തീവ്രവാദം നടത്തി പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടുന്നവരെ വെറുതെ വിടില്ല, അവരെ പാക്ക് മണ്ണിൽ പ്രവേശിച്ച് വധിക്കും : രാജ്നാഥ് സിങ് – Latest News | Manorama Online
തീവ്രവാദം നടത്തി പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടുന്നവരെ വെറുതെ വിടില്ല, അവരെ പാക്ക് മണ്ണിൽ കടന്നുചെന്ന് വധിക്കും: രാജ്നാഥ് സിങ്
ഓൺലൈൻ ഡെസ്ക്
Published: April 06 , 2024 10:25 AM IST
1 minute Read
രജൗരിയിൽ സൈനികരുമായി സംവദിക്കുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. (PTI Photo)
ന്യൂഡൽഹി∙ ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി അതിർത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടുന്നവരെ അവിടെ കടന്നുചെന്ന് വധിക്കുമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാക്കിസ്ഥാനിൽ ഇന്ത്യ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് പത്രമായ ഗാർഡിയനിൽ വന്ന റിപ്പോർട്ടിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദം തുടച്ചുനീക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് 2020 മുതൽ 20 പാക്ക് പൗരന്മാരെ അവരുടെ നാട്ടിൽ പ്രവേശിച്ച് ഇന്ത്യ വകവരുത്തിയെന്നായിരുന്നു ഗാർഡിയൻ റിപ്പോർട്ട്. ഈ റിപ്പോർട്ട് തെറ്റാണെന്ന് ഇന്ത്യ നിലപാടെടുത്തതിനു പിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന വരുന്നത്.
‘‘അയൽരാജ്യങ്ങളുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കാനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. എന്നാൽ ആരെങ്കിലും തുടർച്ചയായി ഇന്ത്യയെ ബുദ്ധിമുട്ടിക്കുകയും രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ അവരെ വെറുതെ വിടില്ല. അവർ പാക്കിസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടാൽ അവരെ വധിക്കാനായി ഞങ്ങൾ പാക്കിസ്ഥാനിലേക്കു പ്രവേശിക്കും.’’ രാജ്നാഥ് സിങ് പറഞ്ഞു.
2019–ൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതേത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇന്ത്യൻ ഏജന്റുമാർ പാക്ക് പൗരന്മാരെ അവരുടെ മണ്ണിൽ കടന്നു വധിച്ചതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഈ വർഷം ആദ്യം പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു.
ഇന്ത്യ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുവെന്ന് യുഎസും കാനഡയും പരസ്യമായി കുറ്റപ്പെടുത്തിയതിനു പിന്നാലെയാണു ഗാർഡിയന്റെ റിപ്പോർട്ട് വന്നത്. എന്നാൽ റിപ്പോർട്ടു തെറ്റാണെന്നും ഇന്ത്യക്കെതിരെ നടക്കുന്ന ദുരുദ്ദേശ്യപരമായ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെന്നും വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം രംഗത്തുവന്നിരുന്നു.
English Summary:
‘India will enter Pakistan to kill terrorist’, says Rajnath Singh
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-rajnathsingh mo-news-world-countries-india-indianews 4u5nfb1ad9kd471d7b05sbuk8s mo-news-common-indiapakistanborder
Source link