ബുള്ളറ്റ് ഗോൾസ്
മാഡ്രിഡ്: ക്ലബ് ഫുട്ബോൾ ലോകത്തിലെ വന്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ആവേശപോരാട്ടം സമനിലയിൽ. റയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബർണാബുവിൽ നടന്ന യുവേഫ ചാന്പ്യൻസ് ആദ്യ പാദ ക്വാർട്ടർ ഫൈനൽ 3-3ന് പിരിഞ്ഞു. മത്സരത്തിൽ ബുള്ളറ്റ് പോലുള്ള മൂന്ന് ഗോളുകൾ പിറന്നതാണ് ഹൈലൈറ്റ്. റയൽ രണ്ടാം മിനിറ്റിൽ ഞെട്ടി. റയൽ പ്രതീക്ഷിക്കാത്തൊരു ഗോളായിരുന്നു. ബർണാർഡോ സിൽവ എടുത്ത ഫ്രീകിക്ക് തടയാൻ ഒരാളെ മാത്രമാണ് മുന്നിൽ നിർത്തിയത്. കിക്കെടുത്ത സിൽവ റയൽ ഗോൾകീപ്പർ ആൻഡ്രി ലുനിനെ കാഴ്ചക്കാരനാക്കി വലയുടെ ഇടതുമൂലയിൽ പന്തെത്തിച്ചു. 12-ാം മിനിറ്റിൽ റയൽ സമനില നേടി. എഡ്വേർഡോ കാമവിംഗയുടെ ലോംഗ് റേഞ്ച് ഷോട്ട് സിറ്റിയുടെ റൂബൻ ഡിയസിന്റെ ദേഹത്തുതട്ടി വലയിൽ പതിച്ചു. രണ്ടു മിനിറ്റിനുശേഷം വിനീഷ്യസ് ജൂണിയറുടെ മികച്ചൊരു ത്രൂബോൾ റോഡ്രിഗോയ്ക്കു ലഭിച്ചു. റോഡ്രിഗോയുടെ ഷോട്ട് വലയിൽ.
റയലിന്റെ ലീഡ് 66-ാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ ഫിൽ ഫോഡൻ തകർത്തു. 71-ാം മിനിറ്റിൽ ജോസ്കോ ഗ്വാർഡിയോൾ സിറ്റിക്ക് ലീഡ് നൽകി. എന്നാൽ, 79-ാം മിനിറ്റിൽ ഫെഡറികോ വാൽവെർദെയുടെ സുന്ദരമായ വോളി റയലിനു സമനില നൽകി. ഈ മൂന്ന് ഗോളും ബോക്സിനു പുറത്തുനിന്നുള്ള മിന്നും ഷോട്ടുകളിലൂടെയായിരുന്നു എന്നതാണ് ശ്രദ്ധേയം. റിക്കാർഡിൽ ആൻസിലോട്ടി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസിലോട്ടി പരിശീലകനായുള്ള 200-ാമത്തെ ചാന്പ്യൻസ് ലീഗ് മത്സരമായിരുന്നു. യൂറോപ്യൻ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പരിശീലകനായതിന്റെയും ഏറ്റവും കൂടുതൽ വിജയം (114), കൂടുതൽ തവണ ചാന്പ്യൻസ് ലീഗ് ട്രോഫി (നാല്) എന്നീ റിക്കാർഡുകളും ആൻസിലോട്ടിക്കാണ്.
Source link