ഇറാൻ ജയിലുകൾ കൊലക്കളമാകുന്നുവെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ
ന്യൂയോർക്ക്: ഇറാനിലെ ജയിലുകൾ കൊലക്കളങ്ങളാകുന്നുവെന്നും കഴിഞ്ഞ വർഷം മാത്രം 853 പേർ ശിരച്ഛേദത്തിനിരയാക്കപ്പെട്ടുവെന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. വധശിക്ഷകൾക്കു തടയിടാൻ രാജ്യാന്തരതലത്തിലുള്ള ശക്തമായ ഇടപെടൽ ആവശ്യമാണെന്നും അല്ലാത്തപക്ഷം വരുംവർഷങ്ങളിൽ ആയിരങ്ങളെ തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നും ആംനസ്റ്റി പറഞ്ഞു. ഇറാൻ അധികാരികൾ അവരുടെ ഭരണകൂടം അനുവദിച്ച കൊലപാതക പരമ്പരകൾ തുടരുകയാണ്. അത് ജയിലുകളെ കൊലക്കളങ്ങളാക്കി മാറ്റി. മുൻവർഷത്തേക്കാൾ 48 ശതമാനം അധികം വധശിക്ഷയാണ് കഴിഞ്ഞ വർഷമുണ്ടായത്. 56 ശതമാനം വധശിക്ഷകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് -ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. സമൂഹത്തിലുടനീളം ഭയം വളർത്താനും കൂടുതൽ പ്രതിഷേധപ്രകടനങ്ങൾ തടയാനും അധികാരികൾ വധശിക്ഷകൾ ഉപയോഗിക്കുന്നുവെന്ന് ആംനെസ്റ്റി മുന്നറിയിപ്പ് നൽകി. ഈ വർഷം മാർച്ച് 20 വരെ കുറഞ്ഞത് 95 വധശിക്ഷകളെങ്കിലും നടത്തിയിട്ടുണ്ടെന്നും ഇറാന്റെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ടവരുടെ യഥാർഥ സംഖ്യ വളരെ വലുതായിരിക്കുമെന്നും സംഘടന കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്ന സുന്നി ബലൂച് ന്യൂനപക്ഷമാണ് കൂടുതലായും വധശിക്ഷയ്ക്കു വിധേയരാകുന്നതെന്നും ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടുന്നു.
വധശിക്ഷ വർധിച്ചത് 2022ലെ ജനകീയ പ്രതിഷേധത്തിനുശേഷം മഹ്സ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് 2022 സെപ്റ്റംബറിൽ രാജ്യമെങ്ങും പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തെത്തുടർന്നാണ് ഇറാനിൽ വധശിക്ഷ വർധിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് 2022 സെപ്റ്റംബർ 16നാണ് സർക്കാരിനെതിരേ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. 2023 വരെ തുടർന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിൽ നിരവധി പേരെയാണു വധശിക്ഷയ്ക്കിരയാക്കിയത്. 2022 സെപ്റ്റംബർ 16 നാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ കുർദ് വംശജയായ 22 കാരി മഹ്സ അമിനി മതകാര്യ പോലീസിന്റെ മർദനമേറ്റു മരിച്ചത്. ശരിഅത്ത് നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്ന മതകാര്യ പോലീസ്, മഹ്സ അമിനി ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് പിടികൂടുകയും തല, പോലീസ് കാറില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ അമിനി രണ്ടു ദിവസത്തിനുശേഷം ഹൃദയാഘാതത്തെത്തുടർന്നു മരിച്ചെന്നായിരുന്നു മതകാര്യ പോലീസ് പിന്നീട് പറഞ്ഞത്. എന്നാല്‍, ക്രൂരമായ പീഡനത്തെത്തുടർന്നുണ്ടായ മസ്തിഷ്ക രക്തസ്രാവവും പക്ഷാഘാതവുമാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായതിനു പിന്നാലെ ആദ്യം ഇറാനിലും പിന്നാലെ ലോകമെങ്ങും പ്രതിഷേധം ആളിക്കത്തുകയായിരുന്നു.
Source link