ഫ്രാങ്ക്ഫർട്ട്: ബെനഡിക്ടൈൻ സന്യാസസഭയുടെ മുൻ ആബട്ട് പ്രൈമറ്റും സംഗീതജ്ഞനും എഴുത്തുകാരനുമായിരുന്ന റവ. ഡോ. നോട്കർ വുൾഫ് അന്തരിച്ചു. റോമിൽ തീർഥാടനം നടത്തി ബവേറിയയിലെ സെന്റ് ഒട്ടിലിയൻ ആശ്രമത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു എൺപത്തിമൂന്നുകാരനായ ഡോ. നോട്കറുടെ അന്ത്യം. സംസ്കാരം ശനിയാഴ്ച സെന്റ് ഒട്ടിലിയനിൽ നടക്കും. റവ. ഡോ. നോട്കർ സഭയുടെ ആബട്ടായി 2000 മുതൽ 2016 വരെ പ്രവർത്തിച്ചു. 1940 ജൂൺ 21ന് ജർമനിയിലെ ആൾഗോയിയിൽ തുന്നൽക്കാരന്റെ മകനായി ജനിച്ച നോട്കർ മികച്ച വാഗ്മിയും ഗ്രന്ഥകാരനും സംഗീതജ്ഞനുമായിരുന്നു.
ലോകമെങ്ങുമുള്ള ബെനഡിക്ടൈൻ ആശ്രമങ്ങളെ സംയോജിപ്പിച്ചുകൊണ്ട് 1886ൽ ലെയോ 13-ാമൻ മാർപാപ്പയാണ് ആബട്ട് പ്രൈമറ്റ് എന്ന പദവി സ്ഥാപിച്ചത്. 2000ൽ 260 ബെനഡിക്ടൈൻ ആബട്ടുമാർ ചേർന്ന് ഒന്‍പതാമത്തെ ആബട്ട് പ്രൈമറ്റായി ഡോ. വുൾഫിനെ തെരഞ്ഞെടുത്തു. റോമിലെ സെന്റ് ആൻസലം യൂണിവേഴ്സിറ്റിയുടെ ഗ്രാൻഡ് ചാൻസലറുമായിരുന്നു. വിവിധ രാജ്യങ്ങളിൽ ബെനഡിക്ടൈൻ ആശ്രമങ്ങൾ സ്ഥാപിക്കുന്നതിനും പ്രേഷിതപ്രവർത്തനങ്ങളിലൂടെ സാധാരണക്കാർക്കു വികസനനേട്ടങ്ങൾ എത്തിക്കുന്നതിനും സെന്റ് ഒട്ടിലിയനിൽ ആബട്ടായിരുന്നപ്പോൾ അദ്ദേഹം നേതൃത്വം നൽകി.
Source link