പ്ലീസ്, ഒരു ജയം…
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 17-ാം സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്ന് സ്വന്തം കളത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ. പരിക്ക് മാറി തിരിച്ചെത്തുന്ന സൂര്യകുമാർ യാദവിലാണ് മുംബൈയുടെ പ്രതീക്ഷകൾ. മൂന്നു മത്സരം കഴിഞ്ഞപ്പോൾ എല്ലാ മേഖലയിലും നാണംകെട്ടിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. തുടർച്ചയായ മൂന്നു തോൽവി നേരിട്ടിരിക്കുന്ന മുംബൈക്ക് ഇനി ജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവാത്ത അവസ്ഥയാണ്. ഡൽഹിയാണെങ്കിൽ നാലു കളിയിൽ ഒരു ജയവുമായി പത്തു ടീമുകളുള്ള ലീഗിൽ ഒന്പതാമതാണ്. തിരിച്ചുവരവിനൊരുങ്ങുന്ന സൂര്യകുമാറിന് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് അടുത്തെത്തിയ സ്ഥിതിക്ക് ഫോമും ഫിറ്റ്നസും തെളിയിക്കേണ്ടതുമുണ്ട്. രോഹിത് ശർമയും ഇഷാൻ കിഷനും ചേരുന്ന മുംബൈ ഓപ്പണിംഗ് ശക്തമാണെങ്കിലും ഇരുവർക്കും ഇതുവരെ വൻ സ്കോർ നേടാനായിട്ടില്ല. മധ്യനിരയിലെ തിലക് വർമയ്ക്കും നമാൻ ദിറിനും മാച്ച് വിന്നിംഗ് പ്രകടനം പുറത്തെടുക്കാനായിട്ടില്ല എന്നതും ശ്രദ്ധേയം.
ബൗളിംഗിൽ ആകാശ് മധ്വാളിന്റെ പ്രകടനം മാത്രമേ എടുത്തുപറയാനുള്ളൂ. ജസ്പ്രീത് ബുംറ നന്നായി പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റുകൾ കിട്ടുന്നില്ല. തുടർച്ചയായ രണ്ട് അർധസെഞ്ചുറിയുമായി ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്ത് ഫോമിലാണ്. പക്ഷേ, മറ്റുള്ളവരിൽനിന്നുള്ള പിന്തുണ കുറവാണ്. കഴിഞ്ഞ കളിയിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബൗളിംഗ് തീർത്തും മോശമായിരുന്നു. ഡേവിഡ് വാർണർ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. പൃഥ്വി ഷാ നിരാശപ്പെടുത്തുകയാണ്. മിച്ചൽ മാർഷ് നാലു കളിയിലും ഇറങ്ങിയെങ്കിലും വലിയ പോരാട്ടങ്ങളൊന്നും നടത്താനായില്ല.
Source link