റഷ്യൻ അനുകൂലി പീറ്റർ പെല്ലഗ്രിനി സ്ലൊവാക്യൻ പ്രസിഡന്റ്
ബ്രാറ്റിസ്ലാവ: റഷ്യൻ അനുകൂലിയായ പീറ്റർ പെല്ലഗ്രിനി സ്ലൊവാക്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ അനുകൂലിയായ ഇവാൻ കോർചോക്കിനെയാണു പരാജയപ്പെടുത്തിയത്. പെല്ലഗ്രിനിക്ക് 53 ശതമാനം വോട്ടുകൾ ലഭിച്ചു. ഇപ്പോഴത്തെ പ്രസിഡന്റ് സുസാന കാപുറ്റോവ ജൂണിലാണു പദവിയൊഴിയുന്നത്. ഇതോടെ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും യുക്രെയ്നെ പിന്തുണയ്ക്കുന്ന ഒരു ശബ്ദംകൂടി ഇല്ലാതാകും. മുൻ പ്രധാനമന്ത്രിയായ പീറ്റർ പെല്ലഗ്രിനി ഇപ്പോഴത്തെ പ്രധാനമന്ത്രിയും റഷ്യന്‍ അനുകൂലിയുമായ റോബെർട്ട് ഫിസോയുടെ സഖ്യകക്ഷിയാണ്. ഒക്ടോബറിൽ ഫിസോ അധികാരത്തിലേറും വരെ യുക്രെയ്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു സ്ലൊവാക്യ. റഷ്യയെ നേരിടാനായി യുക്രെയ്ന് സ്ലൊവാക്യ മിഗ്-29 യുദ്ധവിമാനങ്ങൾ നല്‍കിയിരുന്നു.
പെല്ലഗ്രിനിയും ഫിസോയും യുക്രെയ്ന് ആയുധം നല്‍കുന്നതിനെ എതിർക്കുന്നവരാണ്. യുക്രെയ്ൻ ഉടൻ യുദ്ധം നിർത്തി മോസ്കോയുമായി സമാധാനചർച്ച നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Source link