BUSINESS

ലിപ്ബാം മുതൽ നാപ്കിൻ വരെ.. ബിസിനസിലും നയൻസ് ലേഡി സൂപ്പർസ്റ്റാർ!

ലിപ്ബാം മുതൽ നാപ്കിൻ വരെ.. ബിസിനസിലും നയൻസ് ലേഡി സൂപ്പർസ്റ്റാർ!|Nayanthara in Malayalam Movie| Manorama Online Sampadyam

ലിപ്ബാം മുതൽ നാപ്കിൻ വരെ.. ബിസിനസിലും നയൻസ് ലേഡി സൂപ്പർസ്റ്റാർ!

മീര നളിനി

Published: April 07 , 2024 08:41 AM IST

2 minute Read

ബിസിനസ് ലോകത്തെ ശക്തരായ വനിതകളിൽ ഒരാളായി കഴിഞ്ഞ വർഷം ബിസിനസ് ടുഡേ മാഗസിൻ തിരഞ്ഞെടുത്തവരിൽ ഒരാൾ നയൻതാരയാണ്

നയൻതാര Photo Credits : Instagram/Nayanthara

മലയാളമണ്ണിൽ നിന്ന് പറന്നുയർന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് താരറാണിപ്പട്ടം സ്വന്തമാക്കിയ നയൻതാര ഇന്ന് ഇന്ത്യൻ സിനിമാലോകത്തെ നായികമാരിൽ മുൻനിരയിലാണ്. മലയാളത്തിലെ ഒരു ചാനലിൽ അവതാരക ആയി കരിയറിന് തുടക്കമിട്ട നയൻതാരയ്ക്ക് ഇന്ന് കോടികളുടെ ആസ്തിയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് 200 കോടി രൂപയാണ് നയൻതാരയുടെ ആകെ ആസ്തി. ചെന്നൈയിലും ഹൈദരാബാദിലും കേരളത്തിലും വീടുകളും ഫ്ലാറ്റുകളും ഭൂസ്വത്തുക്കളുമുണ്ട് നടിയ്ക്ക്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികമാരിൽ ഒരാളാണ് നയൻതാര. ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച നയൻതാര ഇപ്പോൾ ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം 10 കോടിയാണ്!. സിനിമയിൽ നിന്ന് സമ്പാദിക്കുന്ന കോടികൾക്ക് പുറമെ, ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബിസിനസിൽ തന്റേതായ ഇടം ഉറപ്പിച്ചു കഴിഞ്ഞു ഈ താരസുന്ദരി. ബിസിനസ് ലോകത്തെ ശക്തരായ വനിതകളിൽ ഒരാളായി കഴിഞ്ഞ വർഷം ബിസിനസ് ടുഡേ മാഗസിൻ തിരഞ്ഞെടുത്തവരിൽ ഒരാൾ നയൻതാരയാണ്. 
സിനിമ നിർമ്മിച്ച് തുടക്കം

ഭർത്താവായ വിഘ്നേശ് ശിവനോടൊപ്പം ചേർന്നാണ് നയൻതാര ബിസിനസ് രംഗത്തേക്ക് ചുവട് വയ്പ്പ് നടത്തിയത്. വിഘ്നേശുമായി പ്രണയത്തിലായിരിക്കെ 2021ൽ റൗഡി പിക്ചേഴ്സ് എന്ന നിർമ്മാണക്കമ്പനിയിലൂടെ, നിരൂപക പ്രശംസ നേടിയ കൂഴങ്കൾ എന്ന സിനിമ നിർമ്മിച്ചായിരുന്നു തുടക്കം. തുടർന്ന് കത്തുവാക്കുള്ളെ രണ്ട്ര് കാതൽ, നേട്രിക്കൺ തുടങ്ങി ആറോളം ചിത്രങ്ങൾ ഇരുവരും നിർമ്മിച്ചിട്ടുണ്ട്. അതേവർഷം തന്നെ സിനിമയ്ക്ക് പുറത്തേക്കുള്ള തന്റെ ബിസിനസിനും നയൻതാര തുടക്കമിട്ടു. പ്രമുഖ ഡർമ്മറ്റോളജിസ്റ്റ് ഡോ. റെനിത രാജനോടൊപ്പം ചേർന്ന് ലിപ്ബാമുകൾക്ക് മാത്രമായി ‘ദി ലിപ് ബാം കമ്പനി’ എന്ന പേരിലാണ് സംരംഭത്തിന് തുടക്കമിട്ടത്. 100ലേറെ വെറൈറ്റി ലിപ്ബാമുകൾ വികസിപ്പിച്ചെടുത്ത ‘ദി ലിപ് ബാം കമ്പനി’ ലോകത്തിലെ തന്നെ ഇത്തരത്തിലെ വലുതെന്നാണ് ഉടമകൾ അവകാശപ്പെടുന്നത്. ഇതിന് പുറമെ ചെന്നൈ ആസ്ഥാനമായ ചായ് വാലെ എന്ന സംരംഭത്തിലും നയൻതാര പണം നിക്ഷേപിച്ചിട്ടുണ്ട്. 
2023ൽ തന്നിലെ ബിസിനസുകാരിയെ നയൻതാര വളർത്തിയെടുത്തു തുടങ്ങി. ഡെയ്സി മോർഗൻ എന്ന സംരംഭകയോടൊപ്പം ചേർന്ന് സ്കിൻകെയർ ബ്രാൻഡ് നയൻതാര ആരംഭിച്ചു. ആരാധകർ സ്നേഹപൂർവം വിളിക്കുന്ന നയൻ എന്ന പേര് കൂട്ടിച്ചേർത്ത് 9സ്കിൻ എന്ന പേരിലാണ് പ്രീമിയം ക്വാളിറ്റി സ്കിൻ കെയർ പ്രൊഡക്ട്സ് ബ്രാൻഡ് ആരംഭിച്ചത്. ബൂസ്റ്റർ ഓയിൽ, ആന്റി ഏജിങ് സെറം, ഗ്ലോ സെറം, നൈറ്റ് ക്രീം, ഡേ ക്രീം എന്നിവയാണ് 9സ്കിൻ ഇതുവരെ പുറത്തിറക്കിയ ഉൽപ്പന്നങ്ങൾ. ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളാണ് 9സ്കിന്നിന്റെ  പ്രധാന വിപണികൾ. 

ഡോ.ഗോമതിയുമായി സഹകരിച്ച് ഫെമി9 എന്ന പേരിൽ ഒരു സാനിറ്ററി നാപ്കിൻ ബ്രാൻഡും കഴിഞ്ഞവർഷം ആരംഭിച്ചു നയൻതാര. സ്ത്രീകളോടും സമൂഹത്തോടുമുള്ള നയൻതാരയുടെ പ്രതിബന്ധത തെളിയിക്കുന്നതു കൂടിയാണ് എക്കോ ഫ്രണ്ട്ലി ആയ ഈ നാപ്കിൻ ബ്രാൻഡ്. ഡോ.ഗോമതിയുടെ ആശയത്തിനൊപ്പം നയൻതാരയും വിഘ്നേശും നിൽക്കുകയായിരുന്നു. വാട്സാപ്പിലൂടെ പ്രധാനമായും കച്ചവടം നടത്തിത്തുടങ്ങിയ ആദ്യത്തെ നാപ്കിൻ ബ്രാൻഡ് ഒരുപക്ഷേ ഫെമി9 ആകും. തുടങ്ങി ഒരുവർഷത്തിനുള്ളിൽ തന്നെ ഇരുബ്രാൻഡുകളും ആരാധകരുടെ പ്രിയപ്പെട്ടതായി മാറി. കൂടാതെ, പരമ്പരാഗത ഭക്ഷ്യധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദി ഡിവൈൻ ഫുഡ്സ് എന്ന സംരംഭത്തിലും നയൻതാര പണം നിക്ഷേപിച്ചിട്ടുണ്ട്.

സിനിമ പോലെ ബിസിനസും

സിനിമയിലും വ്യക്തിജീവിതത്തിലും ജയപരാജയങ്ങളിലൂടെ കയറിയിറങ്ങിയാണ് നയൻതാര ഇന്നത്തെ തന്റെ സിംഹാസനം ഉറപ്പിച്ചത്. സിനിമയിലും ബിസിനസിലുമുള്ള തന്റെ എല്ലാ വിജയത്തിന്റെയും ക്രെഡിറ്റ് നയൻസ് നൽകുന്നത് ഭർത്താവ് വിഘ്നേശ് ശിവനാണ്. ജീവിതത്തിലും ബിസിനസിലും തങ്ങളുടെ കൂട്ടുകെട്ട് തന്നെയാണ് വിജയരഹസ്യമെന്ന് നയൻതാര പലയിടത്തും പറഞ്ഞിട്ടുണ്ട്. ബിസിനസ് അവസരങ്ങളെ കുറിച്ച് പഠിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിഘ്നേശ് ചെയ്യുമ്പോൾ ഉൽപ്പന്നത്തിന്റെ ബ്രാൻഡിങ് ആണ് നയൻതാര ഫോക്കസ് ചെയ്യുന്നത്. അടുത്തിടെ ആരംഭിച്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഭർത്താവ്, മക്കളായ ഉയിർ, ഉലകം എന്നിവരോടൊപ്പമുള്ള സന്തോഷനിമിഷങ്ങൾ പങ്കുവയ്ക്കുന്നതോടൊപ്പം തന്റെ ബ്രാൻഡുകളും ആരാധകരിലേക്ക് എത്തിക്കുന്നു താരം.
കേരളം ആസ്ഥാനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് പണമിടപാട് സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡറായി കഴിഞ്ഞ ദിവസം നയൻതാരയെ കമ്പനി പ്രഖ്യാപിച്ചു. അതിന് പുറമെ സ്ലൈസ് എന്ന മാംഗോജ്യൂസ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം.  ഇപ്പോഴുള്ള ബ്രാൻഡുകൾക്ക് പുറമെ കൂടുതൽ ബിസിനസ് ആശയങ്ങൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് നയൻതാരയും വിഘ്നേശ് ശിവനും.

English Summary:
Nayanthara The Lady Superstar in Movie and Business

2g4ai1o9es346616fkktbvgbbi-list mo-celebrity-celebrity-business mo-business-entrepreneur mo-entertainment-movie-nayanthara mo-entertainment-common-malayalammovie rignj3hnqm9fehspmturak4ie-list 1aq0p2b17j90o7e0rg9jar1mvu mo-business


Source link

Related Articles

Back to top button