ടെൽ അവീവ്: ഇസ്രയേൽ സൈന്യം പിൻവാങ്ങിയതോടെ തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിലേക്ക് പലായനം ചെയ്ത പലസ്തീൻകാർ മടങ്ങിയെത്തിത്തുടങ്ങി. എന്നാൽ യുദ്ധം മുച്ചൂടും നശിപ്പിച്ച നഗരത്തിൽ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരങ്ങൾക്കിടയിൽ സ്വന്തം പാർപ്പിടം കണ്ടെത്താൻ പലർക്കും സാധിച്ചില്ല. പാർപ്പിടസമുച്ചയങ്ങളും വ്യാപാരകേന്ദ്രങ്ങളുമായിരുന്ന ഇടങ്ങളെല്ലാം ഇപ്പോൾ മൺകൂമ്പാരങ്ങൾ മാത്രമാണ്. സ്കൂളുകളും ആശുപത്രികളും വരെ യുദ്ധം നശിപ്പിച്ചു. ഡിസംബറിലാണ് ഖാൻ യൂനിസിലേക്ക് ഇസ്രയേൽ സൈന്യം അധിനിവേശം നടത്തിയത്. ഏഴാം മാസത്തിലേക്ക് യുദ്ധം കടക്കുമ്പോൾ 33,000 പലസ്തീനികളാണു കൊല്ലപ്പെട്ടത്. ഇതിലേറെയും കുട്ടികളും സ്ത്രീകളുമാണ്. 2.3 ദശലക്ഷം ആളുകൾ സ്വന്തം നാട്ടിൽനിന്ന് പലായനം ചെയ്തു. ഗാസയിലെ ഭൂരിപക്ഷം പ്രദേശങ്ങളും വാസയോഗ്യമല്ലാതാകുകയും ചെയ്തു. നിരവധി സ്ഥലങ്ങൾ പ്രത്യേകിച്ച് നഗരപ്രദേശങ്ങൾ ജീവിതയോഗ്യമല്ലാതായെന്ന് ഖാൻ യൂനിസിൽ മടങ്ങിയെത്തിയ മുഹമ്മദ് അബ്ദൽ ഖനി പറയുന്നു. യുദ്ധം ആരംഭിച്ചതോടെ ഖാൻ യൂനിസിൽനിന്ന് പലായനം ചെയ്തവരിലൊരാളാണ് ഖനി.
തിരിച്ചെത്തിയപ്പോൾ താൻ കാണുന്നത് തന്റെ വീടും അയൽവാസിയുടെ വീടും മൺകൂനയായി മാറിയതാണ്- ഖനി കൂട്ടിച്ചേർത്തു. നഗരത്തിന്റെ ഭൂരിഭാഗവും കൽക്കൂനകളായി മാറിയിരിക്കുകയാണെന്ന് മറ്റൊരു ഖാൻ യൂനിസ് നിവാസിയായ ബാസൽ അബു നാസർ പറഞ്ഞു. ഒരുതരത്തിലും ഈ പ്രദേശങ്ങൾ ജീവിതാർഹമല്ല. അവർ ഇവിടെ ഒന്നും അവശേഷിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയിൽ വ്യോമാക്രമണത്തിൽ വീട് തകർന്നതോടെയാണ് രണ്ട് കുട്ടികളുടെ പിതാവായ ബാസൽ കുടുംബവുമായി പലായനം ചെയ്തത്. ഇസ്രയേൽ പിൻവാങ്ങിയതിനു പിന്നാലെ പലസ്തീനികൾ ഖാൻ യൂനിസിലേക്കു കാൽനടയായും കഴുതവണ്ടികളിലും സൈക്കിൾ റിക്ഷകളിലും കൈവണ്ടികളിലും മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. കൈയിൽ എടുക്കാവുന്ന അവശ്യവസ്തുക്കളുമായാണ് പലരുടെയും മടക്കം. എന്നാൽ ഇസ്രയേൽ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫ ഉൾപ്പെടെ ഹമാസ് വീണ്ടും സംഘടിച്ചതായി പറയുന്ന പ്രദേശങ്ങളിൽ വ്യോമാക്രമണങ്ങളും റെയ്ഡുകളും തുടരുകയാണ്.
Source link