മൂന്നാം ജയവുമായി ലക്നോ
ലക്നോ: ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ലക്നോ സൂപ്പർ ജയന്റ്സിനു 33 റണ്‍സ് ജയം. ടോസ് നേടി ബാറ്റ് ചെയ്ത ലക്നോ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 163 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ 18.5 ഓവറിൽ ടൈറ്റൻസ് 130ന് എല്ലാവരും പുറത്തായി. 3.5 ഓവറിൽ 30 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ യാഷ് താക്കൂർ ആണ് ടൈറ്റൻസിനെ തകർത്തത്. കൃണാൽ പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തി. 43 പന്തിൽ 58 റണ്‍സ് നേടിയ മാർകസ് സ്റ്റോയിൻസാണ് ലക്നോയുടെ ടോപ് സ്കോറർ. 31 പന്തിൽ 33 റണ്‍സുമായി രാഹുൽ പുറത്തായശേഷം വൈകാതെ തന്നെ സ്റ്റോയിൻസിനെയും നഷ്ടമായി. നിക്കോളസ് പുരാനും (22 പന്തിൽ 32 നോട്ടൗട്ട്), ആയുഷ് ബദോനിയും (11 പന്തിൽ 20) ലക്നോയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ടൈറ്റൻസിനായി ഉമേഷ് യാദവും ദർശൻ നൽകൻഡേയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് ടൈറ്റൻസ് ഇട്ടത്. സായി സുദർശൻ-ശുഭ്മാൻ ഗിൽ ഓപ്പണിംഗ് കൂട്ടുകെട്ട് 54 റണ്‍സിലെത്തിയപ്പോഴാണ് പിരിഞ്ഞത്. 19 റണ്‍സ് നേടിയ ഗില്ലിനെ യാഷ് താക്കൂർ ക്ലീൻബൗൾഡാക്കി. തൊട്ടുപിന്നാലെ കെയ്ൻ വില്യംസണും പുറത്തായി. വൈകാതെ തന്നെ സായി സുദർശനും (23 പന്തിൽ 31) പുറത്തായതോടെ ടൈറ്റൻസ് തകർന്നു. പിന്നീടുള്ള വിക്കറ്റ് വീഴ്ചകൾ പെട്ടെന്നായിരുന്നു. രാഹുൽ തെവാട്യ (25 പന്തിൽ 30) പൊരുതി നോക്കിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.
Source link