ബംഗാളിൽ എൻഐഎ സംഘത്തിനു നേരെ ആൾക്കൂട്ട ആക്രമണം
ബംഗാളിൽ എൻഐഎ സംഘത്തിനു നേരെ ആൾക്കൂട്ട ആക്രമണം – Mob attack against NIA team in Bengal | Malayalam News, India News | Manorama Online | Manorama News
ബംഗാളിൽ എൻഐഎ സംഘത്തിനു നേരെ ആൾക്കൂട്ട ആക്രമണം
മനോരമ ലേഖകൻ
Published: April 07 , 2024 03:29 AM IST
1 minute Read
ആക്രമണം സ്ഫോടനക്കേസ് പ്രതികളെ പിടികൂടി മടങ്ങുമ്പോൾ
ബംഗാളിൽ സ്ഫോടനക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തു മടങ്ങുകയായിരുന്ന എൻഐഎ സംഘത്തിനു നേരെയുണ്ടായ കല്ലേറിൽ കാറിന്റെ ചില്ല് തകർന്ന നിലയിൽ.
കൊൽക്കത്ത ∙ ബംഗാളിൽ സ്ഫോടനക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തു മടങ്ങുകയായിരുന്ന എൻഐഎ സംഘത്തിനു നേരെ ആക്രമണം. കല്ലേറിൽ ഒരു ഉദ്യോഗസ്ഥനു പരുക്കേറ്റു. കാറിന്റെ ചില്ല് തകർന്നു. സ്ഫോടനക്കേസിൽ പ്രതികളായ 2 പേരെ പൂർവ മെദിനിപുരിലെ ഭൂപതിനഗറിൽ നിന്ന് അറസ്റ്റ് ചെയ്ത് മടങ്ങുംവഴിയാണ് ആക്രമണമുണ്ടായത്.
എൻഐഎയുടെ വാഹനം സ്ത്രീകൾ ഉൾപ്പെടെയുള്ള 150 ൽ പരം വരുന്ന ആൾക്കൂട്ടം തടഞ്ഞിട്ട ശേഷം കല്ലെറിഞ്ഞു. ആക്രമണമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞിട്ടും സംഘത്തിന് കൊൽക്കത്തയിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ല. പ്രദേശത്തേക്ക് കേന്ദ്രസേനയെ അയച്ചു.
അത്യന്തം ഗൗരവമായ സംഭവമാണിതെന്നും അർഹിക്കുന്ന ഗൗരവത്തോടെ വേണ്ട നടപടികളെടുക്കുമെന്നും ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് പറഞ്ഞു.
2022 ൽ ഒരു വീട്ടിൽ നടന്ന സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെട്ട സംഭവമാണ് എൻഐഎ അന്വേഷിക്കുന്നത്. ബാലയ് ചരൺ മൈതി, മനോബ്രത ജാന എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ എൻഐഎ ഉദ്യോഗസ്ഥർ ആക്രമിക്കുകയായിരുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പൊലീസും തൃണമൂൽ കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും എൻഐഎ സംഘം ആക്രമണത്തിനിരയായിട്ടും പൊലീസ് നടപടി വേണ്ടവിധം ഉണ്ടായില്ലെന്നും ബംഗാൾ ബിജെപി ഘടകം ആരോപിച്ചു.
കഴിഞ്ഞ ജനുവരിയിൽ സന്ദേശ്ഖലിയിൽ ഇ.ഡിയുടെ സംഘത്തെയും ആൾക്കൂട്ടം ആക്രമിച്ചിരുന്നു. തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവരായിരുന്നു അന്നത്തെ ആക്രമണത്തിന് നേതൃത്വം നൽകിയത്. കേസിലെ പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷാജഹാൻ ഷെയ്ഖിനെ ഒന്നര മാസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു.
English Summary:
Mob attack against NIA team in Bengal
mo-judiciary-lawndorder-nia mo-crime-attack 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-news-national-personalities-cvanandabose s2m9ftcgd79kcf5jr49sfi57o
Source link