‘രാഷ്ട്രീയ അഭിലാഷത്തിനായി ചരിത്രം വളച്ചൊടിക്കരുത്’: കങ്കണയെ വിമർശിച്ച് നേതാജിയുടെ കുടുംബം

‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ്’: കങ്കണയുടെ പരാമർശത്തിനെതിരെ നേതാജിയുടെ കുടുംബം- Kangana Ranaut | Manorama News
‘രാഷ്ട്രീയ അഭിലാഷത്തിനായി ചരിത്രം വളച്ചൊടിക്കരുത്’: കങ്കണയെ വിമർശിച്ച് നേതാജിയുടെ കുടുംബം
ഓൺലൈൻ ഡെസ്‌ക്
Published: April 07 , 2024 11:07 PM IST
Updated: April 07, 2024 11:16 PM IST
1 minute Read
കങ്കണ റനൗട്ട്
ന്യൂഡൽഹി∙ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണെന്ന നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ റനൗട്ടിന്റെ പരാമർശത്തിനെതിരെ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം. രാഷ്ട്രീയ അഭിലാഷത്തിനായി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്ന് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് എക്സിൽ കുറിച്ചു.
‘‘നേതാജി സുഭാഷ് ചന്ദ്രബോസ് രാഷ്ട്രീയ ചിന്തകനും സൈനികനും രാഷ്ട്രതന്ത്രജ്ഞനും ദർശകനുമായിരുന്നു. അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാൻ കഴിയുന്ന ഒരേയൊരു നേതാവ്. എല്ലാവരെയും ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം പിന്തുടരുന്നതാണ് നേതാവിനോടുള്ള യഥാർഥ ആദരവ്.’’– ചന്ദ്രകുമാർ ബോസ് മറ്റൊരു പോസ്റ്റിൽ പറഞ്ഞു.
Netaji Subhas Chandra Bose was a political thinker,soldier,statesman, visionary and the 1st PM of undivided India.The only leader who could unite all communities as Bharatiyas to fight for India’s freedom.Real respect to the leader would be to follow his inclusive ideology. pic.twitter.com/W4zjrHYOVs— Chandra Kumar Bose (@Chandrakbose) April 6, 2024
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചന്ദ്രകുമാർ ബോസ് ബിജെപിയിൽനിന്നു രാജിവച്ചിരുന്നു. തന്റെ തത്വങ്ങൾ പാർട്ടിയുമായി യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു രാജി. ഇന്ത്യയുടെ പേര് ‘ഭാരതം’എന്നാക്കുമെന്ന ചർച്ചകൾക്കിടെയായിരുന്നു നടപടി. കങ്കണയുടെ പരാമർശത്തിനെതിരെ വിമർശനവും ട്രോളുകളും നിറഞ്ഞതോടെയാണ് മറുപടിയുമായി ചന്ദ്രകുമാർ ബോസ് രംഗത്തെത്തിയത്.
ചാനല്‍ പരിപാടിക്കിടെയായിരുന്നു കങ്കണയുടെ വിവാദപരാമർശം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ നമ്മുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി എന്നായിരുന്നു കങ്കണയുടെ ചോദ്യം. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നില്ലെന്ന് അവതാരക ഓര്‍മിപ്പിച്ചപ്പോള്‍ എന്തുകൊണ്ട് അദ്ദേഹം പ്രധാനമന്ത്രിയായില്ല എന്നാണുദ്ദേശിച്ചതെന്ന് കങ്കണ മലക്കംമറിഞ്ഞു. സ്വാതന്ത്ര്യം കിട്ടിയിട്ടും വിദേശനയം പിന്തുടരുന്ന ശക്തികള്‍ നേതാജിയെ ഇന്ത്യയില്‍ കാല്‍ കുത്താന്‍ അനുവദിച്ചില്ലെന്നും കങ്കണ വാദിച്ചു.
ട്രോളുകൾ നിറഞ്ഞതോടെ വിശദീകരണവുമായി കങ്കണ രംഗത്തെത്തി. തന്നെ ട്രോളുന്നവരോട് ചരിത്രം പഠിക്കാൻ കങ്കണ ആവശ്യപ്പെട്ടു. നേതാജി 1943ൽ സിംഗപ്പൂരിൽ ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ച് ആദ്യ പ്രധാനമന്ത്രിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നെന്ന് ഒരു ലേഖനം പങ്കുവച്ച് അവർ എക്സിൽ കുറിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ ബിജെപി സ്ഥാനാർഥിയാണ് കങ്കണ.
English Summary:
Netaji’s family rebukes Kangana Ranaut over ‘first PM’ remark
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 4i8hbk7ppaiuboog8gl8m5db2a mo-news-world-countries-india-indianews mo-news-national-personalities-netaji-subhas-chandra-bose mo-entertainment-movie-kanganaranaut