ന്യൂഡൽഹി ∙ സംവരണ പരിധി 50 ശതമാനത്തിനു മുകളിലേക്കു വർധിപ്പിക്കും, 2025 മുതൽ കേന്ദ്ര സർക്കാർ നിയമനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തും എന്നതടക്കമുള്ള വാഗ്ദാനങ്ങളോടെ പ്രകടനപത്രിക കോൺഗ്രസ് പുറത്തിറക്കി. വിദ്യാർഥികളുടെ ബാങ്ക് വായ്പ എഴുതിത്തള്ളും, യുവാക്കൾക്ക് ഒരു ലക്ഷം രൂപ വാർഷിക വരുമാനത്തോടെ ഒരു വർഷത്തെ അപ്രന്റിസ്ഷിപ്പ് അനുവദിക്കും, നിർധന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ഉറപ്പാക്കും, സാമ്പത്തിക ദുർബല വിഭാഗക്കാർക്കുള്ള (ഇഡബ്ല്യുഎസ്) സംവരണത്തിനു ജാതി, മത വിവേചനം ഒഴിവാക്കും എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ 25 പ്രഖ്യാപനങ്ങളും ‘ന്യായ്പത്ര’ എന്ന പേരിൽ പുറത്തിറക്കിയ പ്രകടനപത്രികയിലുണ്ട്. ജാതി സെൻസസ് നടത്തിയശേഷമാണ് സംവരണം ഉയർത്തുക.
ജനപ്രതിനിധികളുടെ കൂറുമാറ്റം നിയന്ത്രിക്കാൻ ഭേദഗതി കൊണ്ടുവരും. കൂറുമാറുന്നവർ സ്വാഭാവികമായി അയോഗ്യരാകുമെന്നാണു ഭേദഗതി നിർദേശം. ലോക്സഭയും രാജ്യസഭയും നിയന്ത്രിക്കുന്നവർ നിഷ്പക്ഷരാണെന്ന് ഉറപ്പാക്കും, നിയമങ്ങളെ പ്രതികാര നടപടിക്ക് ഉപയോഗിക്കുന്നതു തടയും, നിയമവിരുദ്ധ റെയ്ഡ്, ബുൾഡോസറുകൾ ഉപയോഗിച്ചുള്ള പ്രതികാര നടപടി അവസാനിപ്പിക്കും.
സ്വവർഗ ദമ്പതികളുടെ വിവാഹവും സഹവാസവും നിയമവിധേയമാക്കാൻ നിയമം കൊണ്ടുവരും, ഭിന്നശേഷി, ലൈംഗികാഭിമുഖ്യം എന്നിവയുടെ പേരിൽ വിവേചനം അനുവദിക്കില്ല.
ജമ്മു കശ്മീരിനു സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നു പ്രഖ്യാപനമുണ്ടെങ്കിലും പ്രത്യേക പദവിയെക്കുറിച്ചും പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ചും പൗരത്വ നിയമത്തെക്കുറിച്ചും പരാമർശമില്ല. ഒപിഎസ് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് കേന്ദ്ര സർക്കാർ സമിതിയെ വച്ചിരിക്കുകയാണെന്നും അവരുടെ റിപ്പോർട്ട് വരാതെ അതേക്കുറിച്ചു പറയാനാകില്ലെന്നും പി.ചിദംബരം പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രകടനപത്രിക രൂപീകരണ സമിതി അധ്യക്ഷൻ പി.ചിദംബരം, സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
∙ സാമൂഹിക സുരക്ഷ പെൻഷൻ 1000 രൂപയാക്കും.
∙ കുറഞ്ഞ വേതനം 400 രൂപയായി ഉയർത്തും
∙ കർഷകർക്കു മിനിമം താങ്ങുവില ഉറപ്പു നൽകും,
∙ ഓരോ ജോലിക്കും തുല്യ വേതനം ഉറപ്പാക്കും.
∙ സർക്കാരിലെ 30 ലക്ഷം ഒഴിവുകൾ നികത്തും.
∙ പുതുച്ചേരിക്കു സംസ്ഥാന പദവി; ആന്ധ്രയ്ക്ക് പ്രത്യേക പദവി.
∙ വൺ റാങ്ക്, വൺ പെൻഷൻ പൊരുത്തക്കേട് പരിഹരിക്കും.
∙ ഭിന്നശേഷി പെൻഷൻ പുനഃസ്ഥാപിക്കും, നികുതിരഹിതമാക്കും.
∙ ഒരു രാജ്യം, ഒന്നിച്ചു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കില്ല.
∙ ജഡ്ജിമാർ, സർക്കാർ സെക്രട്ടറിമാർ, പൊലീസ് തുടങ്ങി ഉന്നത തലങ്ങളിൽ കൂടുതൽ സ്ത്രീനിയമനം.
∙ നീറ്റ്, സിയുഇടി പരീക്ഷകൾ വേണ്ടെന്നുവയ്ക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകും.
∙ ഏകപക്ഷീയമായ പാഠപുസ്തക പരിഷ്കരണം അവസാനിപ്പിച്ച് ഭരണഘടനാമൂല്യങ്ങൾ ഉൾക്കൊള്ളിക്കും.
∙ വർഷത്തിൽ 100 ദിവസം പാർലമെന്റ് സമ്മേളനദിവസം ഉറപ്പാക്കും.
∙ മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള നടപടികളെടുക്കും. സെൻസർഷിപ് അവസാനിപ്പിക്കും.
∙ ഭരണഘടന കോടതി, അപ്പീൽ കോടതി എന്നിങ്ങനെ സുപ്രീം കോടതിക്ക് 2 ഡിവിഷനുകൾ സൃഷ്ടിക്കും.
∙ ജഡ്ജി നിയമനത്തിന് നാഷനൽ ജുഡീഷ്യൽ കമ്മിഷൻ രൂപീകരിക്കും.
∙ ഡോക്ടർമാർക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരും.
പുതിയ ജിഎസ്ടി ഘടന വരും
രാജ്യത്തെ സമ്പദ്ഘടനയും നികുതിരീതിയും മെച്ചപ്പെട്ടതും ജനസൗഹൃദവുമാക്കാൻ നടപടിയുണ്ടാകുമെന്നും പി. ചിദംബരം വ്യക്തമാക്കി. പുതിയ ജിഎസ്ടി ഘടന അവതരിപ്പിക്കും, പ്രത്യക്ഷ നികുതിക്കു പുതിയ നിയമം കൊണ്ടുവരും, സ്റ്റാർട്ടപ്പുകൾക്കു മേൽ ചുമത്തുന്ന ‘എയ്ഞ്ചൽ നികുതി’ ഇല്ലാതാക്കും. എംഎസ്എംഇകൾക്കുമേലുള്ള നികുതിഭാരം കുറയ്ക്കും, തൊഴിൽ നൽകി നികുതി ക്രെഡിറ്റ് നേടാൻ കോർപറേറ്റുകൾക്കായി പുതിയ ഇൻസെന്റീവ് പദ്ധതി കൊണ്ടുവരും.
വലിയ പോരാട്ടം, ബിജെപി തോറ്റ 2004നു സമാനം: രാഹുൽ
ന്യൂഡൽഹി ∙ വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി 2004–ൽ പരാജയപ്പെട്ടതിനു സമാനമായി, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനെക്കാൾ വലിയ പോരാട്ടം ഇക്കുറി രാജ്യത്തു നടക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാൻ ശ്രമിക്കുന്നവരും സംരക്ഷിക്കാൻ ശ്രമിക്കുന്നവരും തമ്മിലാണ് ഇക്കുറി തിരഞ്ഞെടുപ്പ്. ജനങ്ങൾക്കു വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. വിജയിച്ചാൽ ബഹുഭൂരിപക്ഷം ജനതയുടെയും താൽപര്യങ്ങൾ സംരക്ഷിക്കും.
മറ്റു വിദഗ്ധരെ പോലെ തിരഞ്ഞെടുപ്പു ഫലം പ്രവചിക്കാൻ താൻ ജ്യോതിഷിയല്ല. എങ്കിലും രാജ്യത്തു നല്ല പോരാട്ടം നടക്കുന്നു. കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
Source link