Vishu കണ്ണിനു പൊൻകണിയുമായി വിഷു; കണി കാണേണ്ടത് എപ്പോൾ?
മണ്ണിന്റെ മണവുമായി വീണ്ടുമൊരു വിഷുക്കാലം. സമ്പത്സമൃദ്ധമായ പ്രകൃതിയുടെ ഓർമക്കാഴ്ച തന്നെയാണു വിഷുക്കണി. മഞ്ഞയണിഞ്ഞ കൊന്നമരക്കൊമ്പിലിരുന്നു വിഷുപ്പക്ഷി വിളിച്ചുണർത്തുകയാണ്; മലയാണ്മയുടെ മണ്ണിനെ, മനസ്സിനെ, പ്രകൃതിയെത്തന്നെയും. തളിരിലകളുടെ കുളിരുമായെത്തുന്നു ആ കിളിനാദം: വിത്തും കൈക്കോട്ടും…. വിഷുവെന്ന കൃഷിയുത്സവത്തിന്റെ വരവു തന്നെയാണത്.
വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണി തന്നെ. വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണു കണ്ണിനു പൊൻകണിയായി ഉരുളിയിലൊരുക്കുന്നത്. ആണ്ടറുതിയാണല്ലോ വിഷു. നെടുവീർപ്പുകളുടെ ഒരാണ്ടു കഴിഞ്ഞു പ്രത്യാശയുടെ വെളിച്ചവുമായി പുതിയൊരാണ്ടിന്റെ പിറവി. പുത്തനാണ്ടിന് ഐശ്വര്യമേകാൻ കണിയായി ഒരുക്കുന്നതോ പ്രകൃതിയിലെ വിഭവങ്ങൾ തന്നെ. സമ്പത്സമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി.
കണിയിൽ എന്തൊക്കെ…?പൂജാമുറിയിൽ വിഷുക്കണിയായി ഒരുക്കുന്നതു നമ്മെ നാമായി നിലനിർത്തുന്ന ഈ പ്രകൃതിയെത്തന്നെ. പ്രപഞ്ചത്തിന്റെ പ്രതീകമായ ഓട്ടുരുളിയിൽ ആദ്യം ഉണക്കലരി നിരത്തണം. തനിമയാർന്ന ധാന്യസമൃദ്ധിയിലാണു ജീവിതത്തിന്റെ നിലനിൽപ്. ഓട്ടുരുളിയിലെ ഉണക്കലരിയിൽ വയ്ക്കുന്നതും സമൃദ്ധിയുടെ പ്രതീകങ്ങൾ- സ്വർണനിറമുള്ള കണിവെള്ളരിക്ക, കൊന്നപ്പൂക്കുല, വെറ്റില, പഴുക്കടയ്ക്ക, നാളികേരം, കസവുമുണ്ട്, അതിൽ ചാർത്തി സ്വർണമാല, സിന്ദൂരച്ചെപ്പ്, വാൽക്കണ്ണാടി, ഗ്രന്ഥം, പിന്നെ, ചക്ക, മാങ്ങ തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ എല്ലാ പഴങ്ങളും. എല്ലാം ഒരുക്കിവച്ച ഓട്ടുരുളിക്കടുത്തു ഈശ്വരസാന്നിധ്യമായി ശ്രീകൃഷ്ണവിഗ്രഹവും. ആ വിഗ്രഹത്തിനു മുന്നിൽ നിലവിളക്കു കൂടി കത്തിച്ചുവയ്ക്കുന്നതോടെ വിഷുക്കണി ഒരുങ്ങി.
സൂപ്പർ മാർക്കറ്റിൽ പോയി കൃത്രിമസാധനങ്ങൾ വാങ്ങി ഇലക്ട്രിക് നിലവിളക്കിനു മുന്നിൽ നിരത്തിവയ്ക്കുന്നതല്ല വിഷുക്കണി. അതിനു പ്രകൃതിയുടെ തുടിപ്പു വേണം. കൊന്നപ്പൂവും കണിവെള്ളരിയും ചക്കയും മാങ്ങയുമൊക്കെ നമ്മിലേക്കു പകരുന്നത് തനിമയാർന്ന ഐശ്വര്യത്തിന്റെ ആ തുടിപ്പു തന്നെ. പ്രകൃതിയുടെ തുടിപ്പിനൊപ്പം ഓട്ടുരുളിയിലെ വാൽക്കണ്ണാടിയിൽ പ്രതിഫലിക്കുന്നതു നമ്മുടെത്തന്നെ ജീവാത്മാവും. അടുത്ത ഒരു കൊല്ലം മുഴുവൻ നമ്മുടെ ജീവാത്മാവിൽ നിറയേണ്ടത് പ്രകൃതിയുടെ ഈ തുടിപ്പു തന്നെയാകണം. അതിനാണു വിഷുക്കണി.
കണി കാണേണ്ടത് എപ്പോൾ?വിഷുക്കണി കാണേണ്ടത് ഉണർന്നെഴുന്നേറ്റാലുടൻ എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എത്ര മണിക്കാണ് ഉണർന്നെഴുന്നേൽക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാർക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു. വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം എന്ന് അഷ്ടാംഗഹൃദയം പോലുള്ള ആയുർവേദഗ്രന്ഥങ്ങൾ പറയുന്നു. ബ്രാഹ്മമുഹൂർത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ പറയുന്നുണ്ട്.
ഈ ബ്രാഹ്മമുഹൂർത്തം കൃത്യമായി എപ്പോഴാണ് എന്ന കാര്യത്തിൽ വ്യത്യസ്തമായ ചില അഭിപ്രായങ്ങൾ ഉണ്ടെങ്കിലും സൂര്യോദയത്തിനു മുൻപുള്ള 48 മിനിറ്റിനു (രണ്ടു നാഴിക) മുൻപു 48 മിനിറ്റാണു ബ്രാഹ്മമൂഹൂർത്തം എന്നാണു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഒരു മുഹൂർത്തം എന്നാൽ 48 മിനിറ്റാണ്. അങ്ങനെ 24 മണിക്കൂർ ദിവസത്തിൽ ആകെ 30 മുഹൂർത്തങ്ങൾ. പകൽ 15, രാത്രി 15. ഇതിൽ രാത്രിയിലെ പതിനാലാമത്തെ മുഹൂർത്തമാണു ബ്രാഹ്മമുഹൂർത്തം. അതായത്, സൂര്യോദയം ആറു മണിക്കെങ്കിൽ പുലർച്ചെ 4.24 നു ബ്രാഹ്മമുഹൂർത്തം തുടങ്ങും. 5.12ന് അവസാനിക്കും. വിഷുക്കണി കാണുന്നതും ഈ ബ്രാഹ്മമുഹൂർത്തത്തിലായിരിക്കണം.
ഉദാരതയുടെ കൈനീട്ടംപ്രകൃതി തരുന്ന സമ്പത്സമൃദ്ധി മുഴുവൻ ഓട്ടുരുളിയിലാക്കി ഐശ്വര്യം പ്രാർഥിച്ചു നമ്മെ കണി കാണിക്കുന്ന കാരണവർ പിന്നെ ചെയ്യുന്നത് ഇളമുറക്കാരെയെല്ലാം വിളിച്ചുവരുത്തി കൈനീട്ടം നൽകലാണ്. പ്രകൃതിയുടെ സമ്പത്സമൃദ്ധി മുഴുവൻ സ്വന്തം പോക്കറ്റിലാക്കി സ്വയം അനുഭവിച്ചുതീർക്കാനുള്ളതല്ല, അതു വരുംതലമുറയ്ക്കു കൂടി പങ്കുവയ്ക്കാനുള്ളതാണ് എന്നോർമിപ്പിക്കുകയാണു വിഷുക്കൈനീട്ടത്തിലൂടെ. സമ്പത്ത് എന്നാൽ പ്രകൃതിയാണെന്നും അതു വരുംതലമുറയ്ക്കു കൈമാറാനുള്ളതാണെന്നും എത്ര സുന്ദരമായാണു വിഷുക്കണിയിലൂടെയും വിഷുക്കൈനീട്ടത്തിലൂടെയും പഴമക്കാർ നമുക്കു കാണിച്ചുതരുന്നത്! ഓരോ വിഷുവും നമ്മെ ഓർമിപ്പിക്കുന്നതും പ്രകൃതിയോടും തലമുറകളോടുമുള്ള കടപ്പാടു തന്നെ.വിഷുവും പുതുവർഷവുംപുതുവർഷപ്പിറവിയുടെ ഉത്സവമാണല്ലോ വിഷു. പുതുവർഷത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണു വിഷുക്കണിയൊരുക്കുന്നതും. എന്നാൽ എവിടെ പുതുവർഷം? മലയാളിയുടെ സ്വന്തമായ കൊല്ലവർഷത്തിൽ പുതുവർഷം പിറക്കാൻ ഇനിയും നാലു മാസം കഴിയണം, ചിങ്ങം പിറക്കണം. കലണ്ടറിലെ പുതുവർഷം നാലു മാസം മുൻപ്, ജനുവരിയിൽ, പിറക്കുകയും ചെയ്തു. എന്നാലും, വിഷു പുതുവർഷപ്പിറവിയുടെ ആഘോഷം തന്നെ!അതെങ്ങനെ?
വിഷു എന്ന വാക്കിന് അർഥം രാവും പകലും തുല്യമായ ദിവസം എന്നാണ്. എന്നാൽ രാവും പകലും തുല്യമായ വിഷുവദിനം കഴിഞ്ഞ് അടുത്ത സംക്രമത്തിലാണു വിഷു ആഘോഷിക്കുന്നത്. അതിനും കാരണമുണ്ട്. ഭൂമി സൂര്യനെ ചുറ്റുകയാണല്ലോ. എങ്കിലും ഭൂമിയിലിരിക്കുന്ന നമുക്കു സൂര്യൻ സഞ്ചരിക്കുന്നതായി തോന്നുന്നു. സൂര്യന്റെ ഈ സഞ്ചാരം ഒരുവട്ടം പൂർത്തിയാകുമ്പോഴാണ് ഒരു കൊല്ലമാകുന്നത്. സൂര്യന്റെ സഞ്ചാരപാത എന്നു സങ്കൽപിക്കുന്ന വൃത്തത്തിന്റെ തുടക്കമെവിടെ എന്നു നിശ്ചയിക്കുന്നിടത്താണു വർഷത്തിന്റെയും തുടക്കം.
ആകെ 360 ഡിഗ്രിയുള്ള കാലവൃത്തത്തിന്റെ പൂജ്യം ഡിഗ്രി ബിന്ദു ഏത് എന്നതു നിശ്ചയിക്കുന്നത് അയനാംശം പോലുള്ള ജ്യോതിശ്ശാസ്ത്രവിഷയങ്ങളെ അടിസ്ഥാനമാക്കിയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം, സഞ്ചാരവൃത്തത്തിലെ തുടക്കബിന്ദു എന്നു നിശ്ചയിച്ച മേഷബിന്ദുവിൽ സൂര്യൻ എത്തുന്നതോടെ മേടമാസം തുടങ്ങുകയായി. ആ വൃത്തത്തിലെ ആദ്യബിന്ദുവിൽ നിന്നു തൊട്ടുപിന്നിലുള്ള അവസാനബിന്ദുവിലേക്കുള്ള സഞ്ചാരകാലം ഒരു വർഷവും. അങ്ങനെ മേടസംക്രമം മലയാളികൾക്കു പുതുവർഷപ്പിറവിയുമായി. മലയാളകൊല്ലം ആരംഭിക്കുന്നതു ചിങ്ങം ഒന്നിനാക്കിയതു പിൽക്കാലതീരുമാനം മാത്രം.
Source link