വലയിൽ കുടുങ്ങിയ പൊൻമീൻ!
ഐപിഎൽ താരലേലത്തിനിടെ പഞ്ചാബ് കിംഗ്സിന്റെ ക്യാന്പിലേക്ക് അബദ്ധത്തിൽ വന്നുകയറിതാണ് ശശാങ്ക് സിംഗ് എന്നു പറഞ്ഞാൽ നെറ്റി ചുളിക്കേണ്ട. 2024 താര ലേലത്തിൽ ശശാങ്ക് സിംഗിനെ 20 ലക്ഷം രൂപയ്ക്കായിരുന്നു പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. എന്നാൽ, ആളറിയാതെ പഞ്ചാബ് കിംഗ്സ് ഉടമയായ പ്രീതി സിന്റ വിളിച്ചെടുത്തതായിരുന്നു ശശാങ്കിനെ. അതേ ശശാങ്കിന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ പഞ്ചാബ് കിംഗ്സ് ഐപിഎൽ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ മൂന്ന് വിക്കറ്റിന്റെ അദ്ഭുത ജയം സ്വന്തമാക്കി. ഗുജറാത്ത് മുന്നോട്ടുവച്ച 200 റണ്‍സ് എന്ന ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ നാലാം വിക്കറ്റ് നഷ്ടപ്പെട്ടപ്പോളാണ് ആറാം നന്പറായി ശശാങ്ക് സിംഗ് ക്രീസിലെത്തിയത്. അപ്പോൾ പഞ്ചാബിന് ജയിക്കാൻ 68 പന്തിൽ 130 റണ്‍സ് വേണമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ ഞാനാണ് എന്നു മനസിൽ ഉറപ്പിച്ച് ബാറ്റ് വീശിയ ശശാങ്ക് സിംഗ് 29 പന്തിൽ 61 റണ്‍സുമായി പുറത്താകാതെനിന്ന് ടീമിനെ ജയത്തിലെത്തിച്ചു. ഇംപാക്ട് പ്ലെയറായി എത്തിയ അഷുതോഷ് ശർമയും ശശാങ്കും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 22 പന്തിൽ 43 റണ്‍സ് അടിച്ചതാണ് പഞ്ചാബിന്റെ ജയത്തിൽ നിർണായകമായത്. പ്ലെയർ ഓഫ് ദ മാച്ചും ശശാങ്ക് സിംഗായിരുന്നു. അന്ന് സംഭവിച്ചത് കഴിഞ്ഞ ഡിസംബറിൽ നടന്ന ഐപിഎൽ 2024 സീസണിലേക്കുള്ള താര ലേലം. ഇന്ത്യൻ സമയം രാത്രി 7.47. ബംഗാൾ സ്വദേശിയായ ശശാങ്ക് സിംഗിനെ ലേലത്തിൽ എടുക്കാൻ ടീമുകൾ തയാറായില്ല. 7.50 ആയതോടെ ഛത്തീസ്ഗഡുകാരനായ ശശാങ്ക് സിംഗിന്റെ പേര് ലേലത്തിൽ ഉയർന്നു. ഉടൻതന്നെ പഞ്ചാബ് കിംഗ്സ് ഉടമകളിൽ ഒരാളായ പ്രീതി സിന്റ ലേലംകൊള്ളാനായി പാഡിൽ ഉയർത്തി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് പഞ്ചാബിന് ശശാങ്ക് സിംഗിനെ ലഭിച്ചു.
എന്നാൽ, അടുത്ത പ്ലെയറിനായി ലേലം വിളിക്കാൻ ആരംഭിച്ചപ്പോൾ പഞ്ചാബ് ക്യാന്പിലുള്ള പ്രീതി സിന്റ, നെസ് വാഡിയ ഉൾപ്പെടെയുള്ളവരുടെ മുഖത്ത് ആശങ്ക. അതോടെ ലേലം നിയന്ത്രിച്ച മല്ലിക സാഗർ പഞ്ചാബ് ക്യാന്പിലുള്ളവരോടായി ആരാഞ്ഞു: നിങ്ങൾക്ക് ഈ പ്ലെയറെ വേണ്ടേ? ഉടമകളിൽ ഒരാളായ നെസ് വാഡിയ വേണ്ടെന്ന ആംഗ്യം കാണിച്ചു. എന്നാൽ, ലേലം വിളിച്ചാൽ വിളിച്ചതാണെന്ന നിയമം ചൂണ്ടിക്കാണിച്ച് മല്ലിക സാഗർ അടുത്ത ലേലത്തിലേക്ക് നീങ്ങി. അങ്ങനെ ശശാങ്ക് പഞ്ചാബ് ക്യാന്പിൽ. പ്രീതി സിന്റയുടെ സെൽഫി ഗുജറാത്ത് ടൈറ്റൻസിനെതിരായ ജയത്തിനുശേഷം ശശാങ്ക് സിംഗിനും അഷുതോഷ് ശർമയ്ക്കും ഒപ്പം പ്രീതി സിന്റ എടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ തരംഗമായി. ശശാങ്ക് സിംഗിനെ ലേലത്തിൽ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് പഞ്ചാബ് കിംഗ്സ് വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു എന്നതും ശ്രദ്ധേയം. ഒരേ പേരുള്ള രണ്ട് കളിക്കാർ അടുത്തടുത്ത് വന്നതിനാൽ അങ്കലാപ്പിലായതാണെന്നും ശശാങ്ക് സിംഗിനെ നേരത്തേതന്നെ നോട്ടംവച്ചിരുന്നതാണെന്നുമായിരുന്നു പഞ്ചാബ് പുറത്തിറക്കിയ വിശദീകരണം. മുപ്പത്തിരണ്ടുകാരനായ ശശാങ്ക് 2017 ഐപിഎല്ലിൽ ഡൽഹി ക്യാന്പിലുണ്ടായിരുന്നു. 10 ലക്ഷം രൂപയ്ക്കായിരുന്നു ഡൽഹി ശശാങ്കിനെ സ്വന്തമാക്കിയത്. 2019ൽ രാജസ്ഥാൻ റോയൽസും 2022ൽ സണ്‍റൈസേഴ്സ് ഹൈദരാബാദും ടീമിലെടുത്തു. ഐപിഎല്ലിൽ ഇതുവരെ 14 മത്സരങ്ങളിൽനിന്ന് 160 റണ്‍സ് നേടി. 2022 സീസണിലാണ് അരങ്ങേറിയത്. ഗുജറാത്തിനെതിരേ നേടിയ 61 നോട്ടൗട്ടാണ് ഉയർന്ന സ്കോർ. ഐപിഎസ് ഉദ്യോഗസ്ഥന്റെ മകനാണ് ഈ ഛത്തീസ്ഗഡ് സ്വദേശി.
Source link