അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം. ശശാങ്ക് സിംഗ് നടത്തിയ ആക്രമണ ബാറ്റിംഗിലൂടെ പഞ്ചാബ് മൂന്ന് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി. 29 പന്തിൽ നാല് സിക്സും ആറ് ഫോറും അടക്കം 61 റൺസുമായി പുറത്താകാതെ നിന്ന ശശാങ്ക് സിംഗാണ് പഞ്ചാബ് കിംഗ്സിന്റെ ജയം സാധ്യമാക്കിയത്. സ്കോർ: ഗുജറാത്ത് 199/4 (20). പഞ്ചാബ് 200/7 (19.5). പഞ്ചാബിനായി പ്രഭ്സിംറൻ സിംഗ് (24 പന്തിൽ 35), അഷുതോഷ് ശർമ (17 പന്തിൽ 31) എന്നിവരും തിളങ്ങി. ഗിൽ റിക്കാർഡ് ടോസ് നഷ്ടപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന് ആദ്യം ക്രീസിൽ എത്തേണ്ടിവന്നു. ഫ്ളാറ്റ് വിക്കറ്റിന്റെ ആനുകൂല്യം മുതലാക്കുക എന്നതായിരുന്നു പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശിഖർ ധവാന്റെ തന്ത്രം. മൂന്നാം ഓവറിന്റെ അവസാന പന്തിൽ വൃദ്ധിമാൻ സാഹയെ (11) വീഴ്ത്തി കഗിസൊ റബാഡ പഞ്ചാബിന് മുൻതൂക്കം നൽകുകയും ചെയ്തു. ഐപിഎല്ലിൽ നാലാം തവണയാണ് സാഹയെ റബാഡ പുറത്താക്കുന്നത്. എന്നാൽ, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി ക്രീസിൽ ഉറച്ച ശുഭ്മാൻ ഗിൽ ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. ഇതിനിടെ ഗുജറാത്തിനായി അപൂർവ റിക്കാർഡും ഗിൽ സ്വന്തമാക്കി. ഐപിഎല്ലിൽ ഗുജറാത്തിനായി 1500 റണ്‍സ് പൂർത്തിയാക്കുന്ന ആദ്യ ബാറ്റർ എന്ന നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി 1000 റണ്‍സിൽ അധികമുള്ള ഏക ബാറ്ററും ഗില്ലാണ്. 37 മത്സരങ്ങളിലാണ് ഗിൽ ഗുജറാത്തിനായി 1500 റണ്‍സ് കടന്നത്. 2022 സീസണിൽ 483ഉം 2023 സീസണിൽ 890 റണ്‍സും ഗുജറാത്ത് ജഴ്സിയിൽ ഗിൽ സ്വന്തമാക്കി.
89 നോട്ടൗട്ട് 48 പന്തിൽ 89 റണ്‍സുമായി ഗിൽ പുറത്താകാതെ നിന്നു. 2024 ഐപിഎൽ സീസണിൽ ഇതുവരെ പിറന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. നാല് സിക്സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. സ്ട്രൈക്ക് റേറ്റ് 185.42ഉം. രണ്ടാം വിക്കറ്റിൽ കെയ്ൻ വില്യംസണിന് ഒപ്പം 40 റണ്‍സിന്റെ കൂട്ടുകെട്ട് ഗിൽ സ്ഥാപിച്ചു. 33 പന്തിലായിരുന്നു ഈ കൂട്ടുകെട്ട്. പരിക്കേറ്റ ഡേവിഡ് മില്ലറിന് പകരമായാണ് കെയ്ൻ വില്യംസണ് പ്ലേയിംഗ് ഇലവനിൽ എത്തിയത്. 22 പന്തിൽ 26 റണ്‍സുമായി വില്യംസണ് മടങ്ങി. നാലാം നന്പറായി ക്രീസിലെത്തിയ സായ് സുദർശന്റെ ഒപ്പം 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഗിൽ സ്ഥാപിച്ചത്. ഗുജറാത്ത് ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടായിരുന്നു അത്. 13 പന്തിൽ 20 റണ്സായിരുന്നൂ ഈ കൂട്ടുകെട്ടിൽ ഗില്ലിന്റെ സംഭാവന. 19 പന്തിൽ 33 റണ്‍സുമായി സായ് സുദർശൻ ഹർഷൽ പട്ടേലിനു മുന്നിൽ കീഴടങ്ങി. തുടർന്നെത്തിയ വിജയ് ശങ്കറിന് (10 പന്തിൽ എട്ട്) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ, എട്ട് പന്തിൽ 23 റണ്‍സുമായി പുറത്താകാതെനിന്ന രാഹുൽ തെവാട്യയുടെ കടന്നാക്രമണം ഗുജറാത്തിനെ 20 ഓവരിൽ 199 റണ്‍സിൽ എത്തിച്ചു. അതേസമയം, മറുവശത്ത് 2024 ഐപിഎൽ സീസണിലെ ആദ്യ സെഞ്ചുറി തികയ്ക്കാൻ ഗില്ലിന് സാധിച്ചില്ല.
Source link