ബ്രസൽസ്: രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ഏറ്റവും ചൂടേറിയ മാർച്ച് മാസമാണ് കഴിഞ്ഞുപോയതെന്ന് യൂറോപ്യൻ യൂണിയനിലെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം അറിയിച്ചു. കഴിഞ്ഞ മാസം ലോകത്തിലെ ശരാശരി താപനില (കരയും സമുദ്രവും ഉൾപ്പെടെ) 14.14 ഡിഗ്രി സെൽഷസ് ആയിരുന്നു. 2016ലെ റിക്കാർഡാണ് മറികടന്നത്. വ്യവസായവത്കരണത്തിനു മുന്‍പത്തെ (1850 മുതൽ 1900 വരെയുള്ള കാലഘട്ടത്തെ) മാർച്ച് മാസ ശരാശരി താപനിലയേക്കാൾ 1.68 ഡിഗ്രി കൂടുതലാണിത്. തുടർച്ചയായ പത്താം മാസവും ചൂടിന്റെ റിക്കാർഡ് തകർന്നുവെന്ന സവിശേഷതയും ഇത്തവണത്തെ മാർച്ചിനുണ്ട്. ലോകത്തിലെ ഏതാണ്ടെല്ലാ ഭാഗത്തും താപനില കൂടുതലായിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഓരോ മാസവും ചൂട് പുതിയ റിക്കാർഡുകൾ ഭേദിക്കുന്നത് അത്ര നല്ലതല്ലെന്ന് കോപ്പർ നിക്കസ് പഠനകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ സമാന്ത ബർഗസ് പറഞ്ഞു. അതിവേഗം കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നതിന്റെ സൂചനയാണിത്. മാർച്ച് മാസത്തിൽ സമുദ്രനിരപ്പിലെ താപനിലയും റിക്കാർഡ് ഭേദിച്ചു. ആഗോളതലത്തിൽ സമുദ്രോപരിതല താപനില 21.07 ഡിഗ്രി സെൽഷസ് ആയിരുന്നു. കാലാവസ്ഥയിൽ സുപ്രധാന പങ്കുവഹിക്കുന്ന എൽനിനോ പ്രതിഭാസത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം.
Source link