ജയ്പുർ: ഗുജറാത്ത് ടൈറ്റൻസിന്റെ ചേസിംഗിൽ രാജസ്ഥാൻ റോയൽസ് വീണു. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് 2024 സീസണിലെ ആദ്യ തോൽവി. ഹോം മത്സരത്തിൽ രാജസ്ഥാൻ മൂന്ന് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനോട് തോൽവി വഴങ്ങി. 19-ാം ഓവറിൽ എറിഞ്ഞ കുൽദീപ് സെൻ 20 റൺസ് വഴങ്ങിയതാണ് രാജസ്ഥാന്റെ തോൽവിക്കു കാരണം. സ്കോർ: രാജസ്ഥാൻ റോയൽസ് 196/3 (20). ഗുജറാത്ത് ടൈറ്റൻസ് 199/7 (20). ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (44 പന്തിൽ 72), സായ് സുദർശനും (29 പന്തിൽ 35) ഗുജറാത്ത് ഇന്നിംഗ്സിൽ തിളങ്ങി. 11 പന്തിൽ 24 റൺസുമായി റഷീദ് ഖാൻ പുറത്താകാതെ നിന്നു. ഗുജറാത്തിനു വേണ്ടി ചാഹൽ രണ്ടും കുൽദീപ് സെൻ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി. തുടർച്ചയായ നാല് ജയത്തിനുശേഷം കളത്തിലെത്തിയ രാജസ്ഥാൻ റോയൽസിന് ഹോം ഗ്രൗണ്ടിൽ ടോസ് ഭാഗ്യം ലഭിച്ചില്ല. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബൗളിംഗ് തെരഞ്ഞെടുത്തു. ഗുജറാത്ത് പേസർമാരായ ഉമേഷ് യാദവിനെയും സ്പെൻസർ ജോണ്‍സനെയും രാജസ്ഥാൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ അനായാസം നേരിട്ടു. 19 പന്തിൽ അഞ്ച് ഫോറിന്റെ സഹായത്തോടെ 24 റണ്‍സ് നേടിയ ജയ്സ്വാളിനെ നിർഭാഗ്യം പിടികൂടി.
ഉമേഷ് യാദവിന്റെ പന്തിൽ സ്കൂപ്പ് ഷോട്ടിനു ശ്രമിച്ച ജയ്സ്വാൾ വിക്കറ്റിനു പിന്നിൽ മാത്യു വേഡിന്റെ ഗ്ലൗസിൽ അവസാനിച്ചു. തൊട്ടുപിന്നാലെ സ്പിന്നർ റഷീദ് ഖാനെ പന്തേൽപ്പിച്ച ഗിൽ ഉദ്ദേശിച്ച ഫലം ലഭിച്ചു. 10 പന്തിൽ എട്ട് റണ്‍സുമായി നിന്ന ബട്ലർ പുറത്ത്. സഞ്ജു-പരാഗ് രാജസ്ഥാൻ റോയൽസിനുവേണ്ടി 17-ാം സീസണിൽ ഏറ്റവും മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കുന്ന റിയാൻ പരാഗും ക്യാപ്റ്റൻ സഞ്ജു സാംസണും ക്രീസിൽ ഒന്നിക്കുന്നതാണ് പിന്നീട് കണ്ടത്. മൂന്നാം വിക്കറ്റിൽ ഇവർ 130 റണ്‍സ് നേടി. 78 പന്തിൽനിന്നായിരുന്നു ഇത്. 48 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും അടക്കം റിയാൻ പരാഗ് 76 റണ്‍സ് നേടി. 38 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 68 റണ്‍സുമായി സഞ്ജു സാംസണ് പുറത്താകാതെനിന്നു. 2024 ഐപിഎൽ എഡിഷനിൽ ഇരുവരുടെയും മൂന്നാം അർധസെഞ്ചുറിയാണ്.
Source link