സന്നദ്ധ പ്രവർത്തകരുടെ മരണം: ഇസ്രയേലിനെതിരേ സഖ്യ കക്ഷികൾ

വാഷിംഗ്ടൺ ഡിസി: വേൾഡ് സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രയേലിനെതിരേ പ്രതിഷേധം ശക്തമാകുന്നു. അടുത്ത സുഹൃത്തുക്കളായ യുഎസും ബ്രിട്ടനും നിശിത ഭാഷയിലാണു സംഭവത്തെ അപലപിച്ചത്. ഹൃദയഭേദകമായ സംഭവത്തിൽ താൻ അത്യധികം ക്ഷോഭിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഗാസയിലെ സന്നദ്ധപ്രവർത്തകരുടെ സംരക്ഷണത്തിനു വേണ്ടത് ഇസ്രയേൽ ചെയ്യുന്നില്ലെന്നും ബൈഡൻ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണം. അന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്തണം. പലസ്തീൻ ജനതയുടെ സംരക്ഷണത്തിനും ഇസ്രയേൽ വേണ്ടതു ചെയ്യുന്നില്ലെന്നും ബൈഡൻ പറഞ്ഞു. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവുമായി സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് സംഭവത്തിൽ ഭയം പ്രകടിപ്പിച്ചു. ഗാസയിലെ സ്ഥിതിവിശേഷം സഹിക്കാവുന്നതിനപ്പുറമായി മാറുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
12 വർഷത്തിനിടെ ആദ്യമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഇസ്രേലി അംബാസഡറെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഒട്ടും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണ് നടന്നിരിക്കുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും പറഞ്ഞു. ഗാസയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനു നേതൃത്വം നല്കുന്ന വേൾഡ് സെൻട്രൽ കിച്ചണിന്റെ പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിനു നേർക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. കപ്പലിലെത്തിച്ച സഹായവസ്തുക്കൾ ഗോഡൗണിൽ ഇറക്കി തിരിച്ചുപോകുന്പോഴാണ് ആക്രമണം നേരിട്ടത്.
Source link