ബെംഗളൂരു ∙ കർണാടകയിൽ 25 സിറ്റിങ് എംപിമാരിൽ 15 പേർക്ക് സീറ്റ് നിഷേധിച്ചതോടെ ബിജെപിയിൽ കലാപം. നാലിടത്ത് മുതിർന്ന നേതാക്കൾ വിമതരായി മത്സരിക്കുമെന്ന് ഭീഷണിയുയർത്തുമ്പോൾ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കെതിരെ രംഗത്തുള്ളത് മേഖലയിലെ ലിംഗായത്ത് മഠാധിപതിമാരാണ്.
മകന് ഹാവേരി സീറ്റ് നൽകാത്തതിന്റെ പേരിൽ മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ ഇടഞ്ഞു. മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ മകൻ രാഘവേന്ദ്ര എംപിക്കെതിരെ ശിവമൊഗ്ഗയിൽ മത്സരിക്കാൻ 25,000 അണികളുടെ അകമ്പടിയോടെ പത്രിക സമർപ്പിക്കുമെന്നാണു പ്രഖ്യാപനം.
ബിജെപി ദേശീയ പാർലമെന്ററി ബോർഡ് അംഗമായ യെഡിയൂരപ്പയാണ് സീറ്റ് നിഷേധിച്ചതെന്നും ആരോപിക്കുന്നു.സ്വതന്ത്രയായി മത്സരിക്കുന്നതു സംബന്ധിച്ച് 3ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് മണ്ഡ്യ എംപി സുമലത അറിയിച്ചു.
ഇത്തവണ സീറ്റ് ബിജെപി നേതൃത്വം സഖ്യകക്ഷിയായ ജനതാദൾ എസിനാണ് നൽകിയത്. സുമലതയെ അനുനയിപ്പിക്കാൻ രാജ്യസഭാ സീറ്റ് അടക്കമുള്ള പദവികളേതെങ്കിലും ബിജെപി നൽകിയേക്കുമെന്നും സൂചനയുണ്ട്.
സിറ്റിങ് എംപിമാരായ പ്രതാപ് സിംഹ (മൈസൂരു), സദാനന്ദ ഗൗഡ (ബെംഗളൂരു നോർത്ത്), ആനന്ദ്കുമാർ ഹെഗ്ഡേ (ഉത്തര കന്നഡ) എന്നിവരും അതൃപ്തി പരസ്യമാക്കിയെങ്കിലും അനുനയ ശ്രമങ്ങളിലാണ് നേതൃത്വം.
തർക്കം ഇവിടെ
∙ ചിത്രദുർഗ (മുൻ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന്റെ സ്ഥാനാർഥിത്വം 5 ദിവസത്തിനകം പിൻവലിക്കണമെന്ന് ഹൊലാൽക്കെരെ എംഎൽഎ എം.ചന്ദ്രപ്പയുടെ അന്ത്യശാസനം. ഇല്ലെങ്കിൽ മകൻ എം.സി.രഘുനാഥിനെ സ്വതന്ത്രനായി രംഗത്തിറക്കുമെന്ന് മുന്നറിയിപ്പ്)
∙ ദാവനഗെരെ (സിറ്റിങ് എംപി സിദ്ധേശ്വരയുടെ ഭാര്യ ഗായത്രിയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് മുൻ മന്ത്രി എസ്.എ.രവീന്ദ്രനാഥ് സ്വതന്ത്രനായി രംഗത്ത്)
റായ്ച്ചൂർ (വിമതനായി മുൻ എംപി ബി.വി. നായിക് മത്സരരംഗത്ത്)
ധാർവാഡ് (അഞ്ചാം തവണ മത്സരത്തിനിറങ്ങുന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയെ മാറ്റില്ലെന്ന് ലിംഗായത്ത് മഠാധിപതികളോട് ബിജെപി. സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുന്നതടക്കമുള്ള നടപടികൾ തീരുമാനിക്കാൻ ഏപ്രിൽ 2ന് നാൽപതിലധികം മഠാധിപതികളുടെ യോഗം)
തേജസ്വിനി ഗൗഡ കോൺഗ്രസിൽ
ബെംഗളൂരു∙മുൻ എംപി തേജസ്വിനി ഗൗഡ ബിജെപി വിട്ട് കോൺഗ്രസിലേക്കു മടങ്ങി. ഡൽഹിയിലെ കോൺഗ്രസ് ഓഫിസിൽ നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി ജയറാം രമേശ് സ്വീകരിച്ചു. മൈസൂരു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തേജസ്വിനി കഴിഞ്ഞ ദിവസം എംഎൽസി സ്ഥാനം രാജിവച്ചിരുന്നു.
മുൻ മാധ്യമപ്രവർത്തക കൂടിയായ തേജസ്വിനി 2004 ൽ കനക്പുര ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയെ പരാജയപ്പെടുത്തി. എന്നാൽ, 2014ൽ ബിജെപിയിൽ ചേർന്നു. 2018 ൽ ബിജെപി ടിക്കറ്റിൽ എംഎൽസിയായി.
അതേസമയം, മന്ത്രി ശിവാനന്ദ പാട്ടീലിന്റെ മകൾ സംയുക്ത പാട്ടീലിനെ ബാഗൽക്കോട്ട് സ്ഥാനാർഥിയാക്കിയതിൽ കടുത്ത എതിർപ്പ്. വിജയാനന്ദ് കാശപ്പനവർ എംഎൽഎയുടെ ഭാര്യ വീണ കാശപ്പനവർ സ്വതന്ത്രയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. അനുനയനീക്കം ഫലിച്ചിട്ടില്ല. കോലാറിലും വിമത നീക്കമുണ്ടാകുമോയെന്നു കോൺഗ്രസിന് ആശങ്കയുണ്ട്.
Source link