ഇന്ത്യാ സഖ്യം: പ്രതീക്ഷയിൽ മുന്നേറ്റം, ’ഇന്ത്യ’ തിളങ്ങുമോ?


ന്യൂഡൽഹി ∙ കുറയാനൊട്ടുമില്ല, കൂടാനേയുള്ളു എന്നാണു കോൺഗ്രസിന്റെയും ഇന്ത്യാസഖ്യത്തിന്റെയും പ്രതീക്ഷ. ‌കഴിഞ്ഞ തവണ ബിജെപി മുഴുവൻ സീറ്റുകളും നേടിയ സംസ്ഥാനങ്ങളിൽ മറ്റു കക്ഷികളുമായി ചേർന്നു സാധ്യമായ മുന്നേറ്റം, ദക്ഷിണേന്ത്യയിൽ നിന്ന് 56 സീറ്റ്. ഇതു രണ്ടുമായാൽ 400 സീറ്റ് ലക്ഷ്യമിട്ടിറങ്ങുന്ന ബിജെപിക്ക് വെല്ലുവിളി ഉയർത്താമെന്നു കോൺഗ്രസ് കരുതുന്നു. മൂന്നക്കം കടക്കാതെ കോൺഗ്രസിനു ബിജെപിയെ തളയ്ക്കാനാവില്ല. ഒപ്പം, ഇന്ത്യാസഖ്യത്തിലെ മറ്റ് 27 കക്ഷികൾക്കുംകൂടി 120ൽ പരം സീറ്റ് ലഭിക്കുകയും വേണം.സഖ്യത്തിനായി കോൺഗ്രസ് വിട്ടുവീഴ്ചയ്ക്കു തയാറായെന്നതാണ് ഇത്തവണത്തെ പ്രധാനമാറ്റം. എന്നിട്ടും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാൻ കഴിഞ്ഞില്ല. അന്തിമപട്ടികയായിട്ടില്ലെങ്കിലും 2019 ലെ 423 സീറ്റിൽ നിന്ന് 300ന് അടുത്തു സീറ്റുകളിലേക്കു കോൺഗ്രസ് മത്സരം ചുരുക്കി. ഇതുവരെ 231 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഒപ്പം നിൽക്കുന്ന പാർട്ടികൾക്കു വോട്ട് കൃത്യമായി കൈമാറാൻ സജ്ജമാകുകയെന്നതാണ് അടുത്ത വെല്ലുവിളി.
ഓരോ സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസും ഇന്ത്യാമുന്നണിയും നേരിടുന്ന മത്സരസാഹചര്യം ഇങ്ങനെയാണ്.ഉത്തരേന്ത്യജമ്മു കശ്മീർ ∙ ഇന്ത്യാസഖ്യമെന്നു പറയുന്നുണ്ടെങ്കിലും കൃത്യമായ സീറ്റുധാരണയില്ല. 2019 ൽ ജയിച്ച 3 സീറ്റുകളിലും നാഷനൽ കോൺഫറൻസ് (എൻസി) സ്വന്തം നിലയ്ക്കു സ്ഥാനാർഥിയെ തീരുമാനിച്ചു. തട്ടകമായ അനന്ത്നാഗിൽ പിഡിപിയുമായി നേർക്കുനേർ മത്സരം ഉറപ്പായി. കോൺഗ്രസ് നേതാവായിരുന്ന ഗുലാം നബി ആസാദിന്റെ ഡിപിഎപിയെ ഇവിടെ ബിജെപി പിന്തുണയ്ക്കുന്നതിനാൽ മത്സരം കടുക്കും. പ്രത്യേക പദവി റദ്ദാക്കിയതടക്കം വിഷയങ്ങൾ ഒരുപാടുണ്ടെങ്കിലും സ്വരച്ചേർച്ചക്കുറവു പ്രശ്നം.

ലഡാക്ക് ∙ സംസ്ഥാനപദവി ആവശ്യം അംഗീകരിക്കാത്തതിനോടു ഹിന്ദു–മുസ്‍ലിം വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന പ്രതിഷേധം ബിജെപിയുടെ ഈ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനുള്ള അനുകൂല ഘടകം. നാഷനൽ കോൺഫറൻസിന്റെ പിന്തുണയോടെ കോൺഗ്രസ് മത്സരിക്കാൻ സാധ്യത.
പഞ്ചാബ് ∙ കോൺഗ്രസും ആംആദ്മി പാർട്ടിയും സൗഹൃദത്തിലാണെന്നതിനു പുറമേ, കേജ്‍രിവാളിനെ ജയിലിലടച്ചത് അടുപ്പം വർധിപ്പിച്ചിരിക്കുന്നു. ആകെയുള്ള 13 സീറ്റിലും ശിരോമണി അകാലിദളും ബിജെപിയും തനിച്ചു മത്സരിക്കുന്നു. സിറ്റിങ് എംപിയും മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യയുമായ പ്രണീത് കൗർ ബിജെപി സ്ഥാനാർഥി.
ചണ്ഡിഗഡ് ∙ ആംആദ്മിയുമായുള്ള സഖ്യം വഴി ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാമെന്നു കോൺഗ്രസ് കരുതുന്നു.
ഹരിയാന ∙ ആകെയുള്ള 10 സീറ്റുകളും കഴിഞ്ഞതവണ തൂത്തുവാരിയ ബിജെപിക്കുള്ളിലെ പ്രശ്നങ്ങളും സഖ്യകക്ഷിയായ ജെജെപിയുമായുള്ള അകൽച്ചയും നേട്ടമാകുമെന്നു കോൺഗ്രസ് കരുതുന്നു. ആം ആദ്മിക്കു കുരുക്ഷേത്ര സീറ്റ് വിട്ടുനൽകി ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമവും കോൺഗ്രസ് നടത്തി.

ഹിമാചൽപ്രദേശ് ∙. 2019 ൽ 4 സീറ്റും തോറ്റെങ്കിലും 2021 ലെ ഉപതിരഞ്ഞെടുപ്പിലൂടെ മണ്ഡി മണ്ഡലം കോൺഗ്രസ് പിടിച്ചെടുത്തു. സംസ്ഥാന ഭരണമുള്ളത് അനുകൂലമാകേണ്ട സംസ്ഥാനത്തു പക്ഷേ, പാർട്ടിക്കുള്ളിലെ കലാപം ഭീഷണി.
ഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അടക്കം ആംആദ്മി നേതാക്കൾക്കെതിരായ നടപടികൾ അനുകൂലമാക്കിയെടുക്കാൻ ഇന്ത്യാസഖ്യം ശ്രമിക്കുന്നു. 7ൽ 4 സീറ്റ് ആം ആദ്മിയും 3 സീറ്റ് കോൺഗ്രസും പങ്കിട്ടെടുത്ത് മത്സരിക്കുന്ന ഇവിടെ കുറഞ്ഞത് 3 സീറ്റെങ്കിലും സഖ്യം പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ സീറ്റെല്ലാം ബിജെപിക്കായിരുന്നു.
രാജസ്ഥാൻ ∙ ഡിസംബറിൽ സംസ്ഥാന ഭരണം നഷ്ടപ്പെട്ടതു തിരിച്ചടിയാണെങ്കിലും 39.5% വോട്ടും 70 സീറ്റുമുള്ള കോൺഗ്രസിന് പ്രതീക്ഷകളുണ്ട്. സിപിഎമ്മിനും കർഷക നേതാവ് ഹനുമാൻ ബെനിവാളിന്റെ ആർഎൽപിക്കും ഓരോ സീറ്റ് നൽകി സഖ്യശക്തിയിലാണു കോൺഗ്രസ് മത്സരിക്കുന്നത്. 2019 ൽ 25 ൽ 24 സീറ്റുകളും ബിജെപി തൂത്തുവാരി.
ഉത്തർപ്രദേശ് ∙ സമാജ്‍വാദി പാർട്ടിയുമായി (എസ്പി) ധാരണയുണ്ടാക്കാൻ കഴിഞ്ഞതു നേട്ടം. ഇനി അട്ടിത്തട്ടിൽ വോട്ടുകൈമാറ്റം നടക്കണം. ദുർബലമായെങ്കിലും ബിഎസ്പിയുടെ സാന്നിധ്യം ബിജെപി വിരുദ്ധ വോട്ടുകളെ ചിതറിക്കുമെന്നതു തിരിച്ചടിയാണ്. കഴിഞ്ഞതവണ അമേഠി നഷ്ടമായ കോൺഗ്രസ് ജയിച്ചതു റായ്ബറേലിയിൽ മാത്രം. എസ്പിക്കു കിട്ടിയത് 5 സീറ്റ്.

ഉത്തരാഖണ്ഡ് ∙ ഏക സിവിൽ കോഡ് പാസാക്കിയതടക്കം നേട്ടമാക്കി ബിജെപി അവതരിപ്പിക്കുമ്പോൾ വലിയ അദ്ഭുതങ്ങൾ കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല.
ബിഹാർ ∙ ഇന്ത്യാസഖ്യം വലിയ പ്രതീക്ഷ നിലനിർത്തുന്ന സംസ്ഥാനം. 40 മണ്ഡലങ്ങളുള്ള ഇവിടെ സഖ്യം 18 സീറ്റ് വരെ മോഹിക്കുന്നു. നിതീഷ് കുമാറിന്റെ ജെഡിയു ബിജെപിക്കൊപ്പം പോയെങ്കിലും ആർജെഡി ആത്മവിശ്വാസത്തിലാണ്.
ജാർഖണ്ഡ് ∙ കോൺഗ്രസുമായി ചേർന്നു സംസ്ഥാനം ഭരിക്കുന്ന ജെഎംഎമ്മിനു മികച്ച പ്രതീക്ഷ. ബിജെപി ബലാബലം ഉണ്ടെന്നതും പ്രധാന നേതാവും മുഖ്യമന്ത്രിമായിരുന്ന ഹേമന്ത് സോറൻ സ്വത്തുസമ്പാദന കേസിൽ ജയിലിൽ പോയതും വെല്ലുവിളി. 7 സീറ്റുകളിൽ ജയപ്രതീക്ഷ.
മധ്യപ്രദേശ് ∙ ഇപ്പോഴത്തെ സാഹചര്യത്തിൽ യുപിയെക്കാൾ കഠിനമെന്നു കോൺഗ്രസ് വിലയിരുത്തുന്ന സംസ്ഥാനം. കഴിഞ്ഞതവണ ഒന്നൊഴികെ ബാക്കി 28 സീറ്റുകളിൽ വിജയിച്ച ബിജെപിയെ തടുത്തുനി‍ർത്തുക പ്രയാസം. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ, പ്രധാനനേതാവായ കമൽനാഥിന്റെ വിശ്വാസ്യത ഇടിഞ്ഞു. മറുഭാഗത്തു ബിജെപി ശക്തി വർധിപ്പിച്ചു.

ഛത്തീസ്ഗഡ് ∙ നിയമസഭയിലെ അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതം വിട്ടുപോയിട്ടില്ല. മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മത്സരിക്കുന്നു. 2019 ൽ 10 ൽ 2 സീറ്റ് നേടിയ കോൺഗ്രസ് ഇത്തവണ 4 സീറ്റ് വരെ കണക്കുകൂട്ടുന്നു.
കിഴക്ക്ബംഗാൾ ∙ ബിജെപിയുടെ സീറ്റ് കുറയ്ക്കാനും ഇന്ത്യാമുന്നണിക്ക് സീറ്റ് കൂട്ടാനും സഖ്യം ഏറ്റവും നിർണായകമാകേണ്ടിയിരുന്ന സംസ്ഥാനം. 
42 ഇടത്തും തൃണമൂൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കെ കോൺഗ്രസും ഇടതുകക്ഷികളും ധാരണയിൽ മത്സരിക്കുന്നു. ഫലത്തിൽ, ബിജെപി വിരുദ്ധ വോട്ടുകൾ ചിതറും. കഴിഞ്ഞതവണ 40% വോട്ടും 18 സീറ്റും ബിജെപി നേടി.
ഒഡീഷ ∙ പരാജയപ്പെട്ടെങ്കിലും ബിജെപി– ബിജെഡി സഖ്യനീക്കം നടന്നതിന്റെ ആനുകൂല്യം കോൺഗ്രസിനു ലഭിക്കും. വലിയ അദ്ഭുതം പ്രതീക്ഷിക്കുന്നില്ല.

ആൻഡമാൻ നിക്കോബാർ ∙ ഏക സീറ്റ് നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ദക്ഷിണേന്ത്യകർണാടക∙ ദക്ഷിണേന്ത്യയിൽ നിന്നു മാത്രം 56 സീറ്റ് മോഹിക്കുന്ന കോൺഗ്രസിന് ഏറ്റവും നിർണായകമായ സംസ്ഥാനം. 18–20 വരെ സീറ്റ് വരെ ജയിക്കുമെന്നു സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടക്കം കടക്കുന്നതുതന്നെ നേട്ടം. സംസ്ഥാന ഭരണമുള്ളതും മറ്റു പാർട്ടിയിൽ നിന്ന് നേതാക്കൾ ചേരുന്നതും അനുകൂല ഘടകം. 
തെലങ്കാന ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയവും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വവും പ്രതീക്ഷ നൽകുന്നു. 2019 ൽ 17 ൽ 3 സീറ്റ് മാത്രമായിരുന്നു. ദീർഘകാലം സംസ്ഥാനം ഭരിച്ച ബിആർഎസ് ശിഥിലമായതിന്റെ നേട്ടമുണ്ടാകും. സീറ്റെണ്ണത്തിൽ രണ്ടക്കം പ്രതീക്ഷിക്കുന്നു.
തമിഴ്നാട്, പുതുച്ചേരി ∙ ഡിഎംകെയുടെ നേതൃത്വത്തിൽ കോൺഗ്രസും സിപിഐയും സിപിഎമ്മും മുസ്‍ലിംലീഗും അടക്കം സഖ്യമായി മത്സരിക്കുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയുണ്ട്. ഒരു സീറ്റ് അണ്ണാ ഡിഎംകെ വിജയിച്ചതൊഴിച്ചാൽ ബാക്കി മുഴുവൻ കഴിഞ്ഞതവണ ഡിഎംകെ സഖ്യത്തിനായിരുന്നു. അണ്ണാ ഡിഎംകെയുടെ ശക്തി ക്ഷയിച്ചതും ഡിഎംകെക്കു ഗുണമാകും.
കേരളം ∙ സഖ്യത്തിലെ കോൺഗ്രസും സിപിഎമ്മും നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനത്ത് ബിജെപിയുടെ പരാജയം ഉറപ്പാക്കുന്നതിനൊപ്പം പരമാവധി സീറ്റ് വർധിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു.
ആന്ധ്രപ്രദേശ് ∙ എൻഡിഎയുടെ ഭാഗമായ ടിഡിപിയും ഇരുപക്ഷത്തും ചേരാത്ത വൈഎസ്ആർ കോൺഗ്രസും നേർക്കുനേർ മത്സരിക്കുമ്പോൾ വോട്ടുവിഹിതം വർധിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. പാർട്ടി സംസ്ഥാന അധ്യക്ഷ വൈ.എസ്. ശർമിളയുടെ ജനപ്രീതി പ്രതീക്ഷ. പിതാവ് വൈ.എസ്.ആർ.  റെഡ്ഡിയുടെ തട്ടകമായ കടപ്പയിൽ അവർ മത്സരിക്കുന്നു.
പശ്ചിമേന്ത്യമഹാരാഷ്ട്ര ∙ ഇന്ത്യാസഖ്യത്തിന്റെ പ്രതീക്ഷ ലക്ഷ്യത്തിലെത്തിക്കാൻ വലിയ പങ്കുവഹിക്കേണ്ട സംസ്ഥാനം. ശിവസേനയേയും എൻസിപിയേയും പിളർത്തി ഒപ്പം നി‍ർത്തിയ ബിജെപിയെക്കാൾ സീറ്റെണ്ണത്തിൽ മുന്നിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ശിവസേന താക്കറെ പക്ഷം, എൻസിപി ശരദ് പവാർ പക്ഷം എന്നിവരോടൊപ്പമുള്ള മത്സരം ഗുണം ചെയ്യുമെന്നും കണക്കാക്കുന്നു.
ഗുജറാത്ത് ∙ കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് കഠിനമായി പരിശ്രമിക്കുന്നു. ആംആദ്മി പാർട്ടിക്ക് 2 സീറ്റ് നൽകിയതു വഴി (രണ്ടിടത്തും ആപ് കഴിഞ്ഞ തവണ രണ്ടാമതെത്തി) വോട്ടുചിതറുന്നത് ഒഴിവാക്കാമെന്നും കരുതുന്നു. ആകെ സീറ്റ് 26.
ഗോവ ∙ നേതാക്കളുടെ കൂറുമാറ്റം കോ‍ൺഗ്രസിനെ ദുർബലമാക്കിയ സംസ്ഥാനം. ആംആദ്മി പാർട്ടിയുടെ പിന്തുണയും സ്ഥാനാ‍ർഥിനിർണയത്തോടെ ബിജെപിയിൽ ഉടലെടുത്ത അതൃപ്തിയും പ്രതീക്ഷ. ഏക സിറ്റിങ് സീറ്റെങ്കിലും നിലനിർത്താൻ ശ്രമം.
ദാദ്ര നാഗർ ഹവേലി–ദാമൻ ദിയു ∙ ശിവസേന താക്കറെ പക്ഷത്തിന്റെ സിറ്റിങ് എംപി കലാബെൻ ദേൽക്കറെ ബിജെപി സ്ഥാനാർഥിയാക്കിയത് ഇന്ത്യാസഖ്യത്തിനു തിരിച്ചടി. 
പ്രിയങ്ക ഗാന്ധി മത്സരത്തിനെത്തുമെന്ന് അഭ്യൂഹമുണ്ടായ ദാമൻ ദിയുവിൽ കോൺഗ്രസ് പ്രതീക്ഷ നിലനിർത്തുന്നു.
വടക്ക് കിഴക്ക്ഈ മേഖലയിൽ ആകെയുള്ള 25 സീറ്റുകളിൽ 14 എണ്ണവും അസമിലാണ്. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും കോൺഗ്രസ് ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്നതും അവിടെത്തന്നെ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളെ അടർത്തിയെടുക്കുന്നതു പ്രധാന ഭീഷണി. മിസോറമിലും ത്രിപുരയിലും ഒഴികെ മറ്റെല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഒരു സീറ്റ് വീതമെങ്കിലും നേടാനായാൽ കോൺഗ്രസിനു വലിയ നേട്ടമാകും. 


Source link
Exit mobile version