ബാറ്റിംഗ് വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിന് സീസണിലെ ആദ്യ ജയം
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് 17-ാം സീസണിലെ തുടർച്ചയായ മൂന്നു തോൽവികൾക്കുശേഷം മുംബൈ ഇന്ത്യൻസ് വിജയപാതയിൽ. ബാറ്റിംിന്റെ വെടിക്കെട്ട് കണ്ട വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് 29 റണ്‍സിനു ഡൽഹി ക്യാപിറ്റൽസിനെ തകർത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റണ്‍സ്. ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റണ്‍സ്. 10 പന്തിൽ 39 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത റൊമാരിയോ ഷെപ്പേഡാണ് കളിയിലെ താരം. രോഹിത് ശർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ് എന്നിവർ മുംബൈക്കായി ചൂടുള്ള ബാറ്റിംഗ്് പ്രകടനം കാഴ്ചവെച്ചപ്പോൾ മറുഭാഗത്ത് പൃഥ്വി ഷാ, അഭിഷേക് പൊറേൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചപ്പോൾ വാങ്കഡെ സ്റ്റേഡിയത്തിൽ പിറന്നത് 40 ഓവറിൽ 439 റണ്‍സ്. മുംബൈയുടെ അവസാന ഓവറുകളിൽ ടിം ഡേവിഡും റൊമാരിയോ ഷെപ്പേർഡും ചേർന്ന് നടത്തിയ ആക്രമണ ബാറ്റിംഗുമാണ് മുംബൈയെ വലിയ സ്കോറിലെത്തിച്ചത്. രോഹിത് ശർമ- ഇഷാൻ കിഷൻ ഓപ്പണിംഗ് സഖ്യം 80 റണ്‍സാണ് നേടിയത്. ഏഴാം ഓവറിൽ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ വച്ച് 27 പന്തിൽ 49 റണ്‍സ് നേടിയ രോഹിത്, അക്സർ പട്ടേലിന്റെ പന്തിൽ ക്ലീൻബൗൾഡായി. പരിക്ക് മാറി തിരിച്ചെത്തിയ സൂര്യകുമാർ യാദവ് നിരാശപ്പെടുത്തി. നേരിട്ട രണ്ടാം പന്തിൽത്തന്നെ പൂജ്യത്തിന് പുറത്തായി. ടീം സ്കോർ 111-ൽ നിൽക്കേ ഇഷാൻ കിഷനും മടങ്ങി. 23 പന്തിൽ 42 റണ്‍സ് നേടിയ കിഷനെ അക്സർ പട്ടേൽ തന്നെയാണ് പുറത്താക്കിയത്. തുടർന്ന് സ്കോർ ഇഴഞ്ഞുനീങ്ങി. 13-ാം ഓവറിൽ തിലക് വർമയെ (6) ഖലീൽ അഹമ്മദ് മടക്കിയയച്ചു. 17.5-ാം ഓവറിൽ 33 പന്തിൽ 39 റണ്‍സ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മടങ്ങി. അപ്പോഴേക്കും സ്കോർ ഭേദപ്പെട്ട നിലയിലെത്തിയിരുന്നു. ടിം ഡേവിഡ്, ഷെപ്പേഡ്
പിന്നീടുള്ള രണ്ടോവറുകളിലാണ് വാങ്കഡെയെ ആവേശത്തിലാക്കിയ ബാറ്റിംഗ് വിരുന്ന് ടിം ഡേവിഡും ഷെപ്പേഡും ഒരുക്കിയത്. 19-ാം ഓവറിൽ 19 റണ്‍സും നോർക്യ എറിഞ്ഞ 20-ാം ഓവറിൽ നാലു സിക്സും രണ്ടു ഫോറും പായിച്ച് ഷെപ്പേർഡ് 32 റണ്‍സ് അടിച്ചുകൂട്ടി. നാല് ഓവറിൽ 92 റണ്‍സാണ് ഡൽഹി ബൗളർമാർ വഴങ്ങിയത്. 21 പന്തിൽ നാലു സിക്സും രണ്ടു ഫോറുമായി 45 റണ്‍സ് നേടിയ ഡേവിഡും 10 പന്തിൽ നാലു സിക്സും മൂന്നു ഫോറുമായി ഷെപ്പേഡും പുറത്താകാതെ നിന്നു. സ്റ്റബ്സ്, ഷാ, പൊറേൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് നാലാം ഓവറിൽത്തന്നെ ഡേവിഡ് വാർണറെ (പത്ത്) നഷ്ടപ്പെട്ടു. ഷെപ്പേർഡിന്റെ പന്തിൽ ഹാർദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് വാർണർ മടങ്ങിയത്. പിന്നീട് അഭിഷേക് പൊരേലും പൃഥ്വി ഷായും ചേർന്ന് 88 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മൂന്ന് സിക്സും എട്ട് ഫോറും സഹിതം 40 പന്തിൽ 66 റണ്‍സ് നേടിയ പൃഥ്വി ഷാ മടങ്ങി. പതിനഞ്ചാം ഓവറിൽ അഭിഷേക് പൊറേലിനെ (31 പന്തിൽ 41) ബുംറ ടിം ഡേവിഡിന്റെ കൈകളിൽ നൽകി . ക്യാപ്റ്റൻ ഋഷഭ് പന്തിനെ ജെറാൾഡ് കോട്സീ ഹാർദിക്കിന്റെ കൈകളിലേക്ക് നൽകി മടക്കി (1). ഒരറ്റത്ത് വിക്കറ്റ് കൊഴിയുന്പോഴും ആക്രമണ ബാറ്റിംഗ് നടത്തിയ സ്റ്റബ്സ് ഡൽഹിക്കു പ്രതീക്ഷകൾ നൽകി. എന്നാൽ അവസാന ഓവറിൽ സ്റ്റബ്സിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ല. കോട്സി എറിഞ്ഞ ഈ ഓവറിൽ മൂന്നു വിക്കറ്റുകളാണ് വീണത്. 25 പന്തിൽ മൂന്നു ഫോറും പറത്തിയ സ്റ്റബ്സ് 71 റണ്‍സുമായി പുറത്താകാതെനിന്നു. മുംബൈയ്ക്കായി ജെറാൾഡ് കോട്സി നാല് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ടും ഷെപ്പേർഡ് ഒന്നും വിക്കറ്റ് നേടി. IPL പോയിന്റ് ടീം, മത്സരം, ജയം, തോൽവി, പോയിന്റ് രാജസ്ഥാൻ 4 4 0 8 കോൽക്കത്ത 3 3 0 6 ലക്നോ 4 3 1 6 ചെന്നൈ 4 2 2 4 ഹൈദരാബാദ് 4 2 2 4 പഞ്ചാബ് 4 2 2 4 ഗുജറാത്ത് 5 2 3 4 മുംബൈ 4 1 3 2 ബംഗളൂരു 5 1 4 2 ഡൽഹി 5 1 4 2
Source link