വിരുദുനഗർ താരമണ്ഡലം; ‘നാട്ടാമൈ’യ്ക്കൊപ്പം മനൈവി രാധിക
ലൊക്കേഷൻ തമിഴ്നാട്ടിലെ വിരുദുനഗർ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ്. ചുട്ടു പൊള്ളുന്ന ചൂടിനു മേൽ ഇളം കാറ്റ് പതിയെപ്പതിയെ ഭൂരിപക്ഷം നേടിവരുന്നു. ആകാശത്ത് സന്ധ്യ മയങ്ങിയതിനു പിന്നാലെ മണ്ണിൽ നക്ഷത്രമുദിച്ചു. ഒന്നല്ല, വെള്ളിത്തിരയിലെ ഇരട്ട നക്ഷത്രങ്ങൾ. ശരത്കുമാറും രാധികയും. വിരുദുനഗറിലെ ബിജെപി സ്ഥാനാർഥിയും നടിയുമായ രാധികാ ശരത്കുമാർ മണ്ഡലത്തിലെ പ്രധാന യോഗത്തിൽ പങ്കെടുക്കാനെത്തുകയാണ്.
മുൻ സീറ്റിൽ നിന്ന് ആദ്യമിറങ്ങിയത് ശരത് കുമാറാണ്. മത്സരിക്കുന്നത് രാധികയെങ്കിലും പ്രചാരണത്തിന്റെ ഡ്രൈവിങ് സീറ്റിൽ തമിഴകത്തിന്റെ ‘സുപ്രീം സ്റ്റാർ’ തന്നെ. ‘ഭാരത് മാതാ കീ ജയ്’ വിളികൾക്കിടയിലേക്ക് നായികയുടെ എൻട്രി. കരിമരുന്ന് മണക്കുന്ന ശിവകാശി ഉൾപ്പെടുന്ന മണ്ഡലത്തിൽ ഇത്തവണ ‘വെടിക്കെട്ട്’ മത്സരമാണ്.
അണ്ണാ ഡിഎംകെ മുന്നണിയിൽ ഡിഎംഡികെ ടിക്കറ്റിൽ വിജയകാന്തിന്റെ മകനും നടനുമായ വിജയ് പ്രഭാകർ അങ്കം കുറിക്കുന്നു. അണികളുടെ സ്വന്തം ‘ചിന്ന ക്യാപ്റ്റന്’ ഇതു കന്നിയങ്കം. ഡിഎംകെ മുന്നണിയിൽ സിറ്റിങ് എംപി കോൺഗ്രസിന്റെ മാണിക്കം ടഗോർ വീണ്ടുമിറങ്ങുന്നു. ‘പെരും തലൈവർ’ കാമരാജിന്റെ ജന്മനാട്ടിൽ കഴിഞ്ഞ തവണ 1.57 ലക്ഷം വോട്ടിനാണ് ടഗോർ ജയിച്ചത്.
‘കിഴക്കേ പോകും റെയിൽ’ എന്ന ഭാരതിരാജ ചിത്രത്തിലൂടെയാണു രാധിക തമിഴ് തിരയിൽ അരങ്ങേറിയത്. 46 വർഷങ്ങൾക്കു ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ സീനിനിറങ്ങുമ്പോഴുമുണ്ട് സിനിമാറ്റിക് ടച്ച്. റോസ് നിറമുള്ള സാരിയുടുത്ത്, കഴുത്തിൽ ബിജെപി ഷാളണിഞ്ഞ് നടന്നുവരുമ്പോൾ ദിലീപ് ചിത്രമായ രാമലീലയിൽ അവർ അവതരിപ്പിച്ച രാഗിണി രാഘവനെന്ന കഥാപാത്രം മുന്നിൽ വന്നു നിൽക്കുന്നതു പോലെ തോന്നും.
രാധിക തിരഞ്ഞെടുപ്പിൽ പ്രധാന വേഷത്തിലെത്തുന്നത് ആദ്യമെങ്കിലും കണവർ ശരത്കുമാർ പയറ്റിത്തെളിഞ്ഞയാളാണ്. സിനിമപോലെ രാഷ്ട്രീയത്തിലും വേഷം മാറാൻ മടിച്ചു നിന്നില്ല. ഡിഎംകെയിലും പിന്നീട് അണ്ണാഡിഎംകെയിലും സഹനടനായിരുന്നു. എംഎൽഎയും എംപിയുമായി. പഴയ ബോഡി ബിൽഡിങ് ചാംപ്യന് രാഷ്ട്രീയ ജീവിതം വിചാരിച്ച രീതിയിൽ ‘ഷേപ്പാകുന്നില്ലെന്ന്’ കണ്ടതോടെ സമത്വ മക്കൾ കക്ഷിയെന്ന സ്വന്തം പാർട്ടി രൂപീകരിച്ച് ‘നായകനുമായി’. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചത്.
ശബ്ദമുയർത്തിയും കുറച്ചും വൈകാരികമായാണു രാധികയുടെ പ്രസംഗം. സിനിമയിലെ തിരഞ്ഞെടുപ്പു രംഗം ഓർമ വരും. ഇടയ്ക്ക് പഞ്ച് ഡയലോഗുണ്ട്. ‘എന്നുടെ നോക്കം ഒന്നു മാത്രം. നാട്ടുക്ക് നല്ലത് നടക്കണം’. പ്രസംഗത്തിലുടനീളം ‘നാട്ടാമൈ’ എന്നാണ് ശരത്കുമാറിനുള്ള വിശേഷണം. നാട്ടുമുഖ്യൻ എന്നു മലയാളം. ആ പേരിൽ ശരത് കുമാർ നായകനായി അഭിനയിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
33ന്റെ ചെറുപ്പവുമായെത്തുന്ന വിജയ് പ്രഭാകറിന്റെ പ്രതീക്ഷ മുഴുവൻ ‘അപ്പായോട്’ വോട്ടർമാർക്കുള്ള സ്നേഹവായ്പിലാണ്. വിജയകാന്തിന്റെ മരണശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെയാണ് പാർട്ടിയുടെ പ്രധാന ‘പ്രചാരണ വിഷയം’. മകനെ വിജയത്തിലേക്കു കൈ പിടിക്കാൻ, പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് ഡിഎംഡികെ ജനറൽ സെക്രട്ടറി കൂടിയായ പ്രേമലത വിജയകാന്താണ്.
വിരുദുനഗറിൽ 3 മുന്നണികൾക്കും വിജയത്തിനുള്ള തിരക്കഥ തയാറാണ്. രാധികയുടെ താരത്തിളക്കത്തിനൊപ്പം കഴിഞ്ഞതവണ ഒരു ലക്ഷത്തിലേറെ വോട്ടുനേടിയ ടി.ടി.വി.ദിനകരന്റെ പാർട്ടിയുടെ പിന്തുണ കൂടിയാകുമ്പോൾ ബിജെപി ഫോർമുല റെഡി. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ലഭിച്ച രണ്ടര ലക്ഷത്തിലേറെ വോട്ടിലും വിജയകാന്തിനോടുള്ള സഹതാപതരംഗത്തിലുമാണു ഡിഎംഡികെയുടെ പ്രതീക്ഷ.
കോൺഗ്രസിനും ഡിഎംകെയ്ക്കും വേരോട്ടമുള്ള മണ്ണിൽ മത്സരം പോലുമില്ലെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. മധുര വിമാനത്താവളവും വിരുദുനഗർ മണ്ഡലത്തിലാണ്. ഡൽഹിയിലേക്ക് ആര് ടേക്ക് ഓഫ് ചെയ്യും? ഉത്തരം വിരുദുനഗറിന്റെ മനസ്സിലുണ്ട്.
രാധിക മനോരമയോട്
Q ആദ്യമായാണ് സ്ഥാനാർഥിയാകുന്നത്. എങ്ങനെയുണ്ട് അനുഭവം?
a എവിടെച്ചെന്നാലും ജനങ്ങളുടെ സ്നേഹവായ്പ് അനുഭവിക്കുന്നു. സ്ത്രീകൾ അവരിലൊരാളായി കണ്ട് പ്രശ്നങ്ങൾ പറയുന്നു. തികഞ്ഞ വിജയപ്രതീക്ഷയുണ്ട്.
Q എന്തു കൊണ്ട് ബിജെപിയിൽ ചേർന്നു ?
a എന്തുകൊണ്ട് ചേരാതിരിക്കണം? .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്ത് നടക്കുന്ന മാറ്റങ്ങൾ കാണുന്നില്ലേ?. രാജ്യത്തെക്കുറിച്ചായാലും തമിഴകത്തെക്കുറിച്ചായാലും വ്യക്തമായ കാഴ്ചപ്പാടുള്ള പാർട്ടി ബിജെപിയാണ്.
Q ആരാണ് മുഖ്യ എതിരാളി. വിജയ് പ്രഭാകരോ, മാണിക്കം ടഗോറോ?
a എതിരാളികളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞങ്ങളുടെ ആശയം ഉയർത്തിപ്പിടിച്ച്, അതിനെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
Q എംപിയായി തിരഞ്ഞെടുക്കപ്പെട്ടാൽ അഭിനയം തുടരുമോ?
a അതെല്ലാം തീരുമാനിക്കാൻ ഇനിയും സമയമുണ്ടല്ലോ. ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് ലക്ഷ്യം.
Source link