സൂപ്പർ തുഷാർ
ഐപിഎൽ 2021 ഐപിഎൽ താരലേലത്തിൽ ആർക്കും വേണ്ടായിരുന്ന ബൗളറായിരുന്നു തുഷാർ ദേശ്പാണ്ഡെ. എന്നാൽ, ചെന്നൈ സൂപ്പർ കിംഗ്സ് തുഷാറിനെ നെറ്റ് ബൗളറാക്കി. തുഷാറിന്റെ ബൗളിംഗ് മികവ് തിരിച്ചറിഞ്ഞ സിഎസ്കെ, 2022 ലേലത്തിൽ 20 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ ടീമിലെടുത്തു. ചെന്നൈ ബൗളിംഗ് കോച്ചായ ഡ്വെയ്ൻ ബ്രാവോയുടെ ശിക്ഷണത്തിലായിരുന്നു തുഷാർ തുടങ്ങിയത്. ഡെത്ത് ഓവറിൽ ബൗൾ ചെയ്യാൻ അങ്ങനെ തുഷാർ നിയോഗിക്കപ്പെട്ടു. 2023 സീസണിൽ ദീപക് ചാഹർ പരിക്കേറ്റ് പുറത്തായതോടെ പവർപ്ലേ ബൗളറാകാനുള്ള നറുക്ക് വീണു. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയെ ബൗൾഡാക്കിയായിരുന്നു ദേശ്പാണ്ഡെ 2023 സീസണിൽ ശ്രദ്ധിക്കപ്പെട്ടത്. 2023 സീസണിൽ 16 മത്സരങ്ങളിൽ 21 വിക്കറ്റ് വീഴ്ത്തി ചെന്നൈ സൂപ്പർ കിംഗ്സിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ സീസണിൽ സിഎസ്കെയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായിരുന്നു. 2024 സീസണിൽ ആദ്യ മൂന്ന് മത്സരങ്ങളിലും തോൽവി അറിയാതെ മുന്നേറിയ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാലാം മത്സരത്തിൽ ചെന്നൈ വീഴ്ത്തിയതിൽ നിർണായക പങ്കുവഹിച്ചത് ഇരുപത്തൊന്‍പതുകാരനായ തുഷാർ ദേശ്പാണ്ഡെ ആയിരുന്നു. നാല് ഓവറിൽ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ മാച്ച് ആയതെങ്കിലും തുഷാർ ദേശ്പാണ്ഡെയും മൂന്ന് വിക്കറ്റ് വീഴ്ത്തി. 33 റണ്‍സ് വഴങ്ങി മൂന്ന് വന്പൻ വിക്കറ്റുകളാണ് തുഷാർ പിഴുതത്. ഫിൽ സാൾട്ടിനെ ഗോൾഡൻ ഡക്കാക്കിയ തുഷാർ, റിങ്കു സിംഗ് (9), ആന്ദ്രേ റസൽ (10) എന്നിവരെയും മടക്കി.
ബ്രാവോ സ്റ്റൈൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബൗളിംഗ് കോച്ചായ ഡ്വെയ്ൻ ബ്രാവോയുടെ നിർദേശങ്ങൾ ബൗണ്ടറി ലൈനിൽവച്ച് കേൾക്കുന്ന സ്വഭാവക്കാരനാണ് തുഷാർ ദേശ്പാണ്ഡെ. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ആന്ദ്രേ റസലിന്റെ വിക്കറ്റ് വീഴ്ത്തിയശേഷം ഡ്വെയ്ൻ ബ്രാവോ സ്റ്റൈലിലാണ് ദേശ്പാണ്ഡെ അത് ആഘോഷിച്ചത്. ബ്രാവോയ്ക്കുള്ള സമ്മാനമായിരുന്നു ആ വിക്കറ്റ്. ആദ്യ ഇംപാക്ട് പ്ലെയർ ഐപിഎൽ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ താരമാണ് തുഷാർ ദേഷ്പാണ്ഡെ. 2023 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ആയിരുന്നു അത്. റണ്‍സ് വഴങ്ങുമെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതിലെ മികവാണ് തുഷാറിനെ വ്യത്യസ്തനാക്കുന്നത്. വൈഡ് യോർക്കർ, സ്ലോ യോർക്കർ തുടങ്ങിയ വ്യത്യസ്ത എന്നിങ്ങനെ ബാറ്റർമാരെ കുഴപ്പത്തിലാക്കുന്ന പന്ത് എറിയാൻ മിടുക്കനാണ്. മാത്രമല്ല, 140 കിലോമീറ്റർ ശരാശരി വേഗത്തിൽ പന്ത് എറിയാനും തുഷാർ ദേശ്പാണ്ഡെയ്ക്കു സാധിക്കും. ഐപിഎല്ലിൽ 2020ൽ ഡൽഹി ക്യാപ്പിറ്റൽസിനുവേണ്ടിയാണ് തുഷാർ അരങ്ങേറിയത്. അഞ്ച് മത്സരത്തിൽ മൂന്ന് വിക്കറ്റ് നേടാനേ അരങ്ങേറ്റ സീസണിൽ സാധിച്ചുള്ളൂ. 2022 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാണ്. ചെന്നൈക്കുവേണ്ടി 23 മത്സരങ്ങളിൽനിന്ന് 27 വിക്കറ്റ് സ്വന്തമാക്കി.
Source link