INDIALATEST NEWS

‘വിദ്യാർഥികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റേണ്ട’: യുപി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയത് സ്റ്റേ ചെയ്ത് സുപ്രീം കോടതി

‘മറ്റു സ്കൂളുകളിലേക്ക് മാറ്റേണ്ട’: യുപിയിലെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയത് സ്റ്റേ ചെയ്ത് സുപ്രീം കോടതി- Supreme Court | Manorama News

‘വിദ്യാർഥികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റേണ്ട’: യുപി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയത് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഓൺലൈൻ ഡെസ്‌ക്

Published: April 05 , 2024 04:55 PM IST

1 minute Read

(Photo: IANS)

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തർപ്രദേശിലെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാർഥികൾക്ക് ആശ്വാസകരമാണ് സുപ്രീം കോടതി വിധി. ഹൈക്കോടതി വിധി പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും ഇതു സംബന്ധിച്ച് ഉത്തർപ്രദേശ്, കേന്ദ്ര സർക്കാരുകൾക്കും മദ്രസ ബോർഡിനും നോട്ടിസ് അയച്ചെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജൂലൈയിൽ ഹർജി വീണ്ടും പരിഗണിക്കും.

2004ലെ യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ നിയമമാണ് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ മാസം റദ്ദാക്കിയത്. നിയമം മതേതരത്വത്തിന്റെ തത്വം ലംഘിക്കുന്നതിനാൽ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ ഹൈക്കോടതി, മദ്രസ വിദ്യാർഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്താൻ സർക്കാരിനോടു നിർദേശിക്കുകയും ചെയ്തിരുന്നു.

എന്നാൽ മദ്രസ ബോർഡിന്റെ ലക്ഷ്യങ്ങൾ നിയന്ത്രണ സ്വഭാവമുള്ളതാണെന്നും ബോർഡ് സ്ഥാപിക്കുന്നത് മതനിരപേക്ഷതയെ ബാധിക്കില്ലെന്നും പറഞ്ഞാണ് സുപ്രീം കോടതി വെള്ളിയാഴ്ച ഇതു തടഞ്ഞത്.
‘‘നിയമത്തിലെ വ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കിയത് 17 ലക്ഷം വിദ്യാർഥികളെ ബാധിക്കും. വിദ്യാർഥികളെ മറ്റു സ്കൂളുകളിലേക്ക് സ്ഥലം മാറ്റാനുള്ള നിർദേശം ആവശ്യമില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം. മദ്രസകൾ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകൾ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മതേതര വിദ്യാഭ്യാസം നൽകുന്നുവെന്ന് ഉറപ്പാക്കുകയാണ് പൊതുതാൽപര്യ ഹർജിയുടെ ഉദ്ദേശ്യമെങ്കിൽ, 2004ലെ മദ്രസ നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കലല്ല പരിഹാരം.’’– ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സുപ്രീം കോടതിയിൽ ഹൈക്കോടതി വിധിയെ പിന്തുണച്ചു. മദ്രസകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വിയാണ് ഹാജരായത്. മത വിദ്യാഭ്യാസം എന്നത് മതപരമായ പ്രബോധനമല്ലെന്നും ഹൈക്കോടതി ഉത്തരവ് 10,000 മദ്രസ അധ്യാപകരെയും 17 ലക്ഷം വിദ്യാർഥികളെയും വലയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അധ്യാപകർക്കും വിദ്യാർഥികൾക്കും സൗകര്യമൊരുക്കിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.
മദ്രസ വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്നും സാർവത്രിക സ്വഭാവമുള്ളതല്ലെന്നും വിശാലാടിസ്ഥാനത്തിലുള്ളതല്ലെന്നും പറയുന്നത് തെറ്റാണെന്ന് സിങ്‌വി വാദിച്ചു. നിരോധനത്തിനായി മദ്രസകളെ ഒറ്റപ്പെടുത്തുന്നത് വിവേചനപരമാണെന്നും 2002ലെ അരുണ റോയ് – യൂണിയൻ ഓഫ് ഇന്ത്യ കേസിന്റെ വിധിയിൽ സുപ്രീം കോടതി അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വിശദമായി പരിഗണിക്കേണ്ടതാണെന്നും കൂടുതൽ വാദം കേൾക്കുന്നതിനായി ജൂലൈ രണ്ടാം വാരത്തിലേക്ക് ഹർജി മാറ്റിവച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.

English Summary:
“Not Warranted”: Supreme Court Puts On Hold Banning Of UP Madrassas

mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 35bcn83bsga49c5jlsqg9oad4s 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-supremecourt mo-news-national-states-uttarpradesh


Source link

Related Articles

Back to top button