ബിഹാർ: ആർജെഡി 26 സീറ്റിൽ; കോൺഗ്രസിന് രോഷം

പട്ന ∙ ബിഹാറിൽ ഇന്ത്യാസഖ്യത്തിന്റെ ലോക്സഭാ സീറ്റു വിഭജനത്തിൽ ആർജെഡി കൂടുതൽ പിടിച്ചടക്കി. ആകെയുള്ള 40 സീറ്റുകളിൽ 26 എണ്ണവും ആർജെഡിക്കാണ്. കോൺഗ്രസ് 9, സിപിഐ (എംഎൽ) 3, സിപിഐ 1, സിപിഎം 1 എന്നിങ്ങനെയാണ് മറ്റു കക്ഷികൾക്ക് ലഭിച്ചത്.
സീറ്റു വിഭജനത്തിനു പിന്നാലെ കോൺഗ്രസിലെ അതൃപ്തി പുറത്തായി. കോൺഗ്രസ് നേതൃത്വം കനയ്യ കുമാർ, പപ്പു യാദവ് എന്നിവർക്കായി കണ്ടുവച്ച സീറ്റുകൾ ലഭിക്കാത്തതാണ് പ്രധാന കാരണം. കനയ്യ കുമാറിനു സ്വാധീനമുള്ള ബേഗുസരായി മണ്ഡലം സിപിഐക്കാണ്. പപ്പു യാദവിനു ജയസാധ്യതയുള്ള പുർണിയ, മധേപുര, സുപോൽ മണ്ഡലങ്ങൾ ആർജെഡി കയ്യടക്കി.
പുർണിയയിൽ 4ന് പത്രിക നൽകുമെന്ന് പപ്പു യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. പൂർണിയ കോൺഗ്രസ് നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായി പപ്പു യാദവ് പറഞ്ഞു. അവിടെ നിന്ന് 3 തവണയും മധേപുരയിൽ നിന്ന് 2 തവണയും പപ്പു ജയിച്ചിട്ടുണ്ട്.
കോൺഗ്രസ് ഇവിടെ
കേരള മുൻ ഗവർണർ നിഖിൽ കുമാറിന് വേണ്ടി കോൺഗ്രസ് ഔറംഗാബാദ് മണ്ഡലം ആവശ്യപ്പെട്ടിരുന്നു. അതും കിട്ടിയില്ല. കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തിയെന്നാണ് നേതാക്കളുടെ പരാതി. ജാർഖണ്ഡിൽ 2 സീറ്റ് ആർജെഡിക്ക് നൽകാൻ കോൺഗ്രസ് സമ്മതിച്ചതോടെയാണ് മുന്നണിയിലെ സീറ്റുവിഭജനം പൂർത്തിയാക്കാൻ കഴിഞ്ഞത്.
കോൺഗ്രസിനു ലഭിച്ച മണ്ഡലങ്ങൾ: കിഷൻഗഞ്ച്, കതിഹാർ, ഭാഗൽപുർ, മുസഫർപുർ, സമസ്തിപുർ, പശ്ചിം ചമ്പാരൻ, പട്ന സാഹിബ്, സസാറാം, മഹാരാജ് ഗഞ്ച്. സിപിഎമ്മിന് നൽകിയിട്ടുള്ളത് ഖഗാരിയ മണ്ഡലം ആണ്. നാളന്ദ, അർഹ, കാരാകാട്ട് മണ്ഡലങ്ങളിലാണ് സിപിഐ (എംഎൽ) മത്സരിക്കുന്നത്.
ചിരാഗ് പാസ്വാൻ ഹാജിപ്പുരിൽ
പട്ന ∙ റാംവിലാസ് പാസ്വാൻ പലതവണ ജയിച്ച ഹാജിപ്പുർ മണ്ഡലത്തിൽ മകൻ ചിരാഗ് പാസ്വാൻ മത്സരിക്കും. എൽജെപി (റാം വിലാസ്) ക്ക് എൻഡിഎ സഖ്യത്തിൽ 5 സീറ്റാണ് നൽകിയത്. ഈ സീറ്റിനു വേണ്ടി ചിരാഗും ഇളയച്ഛനും ആർഎൽജെപി അധ്യക്ഷനുമായ പശുപതി കുമാർ പാരസും തമ്മിൽ തർക്കമുണ്ടായിരുന്നു. നിലവിൽ പാരസ് ആണ് ഇവിടെ നിന്നുള്ള എംപി. ഇതിനിടെ, പാരസ് എൻഡിഎയിൽ തുടരുമെന്ന് പ്രഖ്യാപിച്ചു. സീറ്റുവിഭജനത്തിൽ തഴഞ്ഞതിനെ തുടർന്ന് അദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
Source link