മ്യാൻമറിൽ പട്ടാളത്തിനു തിരിച്ചടി
യാങ്കോൺ: മ്യാൻമറിലെ പട്ടാളഭരണകൂടത്തിനു വലിയ തിരിച്ചടി നല്കിക്കൊണ്ട് കാരൻ വിമത പോരാളികൾ (കാരൻ നാഷണൽ യൂണിയൻ) കിഴക്കൻ പട്ടണമായ മ്യാവാഡി പിടിച്ചെടുത്തു. തായ്ലൻഡ് അതിർത്തിയോടു ചേർന്ന പട്ടണത്തിലെ സൈനികർ വിമതർക്കു കീഴടങ്ങി. പട്ടാളവിരുദ്ധരുടെ സഹായത്തോടെയാണു കാരൻ വിമതർ വിജയം നേടിയത്. മ്യാൻമറിനും തായ്ലൻഡിനും ഇടയിലെ ഭൂരിഭാഗം വാണിജ്യവസ്തുക്കളും കടന്നുപോകുന്നത് ഈ പട്ടണത്തിലൂടെയാണ്. മൂന്നു വർഷം മുന്പ് ആംഗ് സാൻ സൂചി അടക്കമുള്ള ജനാധിപത്യനേതാക്കളെ തടവിലാക്കി ഭരണം പിടിച്ചെടുത്ത പട്ടാളം അടുത്തിടെ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. നേരത്തേ, ചൈനീസ് അതിർത്തിയോടു ചേർന്ന ഷാൻ സംസ്ഥാനത്തും ബംഗ്ലാദേശ് അതിർത്തിയിലെ രാഖൈൻ സംസ്ഥാനത്തും പട്ടാളത്തിനു തോറ്റോടേണ്ടിവന്നിരുന്നു. ആയിരക്കണക്കിനു പട്ടാളക്കാർ കൊല്ലപ്പെടുകയോ കീഴടങ്ങുകയോ കൂറുമാറുകയോ ചെയ്തു.
കാരൻ വംശത്തിനു സ്വയംഭരണം ലഭിക്കാനായി പോരാടുന്ന കാരൻ നാഷണൽ യൂണിയൻ 2015ൽ വെടി നിർത്തിയതാണ്. 2021ലെ പട്ടാള അട്ടിമറിയോടെയാണു വീണ്ടും പോരാട്ടം തുടങ്ങിയത്. പട്ടാളഭരണത്തെ എതിർക്കുന്നവർ കാരൻ സംസ്ഥാനത്താണ് അഭയം തേടുന്നത്.
Source link