തെലങ്കാന: ബിആർഎസ് കടപുഴകുമോ? സ്ഥാനാർഥി മറുകണ്ടം ചാടി, ബിആർഎസിന് പ്രതിസന്ധി

തെലങ്കാന: ബിആർഎസ് കടപുഴകുമോ?; സ്ഥാനാർഥി മറുകണ്ടം ചാടി, ബിആർഎസിന് പ്രതിസന്ധി – Crisis for Bharat Rashtra Samithi in Telangana | Malayalam News, India News | Manorama Online | Manorama News

തെലങ്കാന: ബിആർഎസ് കടപുഴകുമോ? സ്ഥാനാർഥി മറുകണ്ടം ചാടി, ബിആർഎസിന് പ്രതിസന്ധി

മനോരമ ലേഖകൻ

Published: April 01 , 2024 03:41 AM IST

Updated: April 01, 2024 04:44 AM IST

1 minute Read

കോൺഗ്രസിൽ പോയത് വാറങ്കൽ സ്ഥാനാർഥി കദിയം കാവ്യ

1) കദിയം കാവ്യ 2) കദിയം ശ്രീഹരി

ഹൈദരാബാദ്∙ തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ ബലത്തിൽ 2 തവണ ഭരണം നടത്തിയ ബിആർഎസ് നിലനിൽപുഭീഷണിയിൽ. ബിആർഎസിൽനിന്നുള്ള നേതാക്കളുടെ ഒഴുക്കുതടയാൻ പാർട്ടിക്കുസാധിക്കുന്നില്ല. 23 വർഷം പ്രായമായ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ കടപുഴകുമെന്ന ഭയത്തിലാണ്.
മുൻ ഉപമുഖ്യമന്ത്രിയും എംഎൽഎയുമായ കദിയം ശ്രീഹരിയാണ് ഏറ്റവും ഒടുവിൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. അദ്ദേഹത്തിന്റെ മകളും വാറങ്കലിൽ ബിആർഎസ് പ്രഖ്യാപിച്ച സ്ഥാനാർഥിയുമായ കദിയം കാവ്യയും പാർട്ടിവിട്ടു. 

സിറ്റിങ് എംപിയായ പസനൂരി ദയാകറിന് സീറ്റ് നിഷേധിച്ച ശേഷമാണ് കാവ്യയ്ക്കു വാറങ്കൽ കൊടുത്തത്. ദയാകർ അപ്പോൾ തന്നെ കോൺഗ്രസിൽ ചേർന്നിരുന്നു. ആന്ധ്രപ്രദേശിലെ ചന്ദ്രബാബു നായിഡു സർക്കാരിലെ പ്രധാനപ്പെട്ട മന്ത്രിയായിരുന്നു കദിയം ശ്രീഹരി. ഹൈദരാബാദ് കോർപറേഷൻ മേയർ വിജയലക്ഷ്മി ആർ.ഗഡ്​വാളും പാർട്ടി വിട്ടു. വിജയലക്ഷ്മിയുടെ പിതാവും ബിആർഎസ് രാജ്യസഭാംഗവും പാർട്ടി സെക്രട്ടറി ജനറലുമായ കെ. കേശവറാവുവും പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു.  ആന്ധ്രപ്രദേശിലെ പിസിസി പ്രസിഡന്റായിരുന്ന കേശവറാവു 2013ൽ  ആണ് ബിആർഎസിൽ ചേർന്നത്. ഇരുവരും കോൺഗ്രസിലേക്കാണു പോകുന്നത്. 
ഡിസംബർ 7ന് അധികാരമേറ്റശേഷം മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നാണ് പ്രഖ്യാപിച്ചത്.  പിന്നീടൊരു കുത്തൊഴുക്കായിരുന്നു. സിറ്റിങ് എംപിമാരായ ബി. വെങ്കടേശ് നേത, ബി. ബി. പാട്ടീൽ, പി.രാമുലു, ജി.രഞ്ജിത് റെഡ്ഡി എന്നിവരടക്കമുള്ളവർ പാർട്ടിവിട്ടു. ഇവരിൽ 3 പേരെ കോൺഗ്രസ് ഇത്തവണ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നു. കൂറുമാറിയെത്തിയ 7 പേർക്കാണ് ബിജെപി ഇത്തവണ ടിക്കറ്റ് നൽകിയത്. 

ഫലത്തിൽ സംസ്ഥാനത്ത് കോൺഗ്രസ്– ബിജെപി ഏറ്റുമുട്ടലാണ് നടക്കുന്നത്. കഴിഞ്ഞതവണ ബിആർഎസ് 9 , ബിജെപി 4, കോൺഗ്രസ് 3 എന്നിങ്ങനെയായിരുന്നു വിജയിച്ചത്. ഇത്തവണ സംസ്ഥാനത്തെ 17 സീറ്റിൽ 14 എണ്ണം നേടുമെന്നാണ് രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിട്ടുള്ളത്. 
കാഴ്ചക്കാരനായി ചന്ദ്രശേഖര റാവു∙തെലങ്കാന രൂപീകരിക്കുന്ന സമയത്ത് കോൺഗ്രസും ടിഡിപിയും നേരിട്ട പ്രതിസന്ധി ഇപ്പോൾ നേരിടുന്നത് ബിആർഎസ് ആണ്. ഇരുപാർട്ടികളിൽ നിന്നുമുള്ള നേതാക്കളെ കുത്തിനിറച്ചാണ് ടിആർഎസ് (പിന്നീട് ബിആർഎസ്) രൂപീകരിച്ച് കെ. ചന്ദ്രശേഖരറാവു ശക്തനായത്.

ഇപ്പോൾ അവരെല്ലാം മടങ്ങിപ്പോകുമ്പോൾ ചന്ദ്രശേഖരറാവുവിന് കാഴ്ചക്കാരനായി നിൽക്കേണ്ട ഗതികേടാണ്. തെലങ്കാന രൂപീകരണത്തിനു പിന്നാലെ 2014ൽ നേതാക്കളെല്ലാം കൂട്ടത്തോടെ ചന്ദ്രശേഖര റാവുവിനൊപ്പം പോയതോടെ ടിഡിപി പാർട്ടി തന്നെ ഇല്ലാതായി. ഇവരാണ് ഇപ്പോൾ കോൺഗ്രസിലേക്ക് എത്തുന്നത്. 

English Summary:
Crisis for Bharat Rashtra Samithi in Telangana

40oksopiu7f7i7uq42v99dodk2-2024-04 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list 6anghk02mm1j22f2n7qqlnnbk8-2024-04-01 40oksopiu7f7i7uq42v99dodk2-2024-04-01 mo-politics-elections-loksabhaelections2024 mo-politics-parties-brs 6fgu0v0qo1kglamef07dgu609m mo-politics-parties-bjp mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version