റോയൽസിനു മണികെട്ടുമോ… ?

ജയ്പുർ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 17-ാം സീസണിൽ വിജയക്കുതിപ്പ് തുടരാൻ രാജസ്ഥാൻ റോയൽസും വിജയ വഴിയിലേക്കെത്താൻ ഗുജറാത്ത് ടൈറ്റൻസും ഇന്ന് നേർക്കുനേർ പോരാടും. രാത്രി 7.30ന് ജയ്പുരിലെ സവായ് മൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണിൽ ഇതുവരെ പരാജയമറിയാത്ത ഏകടീമാണ് രാജസ്ഥാൻ. നാല് മത്സരങ്ങളിൽ നാല് ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഗുജറാത്താകട്ടെ അഞ്ചു മത്സരങ്ങളിൽ മൂന്നു തോൽവിയും രണ്ട് ജയവുമായി ഏഴാം സ്ഥാനത്തും. ഐപിഎൽ ചരിത്രത്തിൽ രാജസ്ഥാനും ഗുജറാത്തും അഞ്ച് തവണ ഏറ്റുമുട്ടി. രാജസ്ഥാന്റെ ജയം ഒരു മത്സരത്തിൽ മാത്രം. ഗുജറാത്ത് നാല് ജയവുമായി കണക്കുകളിൽ മുന്നിൽ. എന്നാൽ, ഈ സീസണിൽ രാജസ്ഥാന്റെ പ്രകടനം ഗുജറാത്തിന് ശക്തമായ വെല്ലുവിളിയുയർത്തും. മത്സരം റോയലാകുമോ ടൈറ്റാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജയ്പുർ സ്റ്റേഡിയം ബൗളിംഗിനെ തുണയ്ക്കുന്നതായതിനാൽ ടോസ് നേടുന്ന ടീം ബൗളിംഗ് തെരഞ്ഞെടുക്കാനാണു സാധ്യത. തുടക്കത്തിൽ പേസ് ആക്രമണത്തിന് പിച്ച് അനുകൂലമാകും. സ്പിന്നർമാർക്കും കാര്യമായ പിന്തുണ ലഭിക്കും, ഒപ്പം റണ്ണൊഴുക്കും യഥേഷ്ടമുണ്ടാകും.
ഈ സീസണിലെ പ്രകടനം റിയാൻ പരാഗ്, ക്യാപ്റ്റൻ സഞ്ജു സാംസണ് എന്നിവരാണ് രാജസ്ഥാൻ റോയൽസിനുവേണ്ടി ഇതുവരെ സ്ഥിരതയാർന്ന പ്രകടനം നടത്തിയ ബാറ്റർമാർ. നാല് മത്സരങ്ങളിൽനിന്ന് പരാഗ് 185 റണ്‍സ് നേടിയപ്പോൾ സഞ്ജു 178 റണ്‍സ് സ്വന്തമാക്കി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ സെഞ്ചുറി നേടി ബാറ്റിംഗ് ഫോം ജോസ് ബട്ലർ വീണ്ടെടുത്തതും രാജസ്ഥാന് ആശ്വാസമാണ്. മറുവശത്ത് ഗുജറാത്ത് ടൈറ്റൻസിന്റെ ടോപ് സ്കോറർമാർ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമാണ്. സായ് സുദർശൻ അഞ്ച് മത്സരങ്ങളിൽ 191ഉം ശുഭ്മാൻ ഗിൽ 183ഉം റണ്‍സ് നേടിയിട്ടുണ്ട്. വിക്കറ്റ് വേട്ടയിൽ രാജസ്ഥാൻ നിരയിൽ ഒന്നാമതുള്ളത് സ്പിന്നർ യുസ്വേന്ദ്ര ചാഹലാണ്, നാല് മത്സരങ്ങളിൽനിന്ന് എട്ട് വിക്കറ്റ്. അഞ്ച് മത്സരങ്ങളിൽനിന്ന് ഏഴ് വിക്കറ്റ് നേടിയ പേസർ മോഹിത് ശർമയാണ് ഗുജറാത്ത് നിരയിൽ ഒന്നാമൻ.
Source link