Loksabha Election സിവിൽ കോഡുമായി ബിജെപി; മാഫിയ എടുത്തിട്ട് കോൺഗ്രസ്: ഉത്തരാഖണ്ഡ് ആർക്കൊപ്പം
കേരളവും ഉത്തരാഖണ്ഡും തമ്മിൽ ഒരു താരതമ്യം വേണോ? വേണമെങ്കിൽ അകാം. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഹിമവാന്റെ മടിത്തട്ടിൽ ഹരിദ്വാരും കേദാർനാഥും അടക്കമുള്ള തീർഥാടന കേന്ദ്രങ്ങളുള്ള ഉത്തരഖണ്ഡ‍് ദേവഭൂമികളിലൊന്നാണ്. അതുമാത്രമല്ല ബിജെപിയും കോൺഗ്രസും തമ്മിൽ കാലങ്ങളായി നേർക്കുനേർ പോരാട്ടം കാലങ്ങളായി നടക്കുന്ന മണ്ഡലങ്ങളും. സത്യത്തിൽ കോൺഗ്രസും ബിജെപിയും മാറിമാറി ഭരിച്ചിരുന്ന സംസ്ഥാനം പതിയെ ബിജെപിയുടെ കൈപ്പിടിയിലായി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ‍്. കോൺഗ്രസിന് തിരിച്ചുവരവിനുള്ള സാധ്യത എത്രയാണ് ? പ്രകൃതിദുരന്തങ്ങളും കലാപങ്ങളും ഉത്തരാഖണ്ഡിനെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുമോ? നോക്കാം.
വിജയത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി 2019 ൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഉത്തരാഖണ്ഡിൽ 61.50 ശതമാനമായിരുന്നു പോളിങ്. 78.56 ലക്ഷം പേരാണ് വോട്ട് ചെയ്തത്. 52 സ്ഥാനാർഥികളാണു മത്സരരംഗത്തുണ്ടായിരുന്നത്. ബിജെപിയെയും കോൺഗ്രസിനെയും മാറിമാറി തോളേറ്റുന്ന പാരമ്പര്യം ഉത്തരാഖണ്ഡ് 2019 ൽ തിരുത്തിയെഴുതുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പല തവണ പ്രചാരണത്തിനെത്തി. ബിജെപി വൻ റാലികളും സമ്മേളനങ്ങളും സംഘടിപ്പിച്ചപ്പോൾ താഴെത്തട്ടിലുള്ള പ്രചാരണ പരിപാടികളാണു കോൺഗ്രസ് നടപ്പാക്കിയത്. ഉത്തരാഖണ്ഡിൽ അഞ്ചു സീറ്റും നേടി ബിജെപി വിജയം ആവർത്തിച്ചു. എല്ലാവർക്കും രണ്ടു ലക്ഷത്തിലേറെയായിരുന്നു ഭൂരിപക്ഷം. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ നൈനിറ്റാളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അജയ് ഭട്ട് 3.39 ലക്ഷം വോട്ടിനാണു തോൽപിച്ചത്.
1999 മുതൽ 2004 വരെ ബിജെപിയുടെ ബഷി സിങ് റാവത്ത് ആയിരുന്നു എംപി. 2004 ൽ മണ്ഡലങ്ങളുടെ എണ്ണം അഞ്ചായി. നൈനിറ്റാൾ ഉദ്ദംസിങ് നഗർ (Nainital- Udhamsingh Nagar), അൽമോര (Almora), തെഹ്‌രി ഗാഹ്‌വാൾ (Tehri Garhwal), ഹരിദ്വാർ (Haridwar), ഗാഹ്‌വാൾ (Garhwal). 2004 ൽ ലോക്സഭാ തിരഞ്ഞടുപ്പിൽ മൂന്ന് സീറ്റു ബിജെപിയും ഒരു സീറ്റു കോൺഗ്രസും ഒരു സീറ്റ് സമാജ്‌വാദി പാർട്ടിയും നേടി. 2009 ലെ തിരഞ്ഞടുപ്പിൽ അഞ്ചു സീറ്റും കോൺഗ്രസ് തൂത്തുവാരി. 2014 ലെ തിരഞ്ഞെടുപ്പിൽ അതേ നാണയത്തിൽത്തന്നെ ബിജെപി മറുപടി നൽകി.
2009 ലേയും 2014 ലേയും തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ മറ്റു പാർട്ടികൾക്ക് ഉത്തരാഖണ്ഡിൽ വലിയ പ്രസക്തിയില്ലാതെയായി. എസ്പി–ബിഎസ്പി സഖ്യവും മത്സരരംഗത്തുണ്ടായിരുന്നു. കോൺഗ്രസ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ബിജെപിയുടെ ബി.സി. ഖണ്ഡൂരി എന്നിവരാണു പ്രചാരണ പരിപാടികൾക്കു ചുക്കാൻ പിടിച്ചത്. 2014ലെ പോളിങ് 61.67 ശതമാനമായിരുന്നു.
സിവിൽ കോഡുമായി ബിജെപി, മാഫിയ എടുത്തിട്ട് കോൺഗ്രസ് കടുത്ത ശുദ്ധജലക്ഷാമവും പരിസ്ഥിതി പ്രശ്നങ്ങളെത്തുടർന്ന് ഗ്രാമങ്ങളിൽ നിന്നു നഗരങ്ങളിലേക്കുള്ള വൻ കുടിയേറ്റവുമുള്ള സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം ദേശീയതയായിരുന്നു. സംസ്ഥാനത്തിന്റെ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധമാറ്റി ദേശീയത ഉയർത്തിക്കൊണ്ടുവരുന്നതിൽ ബിജെപി വിജയിച്ചു. അനധികൃത ഖനനവും വനനശീകരണവും റിയൽ എസ്റ്റേറ്റ് മാഫിയയുടെ പ്രവർത്തനവും പ്രകൃതിക്കു ഭീഷണിയാകുന്നുണ്ട്. ഇതെല്ലാം ആയുധമാക്കിയാകും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്കും കൂട്ടർക്കുമെതിരെ കോൺഗ്രസ് ഉത്തരാഖണ്ഡിൽ പ്രചാരണം നടത്തുക.
അതേസമയം, ഏകീകൃത സിവിൽ കോഡ് പാസാക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ വരവേൽക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്താദ്യമായി ഏക സിവിൽ കോഡ് നടപ്പാക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ ഉന്നയിച്ച വിഷയം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പിലാക്കി വോട്ടുനേടാനാണ് ബിജെപിയുടെ ശ്രമം.
സഞ്ചാരികളുടെ പറുദീസ, ദുരന്തങ്ങളുടെ നാട് ഇന്ത്യയുടെ 27–ാമത് സംസ്ഥാനമായി 2000 നവംബർ 9നാണ് ഉത്തരാഖണ്ഡ് രൂപംകൊണ്ടത്. ഉത്തർപ്രദേശിന്റെ ഭാഗമായിരുന്ന പതിമൂന്ന് ഉത്തര പശ്ചിമ ജില്ലകളുടെ വികസനം സാധ്യമാകാനാണ് പ്രത്യേക സംസ്ഥാനമെന്ന ആശയം ഉടലെടുത്തത്. 2000 നവംബർ 9 ന് ഉത്തരാഞ്ചൽ എന്ന പേരിൽ നിലവിൽ വന്ന സംസ്ഥാനം 2006 ൽ ഉത്തരാഖണ്ഡ് എന്ന് പുനർനാമകരണം ചെയ്യപ്പെടുകയായിരുന്നു. പ്രധാന വാണിജ്യ കേന്ദ്രമായ ഡെറാഡൂൺ സംസ്ഥാനത്തിന്റെ തലസ്ഥാനമായി. 2004 ലാണ് സംസ്ഥാനത്ത് ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനുമുൻപ് അൽമോര എന്ന ലോക്സഭാ മണ്ഡലം മാത്രമാണുണ്ടായിരുന്നത്.
സഞ്ചാരികളുടെ പറുദീസ ആയ ഉത്തരാഖണ്ഡ് നേരിടുന്ന പ്രധാന പ്രശ്നം പ്രകൃതിക്ഷോഭങ്ങളാണ്. 2021 ഫെബ്രുവരിയിലുണ്ടായ പ്രളയത്തിൽ 83 പേർ മരിക്കുകയും 121 പേരെ കാണാതാവുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. ചമോലി ദുരന്തം എന്ന പേരിലും ഇത് അറിയപ്പെടുന്നു. 2013 ലുണ്ടായ മേഘവിസ്ഫോടനത്തിൽ കേദാർനാഥ് ഉൾപ്പെടെയുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഭൂമികുലുക്കവുമെല്ലാം ഉത്തരാഖണ്ഡുകാരുടെ ജീവിതം ദുരിതമാക്കുന്നുണ്ട്.
Source link