ഗുകേഷിനെ പിന്തള്ളി നിപോംനിഷി
ടൊറൊന്റോ: 2024 ഫിഡെ കാൻഡിഡേറ്റ്സ് ഓപ്പണ്‍ ചെസിൽ റഷ്യയുടെ ഇയാൻ നിപോംനിഷി ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ഡി. ഗുകേഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് നിപോംനിഷിയുടെ മുന്നേറ്റം. നാലാം റൗണ്ടിൽ നിപോംനിഷി ഇന്ത്യയുടെ വിദിത് ഗുജറാത്തിനെ തോൽപ്പിച്ചു. ഇതോടെ റഷ്യൻ താരത്തിന് മൂന്ന് പോയിന്റ് ആയി. നാലാം റൗണ്ടിൽ ഗുകേഷ് അമേരിക്കയുടെ ഫാബിയാനൊ കരുവാനയുമായി സമനിലയിൽ പിരിഞ്ഞു. 2.5 പോയിന്റുമായി ഗുകേഷ് രണ്ടാമതാണ്. കരുവാനയ്ക്കും 2.5 പോയിന്റ് ഉണ്ട്. മൂന്നാം റൗണ്ടിൽ വിദിത് ഗുജറാത്തിനെ തോൽപ്പിച്ച് ഒരു പോയിന്റ് നേടിയ ആർ. പ്രജ്ഞാനന്ദയ്ക്ക് നാലാം റൗണ്ടിൽ സമനില. അമേരിക്കയുടെ ഹികാരു നാകാമുറയോടാണ് പ്രജ്ഞാനന്ദ സമനിലയിൽ പിരിഞ്ഞ് പോയിന്റ് പങ്കുവച്ചത്.
വനിതാ വിഭാഗം കാൻഡിഡേറ്റ്സ് ചെസിന്റെ നാല് റൗണ്ട് പൂർത്തിയായപ്പോൾ ചൈനയുടെ ടാൻ സോങ് യി മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യയുടെ ആർ. വൈശാലി രണ്ട് പോയിന്റുമായി നാലാം സ്ഥാനത്തും കൊനേരു ഹംപി 1.5 പോയിന്റുമായി ആറാമതുമാണ്. നാലാം റൗണ്ടിൽ വൈശാലി റഷ്യയുടെ അലക്സാന്ദ്ര ഗോറിയച്ച്കിനയോട് സമനിലയിൽ പിരിഞ്ഞു. അതേസമയം, ഹംപിയെ ബൾഗേറിയയുടെ നർഗ്യൂൽ സലിമോവ തോൽപ്പിച്ചു. നാല് റൗണ്ടിനു ശേഷം ഓപ്പണ്‍, വനിതാ വിഭാഗങ്ങളിൽ ഒരുദിവസം വിശ്രമമാണ്.
Source link