ടെൽ അവീവ്: വേൾഡ് സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും മൂന്നു സൈനികർക്കു താക്കീതു നല്കിയെന്നും ഇസ്രയേൽ അറിയിച്ചു. തിങ്കളാഴ്ചത്തെ ദാരുണ സംഭവത്തിൽ ആഗോളതലത്തിൽ സഖ്യകക്ഷികളിൽനിന്നടക്കം അതിരൂക്ഷ വിമർശനം നേരിടുന്നതിനിടെ, ആക്രമണം വലിയ അപരാധമാണെന്നു സമ്മതിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ നടപടി. ആക്രമണത്തിനു നേതൃത്വം നല്കിയ മേജർ റാങ്കിലുള്ള ബ്രിഗേഡ് ഫയർ സപ്പോർട്ട് കമാൻഡർ, റിസർവ് സേനയിൽ കേണൽ റാങ്കുള്ള ബ്രിഗേഡ് ചീഫ് ഓഫ് സ്റ്റാഫ് എന്നിവരെയാണു പുറത്താക്കിയത്. ഡ്രോൺ പകർത്തിയ അവ്യക്ത ദൃശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും ഗുരുതരമായ ചട്ടലംഘനം നടന്നുവെന്നും ഇസ്രയേൽ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. റിട്ട. മേജർ ജനറൽ യൊവാവ് ഹാർ-ഇവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ദാരുണസംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഇനി സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സൈനിക വക്താവ് ഡാനിയൽ ഹാഗാരി പറഞ്ഞു. ബ്രിട്ടീഷ്, യുഎസ് പൗരന്മാരടക്കമുള്ള ഏഴു സന്നദ്ധപ്രവർത്തകർ സെൻട്രൽ ഗാസയിൽ ഭക്ഷ്യവസ്തുക്കൾ ഇറക്കി മടങ്ങവേ ആക്രമണത്തിനിരയായത് എങ്ങനെയെന്നു റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. ഡ്രോൺ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേണൽ ആണ് ആക്രമണത്തിന് ഉത്തരവിട്ടത്. ബാഗ് ധരിച്ച സന്നദ്ധപ്രവർത്തകനെ തോക്കുധാരിയെന്നു തെറ്റിദ്ധരിച്ചു. ആദ്യം ഒരു വാഹനത്തിനു നേർക്ക് മിസൈൽ പ്രയോഗിച്ചു.
ഈ വാഹനത്തിൽനിന്നു രണ്ടു പേർ രക്ഷപ്പെട്ട് മറ്റൊരു വാഹനത്തിൽ കയറി. അപ്പോൾ ഇസ്രേലി സേന രണ്ടാമത്തെ വാഹനത്തിനു നേർക്കു മിസൈൽ പ്രയോഗിച്ചു. ഈ ആക്രമണത്തെയും കുറച്ചുപേർ അതിജീവിച്ചു. ഇവർ മൂന്നാമതൊരു വാഹനത്തിൽ കയറി. എന്നാൽ അതിനു നേർക്കും സേന മിസൈൽ പ്രയോഗിച്ചു. ഇതോടെ എല്ലാ സന്നദ്ധപ്രവർത്തകരും മരിച്ചു. സന്നദ്ധപ്രവർത്തകരുടെ വാഹനം ഹമാസ് ഭീകരർ തട്ടിയെടുത്തുവെന്ന ധാരണയിലായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മൂന്ന് വ്യോമാക്രമണങ്ങൾ സൈനിക ചട്ടങ്ങളുടെ ലംഘനമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. സഹായവസ്തുക്കൾ എത്തിക്കാനായി ഗാസയിലേക്കു മൂന്നു റൂട്ടുകൾകൂടി അനുവദിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. വടക്കൻ ഗാസയിലെ എരെസ് ഗെയിറ്റ് താത്കാലികമായി തുറക്കും. അഷ്ദോദ് തുറമുഖം വഴിയും സഹായമെത്തിക്കാൻ അനുവദിക്കും. കെരം ഷാലോം വഴി ജോർദാനിൽനിന്നുള്ള കൂടുതൽ സഹായവും അനുവദിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ അറിയിപ്പുണ്ടായത്. വേൾഡ് സെൻട്രൽ കിച്ചൺ പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു ഫോൺ ചർച്ച. ഗാസയിലെ സ്ഥിതിവിശേഷം അംഗീകരിക്കാനാവുന്നതല്ലെന്നു ബൈഡൻ വ്യക്തമാക്കി. ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനും സന്നദ്ധപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉറച്ച നടപടികൾ ഉണ്ടാവണമെന്ന് അദ്ദേഹം നിർദേശിച്ചു.
Source link