പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും; ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും, ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും – Latest News | Manorama Online
പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും; ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ഓൺലൈൻ ഡെസ്ക്
Published: April 09 , 2024 10:28 AM IST
1 minute Read
സുപ്രീംകോടതി (ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ)
ന്യൂഡൽഹി∙ പൗരത്വ നിയമഭേദഗതിയും ചട്ടങ്ങളും ചോദ്യം ചെയ്യുന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സർക്കാർ ധൃതിപിടിച്ചു ചട്ടം വിജ്ഞാപനം ചെയ്തതിനെയാണ് മുസ്ലിം ലീഗ് അടക്കമുള്ള ഹർജിക്കാർ ചോദ്യം ചെയ്തത്. ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മാർച്ച് 19ന് തള്ളിയിരുന്നു. വിശദമായ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് സമയമനുവദിച്ചുകൊണ്ടാണ് അപേക്ഷകളിൽ ഏപ്രിൽ ഒൻപതിന് വിശദമായ വാദം കേൾക്കുമെന്നു കോടതി വ്യക്തമാക്കിയത്.
പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥകൾക്കെതിരെ 237 ഹർജികൾ നിലവിലുണ്ട്; കഴിഞ്ഞ 11ന് വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് 20 അപേക്ഷകളും. സ്റ്റേ ആവശ്യം എതിർത്ത് കേന്ദ്രം സത്യവാങ്മൂലം നൽകിയിരുന്നു. വിശദമായ മറുപടി നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നാലാഴ്ച ആവശ്യപ്പെട്ടു. ആരുടെയും പൗരത്വം എടുത്തുകളയുന്നതല്ല വ്യവസ്ഥകളെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിനു സമയം നൽകിയാലും പരിഷ്കരിച്ച നിയമപ്രകാരമുള്ള നടപടികൾക്കു സ്റ്റേ വേണമെന്ന് കേരള സർക്കാർ, മുസ്‍ലിം ലീഗ്, ഡിവൈഎഫ്ഐ, രമേശ് ചെന്നിത്തല, സിപിഎം, സിപിഐ, സമസ്ത, ടി.എൻ. പ്രതാപൻ തുടങ്ങിയ അപേക്ഷകർ ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയായാണ് അടിസ്ഥാന സൗകര്യങ്ങൾ തയാറായിട്ടില്ലെന്ന് ജഡ്ജിമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരുമുൾപ്പെട്ട ബെഞ്ച് പറഞ്ഞത്. അപേക്ഷകർ വാദങ്ങൾ അടുത്ത മാസം രണ്ടിനകവും കേന്ദ്രം എതിർവാദങ്ങൾ എട്ടിനകവും എഴുതി നൽകണമെന്നും കോടതി വ്യക്തമാക്കി.
പൗരത്വം അനുവദിക്കൽ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകാനുള്ള സാധ്യത മുസ്‌ലിം ലീഗിനുവേണ്ടി കപിൽ സിബലും ഹാരിസ് ബീരാനും ഉന്നയിച്ചിരുന്നു. അങ്ങനെയുണ്ടായാൽ കോടതിയെ സമീപിക്കാമെന്നാണ് അന്ന് ബെഞ്ച് പറഞ്ഞത്. സംസ്ഥാന സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്ക്കുവേണ്ടി ഇന്ദിര ജയ്സിങ്ങുമാണ് ഹാജരായത്.
English Summary:
CAA petitions in supreme court- Updates
mo-news-common-caaprotest 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2imfpe1gtlaj6rfd5kss8p740o mo-judiciary-supremecourt mo-legislature-caa
Source link