കുവൈറ്റ് സിറ്റിയിൽനിന്ന് ജോർജ് കള്ളിവയലിൽ കുവൈറ്റിൽ ഇന്ന് ദേശീയ അസംബ്ലി (പാർലമെന്റ്) തെരഞ്ഞെടുപ്പ് നടക്കും. രാഷ്ട്രീയ അസ്ഥിരത പതിവായ രാജ്യത്ത് നാലു വർഷത്തിനിടെ നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണിത്. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്നു രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പോളിംഗിനായി 123 സ്കൂളുകളിൽ ശരാശരി നാലു ബൂത്തുകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ അസംബ്ലിയിലെ 50 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞതവണ 50ൽ 29 സീറ്റുകളിലും പ്രതിപക്ഷത്തിനായിരുന്നു ജയം. പ്രതിപക്ഷത്തെ ജനൻ ബുഷേഹ്റിയാണ് 2023ൽ ജയിച്ച ഏക വനിത. ദേശീയ അസംബ്ലിയിലെ 15 അംഗങ്ങളെ അമീർ നാമനിർദേശം ചെയ്യും. വനിതകളടക്കം 21 വയസ് തികഞ്ഞ കുവൈറ്റികൾക്കെല്ലാം വോട്ടവകാശമുണ്ട്. ആറര ലക്ഷത്തോളം വരുന്ന മലയാളികളടക്കം വിദേശ പൗരന്മാർക്കു വോട്ടവകാശമില്ലാത്തതിനാൽ പ്രവാസികൾക്കു തെരഞ്ഞെടുപ്പിൽ വലിയ താത്പര്യമില്ല. എന്നാൽ കുവൈറ്റിന്റെ സാന്പത്തികവളർച്ചയും വികസനവും ഉറപ്പാക്കേണ്ട സർക്കാരും അസംബ്ലിയും വരേണ്ടതു പ്രവാസികളെക്കൂടെ ആവശ്യമാണെന്ന് മലയാളികളായ കെ.ജി. അലക്സാണ്ടർ, വിജയൻ നായർ, സിദ്ദീഖ് വലിയകത്ത്, അനൂപ് ജോണ് പുളിക്കിയിൽ, സുബിൻ അറയ്ക്കൽ, നിക്സണ് ജോർജ് തുടങ്ങിയവർ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾക്ക് ഔദ്യോഗിക അംഗീകാരമില്ലാത്തതിനാൽ സ്വതന്ത്രരായാണു സ്ഥാനാർഥികൾ മത്സരിക്കുന്നത്. മന്ത്രിസഭയ്ക്കെതിരേ നിരവധി അവിശ്വാസപ്രമേയങ്ങൾ കൊണ്ടുവരികയും സഭയിൽ ബഹളവും സ്തംഭനവും പതിവാകുകയും ചെയ്തതിനെത്തുടർന്ന് കുവൈറ്റ് രാജാവായ അമീർ ദേശീയ അസംബ്ലി പിരിച്ചുവിടുകയായിരുന്നു. കുവൈറ്റിനെ ഏറെക്കാലം നയിച്ച നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സാബായുടെ വിയോഗത്തെത്തുടർന്ന് കിരീടാവകാശിയായിരുന്ന ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാ കഴിഞ്ഞ ഡിസംബറിൽ പുതിയ അമീറായി ചുമതലയേറ്റിരുന്നു.
Source link