൻ, നന്ദ്രെ ബർഗർ, ആർ. അശ്വിൻ, സന്ദീപ് ശർമ, യുസ്വേന്ദ്ര ചാഹൽ എന്നിവരാണ് ആദ്യ നാല് മത്സരങ്ങളിലും രാജസ്ഥാന്റെ അവസാന നാല് ഓവർ എറിഞ്ഞിരുന്നത്. ഗുജറാത്തിനെതിരേ ഈ റോളിലേക്ക് കുൽദീപ് സെൻ എത്തി. 19-ാം ഓവറിൽ 20 റണ്‍സ് കുൽദീപ് സെൻ വഴങ്ങി. അവസാന ഓവറിൽ 14 റണ്‍സ് പ്രതിരോധിക്കാൻ ആവേശ് ഖാന് സാധിച്ചുമില്ല. എന്നാൽ, സ്ഥിരം ഡെത്ത് ഓവർ പ്ലാൻ മാറ്റിപ്പിടിച്ച് ട്രെന്റ് ബോൾട്ടിനെ എറിയിക്കുക എന്ന ധീരതയ്ക്ക് സഞ്ജു തുനിഞ്ഞില്ല എന്നതാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ അവസാന നാല് ഓവറിൽ സംഭവിച്ചത്. അവസാന നാല് ഓവറിൽ 59 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. ക്യാപ്റ്റൻ സഞ്ജു @ 50 മലയാളി താരം സഞ്ജു സാംസണ് ക്യാപ്റ്റനായുള്ള 50-ാം ഐപിഎൽ മത്സരമായിരുന്നു രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ജയ്പുരിൽ അരങ്ങേറിയത്. മാത്രമല്ല, രാജസ്ഥാന്റെ സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ 150-ാം ഐപിഎൽ മത്സരവും. ക്യാപ്റ്റനായുള്ള 50-ാം ഐപിഎൽ മത്സരത്തിൽ സഞ്ജു വിക്കറ്റിനു മുന്നിലും പിന്നിലും തിളങ്ങി. 38 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം സഞ്ജു 68 റണ്‍സുമായി പുറത്താകാതെനിന്നു. ഐപിഎൽ 17-ാം സീസണിൽ സഞ്ജുവിന്റെ മൂന്നാം അർധസെഞ്ചുറിയാണ്. അഞ്ച് മത്സരങ്ങളിൽനിന്ന് 246 റണ്‍സും ഇതുവരെ സഞ്ജു സ്വന്തമാക്കി.
Source link