CINEMA

അന്നവൾ വലിയ വായിൽ കരഞ്ഞു, വേദനച്ചിട്ടല്ല: അനശ്വരയുടെ കഥ


സമാനമായ മറ്റൊരു അനുഭവം കൂടി ഉണ്ടായി. അത് നാട്ടില്‍ വച്ചല്ലെന്ന് മാത്രം. അനിയന്റെ കുഞ്ഞിന് ചോറ് കൊടുക്കുന്ന ചടങ്ങ് വന്നു. ഗുരുവായൂരില്‍ വച്ച് ചോറു കൊടുക്കണമെന്നായിരുന്നു ആഗ്രഹം. വിചാരിച്ചതു പോലെ തന്നെ ഗുരുവായൂരില്‍ എത്താന്‍ ഭഗവാന്‍ തുണച്ചു. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരും ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നു. അച്ചൂന് അന്ന് 7 വയസ്സുണ്ട്. അനൂന് (അനശ്വര രാജൻ) മൂന്നും. രണ്ടുപേരുടെയും കയ്യില്‍ പിടിച്ചാണ് ഞാന്‍ ഗുരുവായൂരിലൂടെ നടന്നത്. കാരണം ചോറൂണിന്റെ അന്ന് അവിടെ 51 കല്യാണങ്ങള്‍ നടക്കാനുണ്ട്. ആകെ തിരക്കും ബഹളവും നിറഞ്ഞ അന്തരീക്ഷം. അതിന്റെ കൂടെ പതിവു പോലെ തൊഴാന്‍ വരുന്ന ആളുകള്‍ വേറെ. കുട്ടികളെ ശ്രദ്ധിക്കണം, സ്വർണാഭരണങ്ങള്‍ ശ്രദ്ധിക്കണം എന്നൊക്കെ മൈക്കിലൂടെ അനൗണ്‍സ്‌മെന്റും നടക്കുന്നുണ്ട്. ഞാന്‍ കുട്ടികളെ കുറച്ച് കൂടെ മുറുക്കെ പിടിച്ച് നടന്നു.
അനിയന്റെ ഭാര്യയുടെ അച്ഛന് കുറച്ച് കാഴ്ച ശക്തി കുറവാണ്. അനു അദ്ദേഹത്തെ അച്ചച്ചന്‍ എന്നാണ് വിളിക്കുക. ഞാന്‍ കുട്ടികള്‍ക്കൊപ്പം നടക്കുന്നതിനിടയില്‍ പെട്ടെന്ന് അനു പറഞ്ഞു.

‘അമ്മേ എനിക്ക് അച്ചച്ചന്റെ കൈപിടിച്ച് നടക്കണം’
ഞാന്‍ പറഞ്ഞു, ‘വേണ്ട മോളെ…ഭയങ്കര തിരക്കാണ്.’
‘സാരല്ല ഉഷേ…ഞാന്‍ കുഞ്ഞിനെ നോക്കിക്കൊളളാം’ എന്ന് അച്ചച്ചന്‍ പറഞ്ഞു.
അത് കേള്‍ക്കണ്ട താമസം അനു അച്ചച്ചന്റെ കൈപിടിച്ച് നടക്കാന്‍ തുടങ്ങി. ഞങ്ങള്‍ നടക്കുന്ന ഭാഗത്ത് ഒരു കുളമുണ്ട്. അതിനടുത്ത് എത്തും വരെ കുഞ്ഞ് അച്ചച്ചന്റെ കൈപിടിച്ച് നടക്കുന്നത് കൃത്യമായി ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. കുളത്തിന്റെ അടുത്തെത്തിക്കഴിഞ്ഞതും കുഞ്ഞിനെ കാണുന്നില്ല. അനിയനോട് ഞാന്‍ അനു എവിടെ എന്ന് ചോദിച്ചു. കുളത്തിലേക്ക് ഇറങ്ങിയെന്ന് അവന്‍ പറഞ്ഞു. കുളത്തിലേക്ക് ഇറങ്ങിയോ എന്ന് ആശങ്കയോടെ ഞാന്‍ ചോദിച്ചു.

അനു എവിടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ വിചാരിച്ചത് അവന്റെ ഭാര്യ അനുശ്രീയെ അന്വേഷിച്ചതാവുമെന്നാണ്. അവളെയും അനു എന്നാണ് വീട്ടില്‍ വിളിച്ചിരുന്നത്.
‘അയ്യോ…അതല്ല കുഞ്ഞി എവിടേന്നാ ചോദിച്ചത്?’
‘കുഞ്ഞീ…അച്ഛന്റെ കൈപിടിച്ച് നടക്കുന്നത് കണ്ടല്ലോ’ എന്ന് അനിയന്‍ പറഞ്ഞു. അച്ഛനോട് ചോദിച്ചപ്പോള്‍- ‘ഉഷേടെ അടുത്ത് പോണംന്ന് പറഞ്ഞ് നേരത്തെ എന്റടുത്തൂന്ന് പോയല്ലോ’ എന്ന് പറഞ്ഞു.

ഞാനൊന്ന് ഞെട്ടി. പേടിച്ച് ഉളള് വിറയ്ക്കാന്‍ തുടങ്ങി. ഈ ആള്‍ക്കൂട്ടത്തിനിടയില്‍ കുഞ്ഞിനെ കാണാതെ വന്നാല്‍ എന്ത് ചെയ്യും എന്ന ആധിയായി. ഞാന്‍ ഭ്രാന്ത് പിടിച്ച പോലെ ചുറ്റും ഓടി നടന്ന് തിരയുകയാണ്. അവിടെ നിന്ന പൊലീസുകാരോട് വിവരം പറഞ്ഞിട്ട് അവര്‍ കേട്ട ഭാവം നടിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ അവിടെ പതിവായി സംഭവിക്കാറുളളതു കൊണ്ടാവാം അവര്‍ കാര്യമായി എടുക്കാതിരുന്നത്.

ഏടത്തിയമ്മ ഉറക്കെ കരയാന്‍ തുടങ്ങി. അത് മറ്റുളളവരിലേക്കും പടര്‍ന്നു. അങ്ങനെ കൂട്ടക്കരച്ചിലായി. ഏടത്തിയമ്മ നടയിലേക്ക് ഓടിക്കയറിയതും അവിടെ ഒരു പൊലീസുകാരന്‍ കുഞ്ഞിനെ കയ്യില്‍ എടുത്തു പിടിച്ച് മൈക്കിലൂടെ വിളിച്ചു പറയാന്‍ തയാറായി നില്‍ക്കുകയാണ്. ഏടത്തിയമ്മ ചാടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് ഒറ്റകരച്ചില്‍. അഞ്ചു മിനിറ്റിനുളളില്‍ എല്ലാം സംഭവിച്ചു. കാണാതായതും തിരിച്ചുകിട്ടിയതുമെല്ലാം ഒരു സ്വപ്നം പോലെ വേഗത്തില്‍ സംഭവിച്ചു.
കാഴ്ചകള്‍ കാണാനുളള ഉത്സാഹത്തില്‍ അവള്‍ അച്ഛന്റെ കൈവിട്ട് അമ്പലത്തിന് അകത്തേക്ക് നടന്നു പോയതാണ്. പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങളെ ആരെയും കാണാനില്ല. അങ്ങനെ അവളും ഒന്ന് പേടിച്ചു പോയി. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെയിരുന്ന് ഉറക്കെ കരയുകയാണ് ആള്. ഏതായാലും കണ്ടെത്തിയപ്പോള്‍ അവള്‍ക്കും ഞങ്ങള്‍ക്കും ഒരു പോലെ വല്ലാത്ത സമാധാനമായി.ആ സമയത്ത് അനുഭവിച്ച ആശ്വാസവും സന്തോഷവും എത്രയെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല.

എന്നാല്‍ ആ സമാധാനത്തിനും അധികം ആയുസ് ഉണ്ടായില്ല. ഗുരുവായൂരില്‍ നിന്നുളള മടക്കയാത്രക്കിടയില്‍ വേനല്‍ക്കാലമായിട്ടും നല്ല മഴയായിരുന്നു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വണ്ടിക്ക് ഒരു ആക്‌സിഡന്റുണ്ടായി. ഡ്രൈവര്‍ ഉറങ്ങിപോയതാണ് കാരണം. കല്യാശ്ശേരിയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഞങ്ങളുടെ വാഹനത്തിന്റെ വീല്‍ ഒരു ഇറക്കത്തിലേക്ക് താഴ്ന്നു പോയി. വാഹനം മൂന്നോട്ട് അനക്കാന്‍ നിര്‍വാഹമില്ലാതായി. അവിടം കൊണ്ട് അവസാനിച്ചത് ഭാഗ്യമായി. അല്ലായിരുന്നെങ്കില്‍ പത്ത് പതിനഞ്ചു പേരുടെ ജീവന്‍ അപകടത്തിലായേനെ. ഞാനും കുഞ്ഞുങ്ങളും കൂടി ഒരു വിധത്തില്‍ പുറത്തിറങ്ങി. 
ആ സമയത്ത് എതിരെ  ഇഞ്ചി കയറ്റിക്കൊണ്ടു വന്ന വണ്ടിയിലുളളവര്‍ തന്ന കയറ് ഉപയോഗിച്ച് ഞങ്ങളുടെ വണ്ടി കുഴിയില്‍ നിന്നും വലിച്ചു കയറ്റി. ഇനി മൂന്നോട്ട് വണ്ടി ഓടിക്കാന്‍ പറ്റില്ലെന്നായി ഡ്രൈവര്‍. അയാള്‍ ആകെ ഭയന്ന് പോയിരുന്നു. ഏതായാലും ഒരു വിധത്തില്‍ വീട്ടില്‍ തിരിച്ചെത്തി. ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നു പോയെങ്കിലും ഗുരുവായൂരപ്പന്റെ കൃപാകടാക്ഷത്താല്‍ അഹിതമായതൊന്നും സംഭവിച്ചില്ല.

എന്തായാലും ആ യാത്രയില്‍ ചില മനോവിഷമങ്ങള്‍ അനുഭവിച്ചെങ്കിലും പിന്നീടുളള ജീവിതത്തില്‍ ഒരുപാട് നന്മകള്‍ കൊണ്ടു വന്നു. സ്‌കൂളില്‍ ചേര്‍ത്തതോടെ അനുവിന്റെ കുസൃതിക്ക് കുറച്ച് അയവ് വന്നു. കുട്ടികളുടെ സ്‌കൂള്‍ കലാപരമായ കാര്യങ്ങള്‍ക്ക് മൂന്‍തൂക്കം നല്‍കുന്ന കൂട്ടത്തിലാണ്. കുഞ്ഞുങ്ങളെ യുകെജിയില്‍ ചേര്‍ക്കുമ്പോള്‍ മുതല്‍ അവര്‍ ഡാന്‍സ് പഠിപ്പിക്കാന്‍ വിടും. അതിന് ഒരു ഫീസ് കൊടുക്കണം. മൂന്നാം ക്ലാസിലെത്തുമ്പോള്‍ വാര്‍ഷികത്തിന് സ്‌റ്റേജില്‍ കയറി ഡാന്‍സിന്റെ അരങ്ങേറ്റം നടത്താം. അനു വലിയ ഉത്സാഹത്തോടെ ഡാന്‍സ് പ്രാക്ടീസൊക്കെ ചെയ്ത് സ്‌റ്റേജില്‍ കയറി കളിക്കാന്‍ റെഡിയായി ഇരിക്കുകയാണ്. ആ സമയത്ത് ഏട്ടന്റെ പെങ്ങളുടെ മകളുടെ കല്യാണം ക്ഷണിക്കാനായി ആ വീട്ടുകാര്‍ വന്നു. തൊട്ടടുത്ത പഞ്ചായത്തിലാണ് അവരുടെ വീട്. ഞാനും ഏട്ടനും കൂടി തലേന്ന് അവിടെ പോയി. പെട്ടെന്ന് തറവാട്ടില്‍ നിന്നും ഒരു കോള്‍ വന്നു.‘കുഞ്ഞ് വീണു’ എന്ന് മാത്രമാണ് പറഞ്ഞത്.

എനിക്ക് പിറ്റേന്ന് അംഗന്‍വാടിയുടെ ചില കണക്കുകള്‍ പഞ്ചായത്തില്‍ കൊണ്ടുപോയി കൊടുക്കാനുണ്ട്. രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് എഴുതിയെങ്കിലേ അത് തീര്‍ക്കാന്‍ സാധിക്കൂ. അതിനിടയിലാണ് കോള്‍. പെട്ടെന്ന് കേട്ടപ്പോള്‍ അനിയന്റെ മോളാണ് വീണതെന്നാണ് ഞാന്‍ ധരിച്ചത്. ഞങ്ങള്‍ നേരെ ഹോസ്പിറ്റലില്‍ ചെല്ലുമ്പോഴാണ് അറിയുന്നത്. വീണത് മറ്റാരുമല്ല. സാക്ഷാല്‍ പോക്കിരിരാജ തന്നെ. വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.

അവിടെ മണ്ണ് എടുക്കുന്ന ഒരു സ്ഥലത്ത് വച്ച് കൂടെയുളള ഒരു പയ്യനെ പിടിച്ച് പൊക്കുന്നതിനിടയില്‍ ബാലന്‍സ് തെറ്റി ഇവള്‍ വീണു. ഞങ്ങള്‍ നോക്കുമ്പോള്‍ കയ്യിലെ തൊലിയൊക്കെ പൊളിഞ്ഞ് രണ്ട് പീസായി ഇരിക്കുകയാണ്. അനു വലിയ വായില്‍ നിലവിളിക്കുകയാണ്. കൈപൊളിഞ്ഞ വേദനയല്ല വിഷയം. എനിക്ക് ഡാന്‍സ് കളിക്കണമെന്ന് പറഞ്ഞാണ് ബഹളം. പിറ്റേന്നാണ് അവളുടെ അരങ്ങേറ്റം.
സാധാരണഗതിയില്‍ എന്ത് സംഭവിച്ചാലും കരയാത്ത കൂട്ടത്തിലാണ് അനു. അടികൊണ്ടാലോ ശരീരം മുറിഞ്ഞാലോ കല്ലിന് കാറ്റ്പിടിച്ച പോലിരിക്കും. എത്ര വലിയ വേദനകളും സഹിക്കും. ആകെ കരഞ്ഞ് കണ്ടിട്ടുളളത് ചെയ്യാത്ത തെറ്റിന് അവളെ കുറ്റപ്പെടുത്തുമ്പോള്‍ മാത്രമാണ്. അങ്ങനെയുളള കുഞ്ഞാണ് വേദന പോലും മറന്ന് ഒച്ചയുണ്ടാക്കുന്നത്. ഡാന്‍സ് അവള്‍ക്ക് അത്ര വലിയ അനിവാര്യതയായിരുന്നു.

ഏതായാലും അനൂന്റെ കൈ ശരിയാകാന്‍ ഒരു സര്‍ജറി വേണ്ടി വന്നു. പ്ലാസ്റ്റര്‍ ഒക്കെയിട്ട് എല്ലാം നേരെയാകാന്‍ മൂന്ന് മാസവും. ആ സമയത്ത് എനിക്ക് പഞ്ചായത്ത് കുടുംബശ്രീയുടെ ചുമതലയുണ്ട്. അതിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ പലയിടത്തും പോകണം. പല ഉത്തരവാദിത്തങ്ങളുണ്ട്. അമ്മയ്ക്ക് സുഖമില്ലാതെ റസ്റ്റ് എടുക്കാനായി ഏട്ടന്റെ പെങ്ങളുടെ വീട്ടില്‍ പോയിരിക്കുകയാണ്. അതുകൊണ്ട് കുഞ്ഞിനെ നോക്കാന്‍ ആരുമില്ല. കുരുത്തക്കേടിന്റെ കൂടാരമായതു കൊണ്ട് ഇവളെ നോക്കാന്‍ ബന്ധുക്കള്‍ക്ക് ആര്‍ക്കും ധൈര്യവുമില്ല. എന്താ ഒപ്പിക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ?
പെട്ടെന്ന് പോയി മുഖം കാണിച്ചിട്ട് തിരിച്ചു വരാം എന്ന നിബന്ധനയില്‍ ഇളയമ്മയുടെ അടുത്ത് അനൂനെയാക്കി ഞാന്‍ കുടുംബശ്രീക്ക് പോയി. സത്യത്തില്‍ അവളുടെ അടുത്തു നിന്ന് ഒരു മിനിറ്റ് പോലും മാറി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അംഗനവാടിയില്‍ പോകുമ്പോള്‍ കൂടെ കൊണ്ടുപോകാമെന്ന് വച്ചാല്‍ അതും സാധിക്കില്ല. കാരണം അവിടത്തെ കുട്ടികള്‍ എന്നോട് സ്‌നേഹത്തോടെ പെരുമാറുന്നതും മടിയില്‍ ഇരിക്കുന്നതുമൊന്നും ഇവള്‍ക്ക് ഇഷ്ടപ്പെടില്ല.
ഞാന്‍ കുറച്ച് സ്ട്രിക്ടാണെങ്കിലും കുട്ടികളോട് പരമാവധി സ്‌നേഹത്തോടെ ഇടപെടാറുമുണ്ട്. അതുകൊണ്ട് അവര്‍ക്ക് എന്നോട് ഒരേ സമയം പേടിയും വല്യ സ്‌നേഹവുമാണ്. ഞാന്‍ അവരെ കൊഞ്ചിക്കുന്നത് കാണുമ്പോള്‍ ഇവള്‍ക്ക് ദേഷ്യം വരും. അതുകൊണ്ട് അംഗനവാടിയില്‍ കൊണ്ടിരുത്തിയാല്‍ ഇല്ലാത്ത പുകിലുകള്‍ ഉണ്ടാകും. അത് പേടിച്ച് ആ പരിപാടിയും നിര്‍ത്തലാക്കി. അങ്ങനെ ഇവളെ വേറൊരു അംഗന്‍വാടിയില്‍ ആക്കിയിട്ടാണ് എന്റെ ജോലി സ്ഥലത്തേക്ക് പോയിരുന്നത്.
പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ കരിവളളൂരില്‍ ഒരു വീടെടുത്ത് താമസം മാറി. അത് രണ്ടു കുട്ടികള്‍ക്കും വലിയ ഷോക്കായി. അവരുടെ കൂട്ടുകാരും ഞങ്ങളുടെ ബന്ധുവീടുകളുമെല്ലാം തറവാടിന് തൊട്ടടുത്തായിരുന്നു. അവിടെ നിന്നും ഒരു സുപ്രഭാതത്തില്‍ പെട്ടെന്നൊരു പറിച്ചു നടീല്‍ കുട്ടികള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചതല്ല. അത് അവര്‍ക്ക് ഉള്‍ക്കൊളളാനേ കഴിഞ്ഞില്ല.
അവരെ നന്നായി കെയര്‍ ചെയ്തിരുന്നു ബന്ധുക്കളും കളിക്കൂട്ടുകാരുമെല്ലാം. അവരെ പെട്ടെന്ന് വിട്ടുപിരിഞ്ഞപ്പോള്‍ വല്ലാതെ ഒറ്റപ്പെട്ട ഫീല്‍ വന്നു കുട്ടികള്‍ക്ക്.
പക്ഷേ ചില പറിച്ചുനടലുകള്‍ അനിവാര്യമാണല്ലോ? എന്തൊക്കെ എതിര്‍കാരണങ്ങളുണ്ടെങ്കിലും അത് നമുക്ക് ഒഴിവാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കാലാന്തരത്തില്‍ കുട്ടികളും ആ യാഥാര്‍ത്ഥ്യത്തോട് പതിയെ പൊരുത്തപ്പെട്ട് തുടങ്ങി.

പക്ഷേ പുതിയ വീട്ടില്‍ വന്ന ശേഷം കുട്ടികള്‍ അയല്‍വീടുകളില്‍ പോവുകയോ ആരോടും അടുക്കുകയോ ചെയ്തില്ല. ആ പറിച്ചുമാറ്റം അവരെ എത്രത്തോളം വേദനിപ്പിച്ചിരിക്കുന്നുവെന്ന് എനിക്ക് ബോധ്യമായി. പക്ഷെ ആ സമയത്ത് തറവാട്ടില്‍ നിന്നും മാറി താമസിക്കാതിരിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഈ കൂടുമാറ്റം ഏറ്റവും കൂടുതല്‍ നോവിച്ചത് അനുവിനെയാണെന്നും തോന്നി. അച്ചു ഒരു പരിധി വരെ അതില്‍ നിന്നും കരകയറിയെങ്കിലും അനുവിന് അത്ര പെട്ടെന്ന് ആ വിഷമഘട്ടം മറികടക്കാന്‍ കഴിഞ്ഞില്ല.
‘എന്തിനാ ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നേ?’ എന്ന് അവള്‍ കൂടെക്കൂടെ ചോദിക്കുമായിരുന്നു. ഏട്ടന്റെ വീടും ആ നാടും നാട്ടുകാരും എനിക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. ജനിച്ചു വളര്‍ന്ന നാടിനേക്കാള്‍ പ്രിയപ്പെട്ടതായിരുന്നു ആ ദേശം. ആലക്കാട് എന്നാണ് ആ നാടിന്റെ പേര്. അവിടത്തെ ആള്‍ക്കാരൊക്കെ ഒരുപാട് നന്മയുളള ഹൃദയത്തിന്റെ ഉടമകളായിരുന്നു. വല്ലാത്ത ഒരു തരം സ്‌നേഹമുളള മനുഷ്യരായിരുന്നു. നമുക്ക് വലിയ ആത്മബന്ധം തോന്നിപ്പോകും. എന്നെയും കുട്ടികളെയും അവര്‍ക്കൊക്കെ വലിയ ഇഷ്ടമായിരുന്നു. എന്ത് ബുദ്ധിമുട്ടുകള്‍ നേരിട്ടാലും അവരൊക്കെ കൂടെയുണ്ടായിരുന്നു.
കുട്ടികളെയൊക്കെ ഏത് സമയത്തും വിശ്വസിച്ച് ഏല്‍പ്പിക്കാമായിരുന്നു. അവര്‍ സ്വന്തം കുട്ടികളേക്കാള്‍ കാര്യമായി നോക്കും. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികളെ നമ്മള്‍ കൂടുതല്‍ ജാഗ്രതയോടെ പരിപാലിക്കണമല്ലോ? പുതിയ വീടും അന്തരീക്ഷവുമായി കുട്ടികളെ പോലെ തന്നെ എനിക്കും അത്ര പെട്ടെന്ന് പൊരുത്തപ്പെടാനായില്ല. രണ്ടുവര്‍ഷത്തോളം ആ മാനസിക ബുദ്ധിമുട്ട് തുടര്‍ന്നു. വാഹനസൗകര്യമൊക്കെ കുറവായിരുന്നു ആ നാട്ടില്‍.

കുട്ടികളെ അവിടെ അടുത്തുളള സ്‌കൂളില്‍ ചേര്‍ത്തു. കാലത്ത് ജോലിക്ക് പോകും മുന്‍പ് കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കും. വൈകിട്ട് തിരിച്ചു വരുമ്പോള്‍ കുട്ടികളെയും കുടെക്കൂട്ടും.
അവധി ദിവസങ്ങളും വൈകുന്നേരങ്ങളും ശോകമൂകമായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തെ ആളുകള്‍ അയല്‍ക്കാരുമായൊന്നും വലിയ അടുപ്പം സ്ഥാപിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കളിക്കാന്‍ പോലും കുട്ടികളെ കൂടെക്കൂട്ടുമായിരുന്നില്ല. അച്ഛൻ വീട്ടിലെ ബന്ധുക്കളെ പിരിഞ്ഞതിന്റെ വിഷമം ഒരു വശത്ത്. മറുവശത്ത് ഈ നാട്ടുകാരുടെ സമീപനം കൂടിയായപ്പോള്‍ അനുവിന് ആകെ വിഷമമായി. വല്ലാത്ത ഒറ്റപ്പെടല്‍ പോലെ…
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ അവസ്ഥയ്ക്ക് കാര്യമായ മാറ്റം വന്നില്ല. അനു ഏഴാം ക്ലാസിലെത്തിയപ്പോള്‍ അച്ചു പ്ലസ് വണ്ണിലായി. അവള്‍ക്ക് ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുണ്ടാവും. അതോടെ അനുവിന് ആരും കൂട്ടില്ലാതെ ആകെ ഏകാന്തതയായി. ആ സമയത്ത് നാട്ടിലെ ഒഴിഞ്ഞ വീടുകളൊക്കെ പണിക്ക് വരുന്ന ബംഗാളികള്‍ക്ക് വാടകയ്ക്ക് കൊടുക്കും. അവരെ ഞങ്ങള്‍ക്ക് ഭയങ്കര പേടിയാണ്. ഞങ്ങളുടെ തൊട്ടടുത്ത് ഒരു വീട്ടിലും ഇക്കൂട്ടര്‍ വന്ന് താമസം തുടങ്ങി. ശനിയാഴ്ച ദിവസങ്ങളില്‍ വീട്ടില്‍ കുഞ്ഞിനെ ഒറ്റയ്ക്കാക്കിയിട്ട് ജോലിക്ക് പോകാന്‍ എനിക്ക് പേടിയായി. ചില ദിവസങ്ങളില്‍ ജോലിക്ക് പോകാതെ പറ്റില്ല. ഗത്യന്തരമില്ലാതെ ഞാന്‍ വീട് പുറത്തു നിന്ന് ലോക്ക് ചെയ്തിട്ട് പോകും. ഇതെല്ലാം കൂടി ചേര്‍ന്ന് കുഞ്ഞിന് വല്ലാത്ത മാനസിക വിഷമമായി. പക്ഷേ മുന്നില്‍ മറ്റൊരു പോംവഴിയില്ല. ആ സമയത്താണ് ദൈവത്തിന്റെ കരസ്പര്‍ശം പോലെ ജീവിതം ഒരു ഗതിമാറ്റത്തിനായി തയാറെടുക്കുന്നത്.
തുടരും


Source link

Related Articles

Back to top button